സംഭരണവും അടിസ്ഥാനവിലയുമില്ലാതെ റബര്‍ പ്രതിസന്ധി പരിഹരിക്കപ്പെടില്ല: ഇന്‍ഫാം

കൊച്ചി: പ്രമുഖ റബര്‍ ഉല്പാദക രാജ്യങ്ങളിലേതു പോലെ ഉല്പാദനച്ചെലവു കണക്കാക്കി റബറിന് അടിസ്ഥാനവില നിശ്ചയിക്കുവാനും സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ കര്‍ഷകരില്‍ നിന്ന് നേരിട്ടു റബര്‍ സംഭരിക്കുവാനും നടപടികളില്ലാതെ റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കപ്പെടുകയില്ലന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

വരുംദിവസങ്ങളില്‍ റബര്‍ പ്രതിസന്ധി അതിരൂക്ഷമാകുവാന്‍ സാധ്യതകളേറെയാണ്. രാജ്യാന്തരവിലപോലും കര്‍ഷകന് നല്കാതെ ആഭ്യന്തരവിപണിയെ അട്ടിമറിക്കുന്നതില്‍ റബര്‍ബോര്‍ഡിനും പങ്കുണ്ട്. റബര്‍ബോര്‍ഡ് ദിവസവും പ്രഖ്യാപിക്കുന്ന വിപണിവിലയുടെ മാനദണ്ഡം സംശയാസ്പദമാണ്. 1998 സെപ്തംബറില്‍ സര്‍ക്കാര്‍ സ്ഥാപനമായ സ്റ്റേറ്റ് ട്രേഡിംഗ് കോര്‍പ്പറേഷന്‍ റബര്‍ സംഭരിക്കുകയും തുടര്‍ന്ന് ഇറക്കുമതിയില്‍ തുറമുഖനിയന്ത്രണം ഏര്‍പ്പെടുത്തി 2003-ല്‍ വിലസ്ഥിരത ഉറപ്പാക്കുകയും ചെ യ്ത ചരിത്രമുണ്ട്. 2000-ാ മാണ്ടിലെ റബര്‍ പ്രതിസന്ധിക്ക് സമാനമായ പ്രതിസന്ധിയാണ് കഴിഞ്ഞ നാല് വര്‍ഷക്കാലമായി റബര്‍മേഖലയും കര്‍ഷകരും നേരിടുന്നത്. കേന്ദ്രസര്‍ക്കാരും റബര്‍ബോര്‍ഡും വിലത്തകര്‍ച്ചയില്‍ മുഖംതിരിഞ്ഞുനില്‍ക്കുന്ന കര്‍ഷകവിരുദ്ധ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ വിലസ്ഥിരതാപദ്ധതി ചെറുകിട റബര്‍ കര്‍ഷകര്‍ക്ക് ഒരു താത്കാലിക ആശ്വാസമെന്നതിലുപരി സ്ഥിരം പരിഹാരമാര്‍ഗമല്ല. ചെറുകിട കര്‍ഷകരെപ്പോലെ അസംഘടിതരായ ഇതര റബര്‍തോട്ടം ഉടമകളും വന്‍ സാമ്പത്തികത്തകര്‍ച്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
കാര്‍ഷികപ്രതിസന്ധി അതിരൂക്ഷമെന്ന് കേന്ദ്രധനമന്ത്രി കുറ്റസമ്മതം നടത്തുമ്പോഴും ബദല്‍ സംവിധാനത്തിന് തയ്യാറാകാതെ അഞ്ചു വര്‍ഷംകൊണ്ട് ഇന്ത്യയിലെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി നിരന്തരം പ്രഖ്യാപിക്കുന്നത് വിരോധാഭാസമാണ്. റബര്‍നയം വന്നതുകൊണ്ടും വിലത്തകര്‍ച്ചയ്ക്ക് പരിഹാരമാവില്ല. കരട് നയത്തിന് കര്‍ഷകനെ സംരക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങളൊന്നുമില്ലാത്തപ്പോള്‍ വരാന്‍ പോകുന്ന റബര്‍ നയത്തിന്‍റെ വിശ്വാസ്യതയെയും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org