സാമൂഹ്യപ്രവർത്തനത്തിൽ സമ്പന്നമായ സമർപ്പിതജീവിതം

സാമൂഹ്യപ്രവർത്തനത്തിൽ സമ്പന്നമായ സമർപ്പിതജീവിതം

സിജോ പൈനാടത്ത്

രക്തസാക്ഷിത്വത്തിന്‍റെ മഹിതപുണ്യവുമായി വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കു സിസ്റ്റര്‍ റാണി മരിയ ഉയര്‍ത്തപ്പെടുമ്പോള്‍ ഭാരതസഭയുടെ ആനന്ദം അവര്‍ണനീയം. പതിറ്റാണ്ടുകളായി പ്രേഷിതപ്രവര്‍ത്തനം ഹൃദയത്തിലേറ്റുന്ന സീറോ മലബാര്‍ സഭയ്ക്ക് തന്‍റെ പ്രിയമകളുടെ ദീപ്തസ്മൃതികളില്‍ അഭിമാനം. സഭയുടെ പ്രേഷിതതീക്ഷ്ണതയ്ക്കു ദൈവം കുറിക്കുന്ന മറ്റൊരു കൈയൊപ്പാവുന്നു വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയ.

പ്രാര്‍ഥനയുടെയും സുവിശേഷവത്കരണത്തിന്‍റെയും ലാവണ്യം ഹൃദയത്തിലേറ്റുമ്പോഴും സാമൂഹ്യപ്രവര്‍ത്തനങ്ങളിലൂടെ സുകൃതസമ്പന്നമായ സമര്‍പ്പിതജീവിതമാണു സിസ്റ്റര്‍ റാണി മരിയയില്‍ വായിച്ചെടുക്കാനാവുക. 1974-ലെ മേയ്ദിനത്തില്‍ അങ്കമാലിയില്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയില്‍ നിന്നു സഭാവസ്ത്രം സ്വീകരിച്ച സിസ്റ്റര്‍ റാണി മരിയയുടെ മനസ്സ് മിഷന്‍ മേഖലകളില്‍ സാമൂഹ്യപ്രവര്‍ത്തനം നടത്തുകയെന്ന സ്വപ്നത്തിനൊപ്പമായിരുന്നു. ഒന്നുമില്ലാത്തവര്‍ക്കൊപ്പം എന്നുമായിരിക്കാനുള്ള തീക്ഷ്ണതയായിരുന്നു ആ സ്വപ്നത്തിന്‍റെ ഉള്ളടക്കം. ഉള്ളവരുടെ ചൂഷണത്തിനിരകളാകുന്ന ഇല്ലാത്തവരുടെ പക്ഷം ചേരാന്‍, അവരുടെ ശബ്ദം ചോര്‍ന്നുപോകുന്നിടങ്ങളില്‍ അവര്‍ക്കുവേണ്ടി സംഗീതമാകാന്‍, അനീതിയുടെ ഇരുട്ടില്‍ നീതിയുടെ വെട്ടമാകാന്‍…! തന്‍റെ സമര്‍പ്പിതജീവിതത്തിന്‍റെ കരങ്ങളെത്തേണ്ട ഇടങ്ങളെക്കുറിച്ചു സിസ്റ്റര്‍ റാണി മരിയയ്ക്കു വ്യക്തമായ ദര്‍ശനമുണ്ടായിരുന്നു.' ഞാന്‍ ഒന്നുമല്ല, എനിക്ക് ഒന്നുമില്ല, ഈ ലോകത്തിലുള്ളതൊന്നും എനിക്കു വേണ്ട എന്ന മനോഭാവത്തില്‍ ഒരുവന്‍ എത്തിച്ചേരുമ്പോള്‍ എനിക്കു ദൈവത്തെ വേണം, ദൈവത്തെ മാത്രം മതി എന്ന മനോഭാവത്തിലേക്ക് ഒരാള്‍ ഉയരും'. ദാരിദ്ര്യത്തെക്കുറിച്ചുള്ള വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ ദര്‍ശനം തന്നെ ഏറെ സ്വാധീനിച്ചതായി ഡയറിക്കുറിപ്പുകളില്‍ സിസ്റ്റര്‍ റാണി മരിയ കുറിക്കുന്നുണ്ട് (സെപ്റ്റംബര്‍ 25, 1983).

