സമര്‍പ്പിത ജീവിതത്തെ വികലമായി ചിത്രീകരിക്കുന്ന പ്രവണത ആശങ്കാജനകം — മേജര്‍ സുപ്പീരിയേഴ്സ്

സമര്‍പ്പിത ജീവിതത്തെ വികലമായി ചിത്രീകരിക്കുന്ന പ്രവണത ആശങ്കാജനകം  — മേജര്‍ സുപ്പീരിയേഴ്സ്

സന്യാസത്തെയും സമര്‍പ്പിത ജീവിതത്തെയും വികലമായി ചിത്രീകരിക്കുകയും വിലകുറച്ചു കാണിക്കുകയും ചെയ്യുന്ന പ്രവണത സമീപകാലത്ത് കേരളത്തിന്‍റെ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ വര്‍ധിച്ചു വരുന്നതില്‍ ആശങ്കയും പ്രതിഷേധവുമുള്ളതായി എറണാകുളത്ത് പിഒസിയില്‍ ചേര്‍ന്ന കേരള കത്തോലിക്കാസഭയിലെ വിവിധ സന്ന്യാസസമൂഹങ്ങളിലെ മേജര്‍ സുപ്പീരിയര്‍മാരുടെ സമ്മേളനം വ്യക്തമാക്കി. സന്ന്യാസജീവിതം നയിക്കുന്നവര്‍ അരക്ഷിതരും അസംതൃപ്തരുമാണെന്ന് പ്രചരിപ്പിക്കാന്‍ ബോധപൂര്‍വമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അടുത്തകാലത്ത് കേരളത്തിലുണ്ടായ ചില സംഭവങ്ങളും സന്യാസവ്രതങ്ങളോടും നിയമങ്ങളോടും നീതിപുലര്‍ത്തി ജീവിക്കാന്‍ കഴിയാത്ത ചിലരുടെ വാക്കുകളും ഏറ്റെടുത്ത് അതിനെ സാമാന്യവത്കരിക്കുകയും സന്ന്യസ്തരുടെ ബ്രഹ്മചര്യസമര്‍പ്പണത്തെയും അനുസരണത്തെയും അധിക്ഷേപിക്കുകയും അസത്യങ്ങളും അര്‍ധസത്യങ്ങളും ഉന്നയിച്ച് മാധ്യമവിചാരണ നടത്തുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്നു.

സിനിമയിലും സാഹിത്യത്തിലും സന്ന്യാസജീവിതത്തെ വികലമായി ചിത്രീകരിക്കുകയും സംസ്കാരത്തിനു യോജിക്കാത്തവിധം ദുഷ്പ്രചാരണം നടത്താന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയും ചെയ്യുന്നത് ഏറെ വേദനാജനകമാണ് – സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.

ലോക മനഃസാക്ഷിക്ക് നന്മതിന്മകളെക്കുറിച്ചുള്ള അറിവു പകരുന്നതിലും ചരിത്രത്തെ നയിച്ച നവോത്ഥാന പരിശ്രമങ്ങള്‍ക്ക് നേതൃത്വം നല്കുന്നതിലും കത്തോലിക്കാസഭയിലെ സന്ന്യാസപ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് കാണാതിരിക്കരുത്. സന്ന്യാസജീവിതത്തെപ്പറ്റി തെറ്റിദ്ധാരണയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രചാരവേല അത്യന്തം അപലപനീയമാണ്. സമകാലിക കേരളത്തില്‍ പ്രത്യക്ഷപ്പെട്ട Save Our Sisters (SOS) എന്ന സംഘടന കത്തോലിക്കാസഭയുടെയോ സമുദായത്തിന്‍റെയോ ഭാഗമല്ല. ചിലരുടെ സ്വാര്‍ത്ഥതാത്പര്യത്തെ മുന്‍നിര്‍ത്തിയും സഭയെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ബാഹ്യശക്തികളുടെ പിന്‍തുണയോടും കൂടി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയെ തങ്ങള്‍ പൂര്‍ണമായും തിരസ്കരിക്കുന്നതായി മേജര്‍ സുപ്പീരിയേഴ്സ് വ്യക്തമാക്കി.

സമര്‍പ്പിതജീവിതം നയിക്കുന്നവരില്‍ ചിലര്‍ മനുഷ്യസഹജമായ ബലഹീനതമൂലം സന്ന്യാസജീവിതത്തിന്‍റെ സംശുദ്ധി കൈവിടുന്നത് ഏറെ സങ്കടകരമായ കാര്യമാണ്. ആന്തരിക അപചയങ്ങള്‍ മൂടിവയ്ക്കുന്ന പ്രസ്ഥാനമല്ല കത്തോലിക്കാസഭയും സന്ന്യാസസമൂഹങ്ങളും.

കേരളത്തിലുള്ള മുപ്പത്തിനാലായിരത്തോളം വരുന്ന സന്ന്യസ്തരുടെ 274 മേജര്‍ സുപ്പീരിയര്‍മാരും യോഗത്തില്‍ പങ്കെടുത്തു. കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം യോഗം ഉദ്ഘാടനം ചെയ്തു. കെസിഎംഎസ് പ്രസിഡന്‍റ് റവ. ഡോ. സെ ബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍ വി.സി. അധ്യക്ഷനായിരുന്നു. 'മാറുന്ന സംസ്കാരവും സന്ന്യാസജീവിതത്തിലെ പ്രതിസന്ധികളും' എന്ന വിഷയത്തില്‍ ബിഷപ് ജോസഫ് പാംബ്ലാനിയും 'അച്ചടക്കം സഭയിലും സെക്കുലര്‍ സമൂഹത്തിലും' എന്ന വിഷയത്തില്‍ ജേക്കബ് പുന്നൂസ് ഐപിഎസും, 'സമകാലിക കേരളവും സാംസ്കാരിക പ്രതിസന്ധികളും' എന്ന വിഷയത്തില്‍ ഡോ. അഗസ്റ്റിന്‍ സിഎസ്റ്റിയും പ്രബന്ധം അവതരിപ്പിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് മോഡറേറ്ററായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org