സാമ്പത്തിക സംവരണം: മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കണമെന്നു കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി: മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു സംവരണം ഏര്‍പ്പെടുത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കണമെന്നും ഇക്കാര്യത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് എറണാകുളം-അങ്കമാലി അതിരൂപത സമിതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണം അനിവാര്യവും സ്വാഗതാര്‍ഹവുമാണ്. അതേസമയം സംവരണ വിഷയത്തില്‍ നേരത്തെതന്നെ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ സംസ്ഥാനത്തും നടപ്പാക്കുകയാണു വേണ്ടത്. സംവരണത്തില്‍ ഗുണഭോക്താക്കളുടെ വരുമാനത്തിന്‍റെയും കൃഷിഭൂമിയുടെ വിസ്തീര്‍ണത്തിന്‍റെയും കാര്യത്തില്‍ കേന്ദ്രമാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായുള്ള തീരുമാനങ്ങളാണു സംസ്ഥാനം സ്വീകരിച്ചിട്ടുള്ളത്. ഇത് നിരവധി പേര്‍ക്കു സാമ്പത്തിക സംവരണത്തിന്‍റെ ആനുകൂല്യം ലഭിക്കാന്‍ തടസ്സമാകും. രണ്ടര ഏക്കര്‍ കൃഷി ഭൂമി വരെയുള്ളവര്‍ക്കു മാത്രം സംവരണത്തിന്‍റെ ആനൂകൂല്യമെന്നതു മലയോര മേഖലകളിലെ കര്‍ഷകരെ സംബന്ധിച്ചു തിരിച്ചടിയാണ്. കര്‍ഷകര്‍ ഉള്‍പ്പടെ സാധാരണക്കാരായ ജനങ്ങള്‍ക്കു ഗുണകരമാകുന്ന നിലപാടാണു സര്‍ക്കാരുകള്‍ സ്വീകരിക്കേണ്ടത്.

വിവിധ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും കോഴ്സുകളുടെ പ്രവേശനത്തിനും സാമ്പത്തിക സംവരണം പ്രാബല്യത്തിലാക്കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ സ്വീകരിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത സമിതി ആവശ്യപ്പെട്ടു.

അതിരൂപത പ്രസിഡന്‍റ് ഫ്രാന്‍സിസ് മൂലന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ഊരക്കാടന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ജെയ്മോന്‍ തോട്ടുപുറം, ട്രഷറര്‍ ബേബി പൊട്ടനാനി, ഭാരവാഹികളായ അഡ്വ. പി.ജെ. പാപ്പച്ചന്‍, ബെന്നി ആന്‍റണി, സെബാസ്റ്റ്യന്‍ വടശേരി, ബാബു ആന്‍റണി, അഡ്വ. സാജു വാതപ്പിള്ളി, മേരി റാഫേല്‍, ആനി റാഫി, സെബാസ്റ്റ്യന്‍ ചെന്നേക്കാടന്‍, എസ്.ഐ. തോമസ്, ടിനു തങ്കച്ചന്‍, ജോബി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org