ബിജ്നോറിന്‍റെ മണ്ണില്‍
ഉത്തരേന്ത്യയില്‍ സീറോ-മലബാര്‍ സഭയുടെ മിഷന്‍പ്രവര്‍ത്തനങ്ങളിലൂടെ വെട്ടിയൊരുക്കപ്പെട്ട മണ്ണാണ് ഉത്തര്‍പ്രദേശിലെ (ഇന്നത്തെ ഉത്തരാഞ്ചല്‍) ബിജ്നോറിന്‍റേത്. പ്രേഷിതമനസ്സുമായി സിസ്റ്റര്‍ റാണി മരിയ ആദ്യമെത്തുന്നതും ബിജ്നോറിന്‍റെ മണ്ണിലേക്കായിരുന്നു. സഭാവസ്ത്രസ്വീകരണത്തിനു ശേഷം ബിഷപ് മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍റെ ക്ഷണപ്രകാരമാണു ബിജ്നോറില്‍ സാമൂഹിക സേവനത്തിനായി സി. റാണി മരിയ നിയോഗിക്കപ്പെടുന്നത്. 1975-ല്‍ പാറ്റ്നയില്‍ സാമൂഹ്യസേവന പരിശീലന പരിപാടിയില്‍ പങ്കെടുക്കാനുള്ള യാത്രയും ബിജ്നോറിലെ ശുശ്രൂഷകള്‍ക്കുള്ള ഒരുക്കമായിരുന്നു.

1976-ല്‍ ബിജ്നോറിലേക്കെത്തുമ്പോള്‍ ആദ്യം കാത്തിരുന്നത് അധ്യാപികയാകാനുള്ള നിയോഗമായിരുന്നു. ഹിന്ദി മീഡിയം സ്കൂളിലായിരുന്നു അധ്യാപനശുശ്രൂഷ. പതിവു ക്ലാസുകള്‍ക്കുശേഷം ഇവിടുത്തെ കുട്ടികള്‍ക്കു വൈകുന്നേരങ്ങളില്‍ പ്രത്യേകമായി ഇംഗ്ലീഷ് ക്ലാസുകള്‍ നല്‍കാന്‍ സിസ്റ്റര്‍ റാണി മരിയ നേതൃത്വമെടുത്തു. സഹപ്രവര്‍ത്തകയായ സിസ്റ്റര്‍ റോസിലിയും ഈ ശുശ്രൂഷയില്‍ ഒപ്പം ചേര്‍ന്നു. സ്കൂളുകളിലെത്താത്ത കുട്ടികളെയും ഗ്രാമങ്ങളിലേക്കിറങ്ങിച്ചെന്നു കണ്ടെത്തി അവര്‍ക്കു നല്ല കൂട്ടുകാരായി.

പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങളോടു കുട്ടികള്‍ക്കു വലിയ ആഭിമുഖ്യമുണ്ടായി. ഇതു സമര്‍പ്പിതരെക്കുറിച്ചും മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള ആദരവു കൂട്ടാന്‍ ആ കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സഹായകമായിട്ടുണ്ട്. ഗ്രാമവാസികളായ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ഇരു സന്യാസിനികളും ചേര്‍ന്നു നടത്തുന്ന സവിശേഷ ശുശ്രൂഷയ്ക്ക് രൂപതയിലെ സാമൂഹിക സേവന വിഭാഗത്തിന്‍റെ ചുമതലയുണ്ടായിരുന്ന ഫാ. വര്‍ഗീസ് കോട്ടൂര്‍ റാണി-റോസിലി സ്കൂള്‍ എന്നു പേരുവിളിച്ചു. ബിജ്നോറിലുള്ളവര്‍ക്ക് ഇന്നും ഈ പേര് നന്മയുള്ള ഒരോര്‍മയാണ്. ഇതിന്‍റെ തുടര്‍ച്ചയായി ജല്‍റാ, ഇറ്റാവ തുടങ്ങി വിവിധ ഗ്രാമങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളും പില്‍ക്കാലത്ത് ആരംഭിച്ചു.

