എറണാകുളം അങ്കമാലി അതിരൂപത സമര്‍പ്പിത സംഗമം

കൊച്ചി: ഓരോ ക്രൈസ്തവനും ആയിരിക്കുന്ന സാഹചര്യങ്ങളില്‍ മാതൃകാപരമായ ജീവിതത്തിലൂടെ മിഷണറിമാരാകാന്‍ സാധിക്കണമെന്നു എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്‍റണി കരിയില്‍ ഓര്‍മിപ്പിച്ചു. കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ നടന്ന അതിരൂപത സമര്‍പ്പിത സംഗമത്തില്‍ സമാപനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

പ്രേഷിത വര്‍ഷാചരണത്തിന്‍റെ പശ്ചാത്തലത്തില്‍ സഭയുടെ പ്രേഷിതദൗത്യത്തില്‍ ഓരോരുത്തരും തങ്ങളുടെ പങ്ക് തിരിച്ചറിയേണ്ടതുണ്ട്. ക്രിസ്തുവിനെ മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കുകയാണു പ്രേഷിത പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം. ക്രിസ്തുവിനെ അറിയാത്തവര്‍ക്കും അറിഞ്ഞിട്ട് അകന്നുപോയവര്‍ക്കും പ്രേഷിതചൈതന്യത്തിന്‍റെ നന്മ അനുഭവിക്കാനാവണം. ക്രിസ്തുവിനെ അറിഞ്ഞവരെ അതില്‍ ആഴപ്പെടുത്താനും സാധിക്കുന്ന തരത്തില്‍ നമ്മുടെ പ്രേഷിതപ്രവര്‍ത്തനങ്ങളെ ക്രമീകരിക്കേണ്ടതുണ്ട്.

വിഭാഗീയ ചിന്തകളെ അകറ്റിനിര്‍ത്തി കൂട്ടായ്മയോടെ ഒരു സ്നേഹസമൂഹമായി വളരാന്‍ നമുക്കാവണം. അധികാരം മറ്റുള്ളവര്‍ക്കു സേവനത്തിനും ശുശ്രൂഷയ്ക്കുമുള്ള അവസരമാകണമെന്നും മാര്‍ കരിയില്‍ ആഹ്വാനം ചെയ്തു. ജൂബിലി ആഘോഷിക്കുന്ന സമര്‍പ്പിതരെ ചടങ്ങില്‍ ആദരിച്ചു.

യമനില്‍ ഭീകരരുടെ തടവില്‍ നിന്നു മോചിതനായ സലേഷ്യന്‍ വൈദികന്‍ ഫാ. ടോം ഉഴുന്നാലില്‍ മിഷന്‍ അനുഭവങ്ങള്‍ പങ്കുവച്ചു. മിഷന്‍ രംഗത്തെ പ്രതിസന്ധികളില്‍ നിരന്തരമായ പ്രാര്‍ത്ഥന തന്നെ ശക്തിപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.

അതിരൂപത വികാരി ജനറാള്‍ റവ. ഡോ. ജോസ് പുതിയേടത്ത്, സമര്‍പ്പിതസംഗമം കോ ഓര്‍ഡിനേറ്ററും അതിരൂപത വൈസ് ചാന്‍സലറുമായ റവ. ഡോ. ബിജു പെരുമായന്‍, സിഎംഐ പ്രിയോര്‍ ജനറല്‍ റവ. ഡോ. പോള്‍ ആച്ചാണ്ടി, എസ്ഡി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ റെയ്സി, ഫാ. ഡായ് കുന്നത്ത്, സിസ്റ്റര്‍ ജെനിസ്, സിസ്റ്റര്‍ മെറീന എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org