ക്ലാസ് മുറിയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിയില്ല സിസ്റ്ററിന്‍റെ സേവനമനസ്. നാടും നാട്ടുകാരും നേരിടുന്ന വിവിധ പ്രശ്നങ്ങളിലേക്കു സിസ്റ്ററിന്‍റെ കണ്ണുകളും കാലുകളുമെത്തി. വൈകാതെ അധ്യാപനജോലി വിട്ടു മുഴുവന്‍ സമയ സാമൂഹ്യപ്രവര്‍ത്തനരംഗത്തു സിസ്റ്റര്‍ റാണി മരിയ ചുവടുറപ്പിച്ചു.

സ്വയംപര്യാപ്തതയുടെ പാഠം
ചെറുകിട സംരംഭങ്ങള്‍ തുടങ്ങി സ്വയം പര്യാപ്തരാകുന്നതിനു ഗ്രാമീണരെ സിസ്റ്റര്‍ റാണി മരിയ സഹായിച്ചു. പുല്‍പ്പായ, കുട്ടകള്‍, കുടകള്‍ എന്നിവയുടെ നിര്‍മാണം ഉള്‍പ്പെടെ വിവിധ കൈത്തൊഴിലുകളില്‍ പരിശീലനത്തിനു സൗകര്യമുണ്ടാക്കി. ആടുകളെയും കന്നുകാലികളെയും സൗജന്യനിരക്കില്‍ ലഭ്യമാക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും സര്‍ക്കാരിന്‍റെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ വിവിധ സംരംഭങ്ങള്‍ ആരംഭിച്ചു. ജലക്ഷാമമുള്ള മേഖലകളില്‍ കൃഷിക്കും വീട്ടാവശ്യങ്ങള്‍ക്കും വെള്ളമെത്തിക്കാനുള്ള തോടുകളും ജലസേചന മാര്‍ഗങ്ങളും കിണറുകളും ഒരുക്കാന്‍ പദ്ധതികളുണ്ടായി. പലരില്‍ നിന്നും ശേഖരിക്കുന്ന ഭക്ഷണം, വസ്ത്രങ്ങള്‍ എന്നിവയെല്ലാം ഗ്രാമങ്ങളിലെ പാവങ്ങള്‍ക്കായി സിസ്റ്റര്‍ വിതരണം ചെയ്തു. ഗ്രാമീണരുടെ മാനസികോല്ലാസത്തിനായി കലാപരിപാടികള്‍ സംഘടിപ്പിക്കുന്നതിലും സിസ്റ്റര്‍ ശ്രദ്ധിച്ചു. പരമ്പരാഗത കലാരൂപങ്ങള്‍ക്കു പുറമേ, ബൈബിള്‍ സന്ദേശങ്ങള്‍

ഉള്‍ക്കൊണ്ടുള്ള കലാപരിപാടികളും ഇതിനോടപ്പമുണ്ടായി. ചന്ദ്പ്പുര, ലാല്‍വാല, മണ്ഡാവര്‍, ഖഡി, ബുക്കാറ, ബാക്കല്‍പുര്‍, നയാഗാവ്, മണ്ഡാവാലി തുടങ്ങിയ ഗ്രാമങ്ങളിലെല്ലാം സിസ്റ്റര്‍ റാണി മരിയയുടെ സാമൂഹ്യസേവന സംരംഭങ്ങള്‍ ചലനമുണ്ടാക്കി.

അതേസമയം സാമൂഹ്യസേവനരംഗത്തു സിസ്റ്റര്‍ റാണി മരിയയുടെ സജീവമായ സാന്നിധ്യം തെല്ലൊരു അസ്വസ്ഥതയോടെ നോക്കിക്കണ്ട ഒരു വിഭാഗം അവിടെയുണ്ടായിരുന്നു. ഗ്രാമവാസികളുടെ അധ്വാനഫലം കൂടുതല്‍ അനുഭവിച്ചിരുന്ന വന്‍കിടക്കാരായിരുന്നു അതിലേറെയും. അവരുടെ അതൃപ്തി ചിലപ്പോള്‍ ഭീഷണികളായും സിസ്റ്റര്‍ റാണി മരിയയെ തേടിയെത്തി. തന്‍റെ മാര്‍ഗത്തെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്ന സിസ്റ്റര്‍ റാണി മരിയ അത്തരം എതിര്‍പ്പുകളെ പ്രാര്‍ഥനാമനസും നിറപുഞ്ചിരിയുമായി പ്രതിരോധിച്ചു.

തിമര്‍പ്പുര്‍ എന്ന ഗ്രാമത്തില്‍ ഗ്രാമീണരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് ഒരു നെയ്ത്തു ശാല ആരംഭിച്ചതിനു പിന്നില്‍ സിസ്റ്റര്‍ റാണി മരിയയുടെ ദീര്‍ഘവീക്ഷണവും പരിശ്രമങ്ങളുമുണ്ടായിരു ന്നു. ഇന്ന് ഇതു റാണി മില്‍സ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

സാഭിമാനം സത്നയില്‍
ബിജ്നോറിലെ സാമൂഹ്യപ്രവര്‍ത്തനങ്ങളുണ്ടാക്കിയ ക്രിയാത്മകചലനങ്ങളുടെ അഭിമാനനിറവിലാണ് 1983 മുതല്‍ സത്ന രൂപതയിലെ ഓഡ്ഖഡി എന്ന ഗ്രാമത്തിലേക്ക് സിസ്റ്റര്‍ റാണി മരിയ പ്രേഷിത പ്രവര്‍ത്തനത്തിനായി നിയോഗിക്കപ്പെട്ടത്. ഒമ്പതു വര്‍ഷത്തോളം ഇവിടെ ഗ്രാമങ്ങളുടെ മനസ്സറിഞ്ഞ് തീക്ഷ്ണമായ പ്രേഷിതമനസുമായി അവിശ്രമം സിസ്റ്റര്‍ സഞ്ചരിച്ചു. ബഗാഡി, പുലായ, ഹരാക്കോളി, സിലാബ്, അമോ, ലാല്‍ഗഡാഡ്, സജഹാര്‍, ജിന്‍ക്വനോവ, മജോളി, മിനിയാരി, ഉജ്ജയിനി, ബട്ടഹട്ടാ, തപ്നി, ഖജര്‍ദ തുടങ്ങി ഇരുപതിലധികം ഗ്രാമങ്ങളില്‍ സുവിശേഷവത്കരണ, സാമൂഹ്യസേവനപ്രവര്‍ത്തനങ്ങളുമായി സിസ്റ്റര്‍ റാണി മരിയ കടന്നെത്തി. ഈ ഗ്രാമങ്ങള്‍ക്കെല്ലാം ഇന്നു കാണുന്ന വളര്‍ച്ചയില്‍ ചെറുതല്ലാത്ത പങ്ക് സിസ്റ്ററിന്‍റെ നേതൃത്വത്തില്‍ മൂന്നു പതിറ്റാണ്ടു മുമ്പു നടത്തിയ സേവനങ്ങള്‍ക്കുണ്ട്.

ഉദയ്നഗറിലെ സൂരോദയം
മധ്യപ്രദേശില്‍ വിന്ധ്യപര്‍വത നിരകളോടു ചേര്‍ന്നുള്ള ഉദയ്നഗറിന്‍റെ ഭൂതകാലം ചൂഷകരുടെയും ഇരകളുടെയും ചരിത്രം കൂടിയാണ്. ഇന്‍ഡോറില്‍ നിന്ന് നൂറു കിലോമീറ്റര്‍ മാറി ദേവാസ് ജില്ലയിലെ ഗ്രാമീണമേഖല. കൃഷിയാണ് ആളുകളുടെ വരുമാനമാര്‍ഗം. പട്ടയഭൂമിയുടെ കൈവശക്കാര്‍ വലിയ ഭൂവുടമകളായിരുന്നു. മണ്ണില്‍ പണിയെടുക്കുന്ന ഗിരിവര്‍ഗജനതയുടെ അധ്വാനഫലം അനുഭവിക്കുന്നതേറെയും ഭൂവുടമകള്‍. ജനങ്ങള്‍ക്കിടയിലെ പട്ടിണി, നിരക്ഷരത, അന്ധവിശ്വാസങ്ങള്‍, ഇടയ്ക്കിടെയെത്തുന്ന രോഗങ്ങള്‍ എന്നിവയെല്ലാം ഉള്ളവര്‍ക്ക് ഇല്ലാത്തവരെ ചൂഷണം ചെയ്യാനുള്ള ഉപാധികളായി. ഭൂവുടമകള്‍ വളര്‍ന്നു. വളരാതിരുന്നതു ഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരും നാടും.

1985 ഡിസംബറിലാണു ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസിനിമാര്‍ ഇന്‍ഡോറില്‍ ശുശ്രൂഷ ആരംഭിക്കുന്നത്. ഉദയ്നഗറില്‍ സ്നേഹസദന്‍ എന്ന പേരില്‍ മഠം ആരംഭിച്ചു. 1992 മേയ് പതിനാറിനാണു സിസ്റ്റര്‍ റാണി മരിയ ഉദയ്നഗറിലെ സ്നേഹസദനിലേക്കെത്തുന്നത്. താന്‍ പഠിച്ച സാമൂഹ്യപ്രവര്‍ത്തനത്തിന്‍റെ പാഠങ്ങളും പ്രായോഗികതയും കൂടുതല്‍ വിപുലമാക്കാനും അതിന്‍റെ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താനുമുള്ള ഇടം ഉദയ്നഗറാണെന്നു തിരിച്ചറിയാന്‍ സിസ്റ്റര്‍ റാണി മരിയയ്ക്ക് ഏറെക്കാലം വേണ്ടിവന്നില്ല. ഭൂവുടമകളുടെയും ജന്മിമാരുടെയും ചൂഷണത്തിനിരകളായി അധ്വാനിക്കാന്‍ മാത്രം വിധിക്കപ്പെട്ട ഗിരിവര്‍ഗ ജനതയുള്‍പ്പടെയുള്ള പ്രദേശവാസികളെ സ്വയം പര്യാപ്തതയിലെത്തിക്കുക; സിസ്റ്റര്‍ റാണി മരിയ തന്‍റെ ലക്ഷ്യം തിരിച്ചറിഞ്ഞു. മറ്റുള്ളവര്‍ക്കായി കൃഷി ചെയ്തിരുന്ന ഗ്രാമവാസികളെ തങ്ങള്‍ക്കുവേണ്ടിത്തന്നെ കൃഷിയിറക്കാ നും സമ്പാദ്യമുണ്ടാക്കാനും സിസ്റ്റര്‍ റാണി മരിയ പഠിപ്പിച്ചു. ബാങ്കുകളില്‍ നിന്നും സര്‍ക്കാര്‍ സംവിധാനങ്ങളില്‍നിന്നുമുള്ള സബ്സിഡികളും വായ്പകളും എങ്ങനെ വാങ്ങിയെടുക്കാമെന്നും ജനങ്ങളെ അവര്‍ പഠിപ്പിച്ചു.

ബിജ്നോറില്‍ തുടങ്ങി സത്നവഴി ഉദയ്നഗറില്‍ ഉരുകിത്തീര്‍ന്ന സാമൂഹ്യപ്രവര്‍ത്തകയുടെ സമര്‍പ്പിതജീവിതം, പുതിയ കാലത്തെ മിഷന്‍വഴികള്‍ക്കു നിറമുള്ള സ്മൃതിയാകുന്നു. സമന്ദര്‍ സിംഗിന്‍റെ മൂര്‍ച്ചയുള്ള കഠാരയുടെ കുത്തേറ്റു പിടഞ്ഞു വീണ ഉദയ്നഗറിലെ മണ്ണിലും സമര്‍പ്പിതമനസുകളിലും സിസ്റ്റര്‍ റാണി മരിയ ബാക്കിവച്ചതു സാമൂഹ്യപ്രവര്‍ത്തനത്തിന്‍റെ സുകൃതവെട്ടം കൂടിയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org