സംസ്ഥാന സര്‍ക്കാരിന്‍റെ വിദ്യാഭ്യാസനയങ്ങളില്‍ മാറ്റം വേണം – മാര്‍ ആന്‍ഡ്രൂസ് താഴത്ത്

"പൊതുവിദ്യാഭ്യാസ സംരക്ഷണയത്ന"ത്തിന്‍റെ മറവില്‍ സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്നും കേരള വിദ്യാഭ്യാസചട്ടങ്ങളിലെ പുതിയ ഭേദഗതികള്‍ ന്യൂനപക്ഷ വിദ്യാഭ്യാസവകാശങ്ങള്‍ക്കു നേരെയുള്ള വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും കെ.സി.ബി.സി. വിദ്യാഭ്യാസകമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ആന്‍ഡ്രൂസ് താഴത്ത് കുറ്റപ്പെടുത്തി. ഹയര്‍ സെക്കന്‍ഡറി മേഖല ഉള്‍പ്പെടെ ഒരു വിഭാഗം അധ്യാപകര്‍ക്ക് ദിവസവേതനം പോലും ലഭ്യമാകാത്തത് ഗുരുതരമായ മനുഷ്യാവകാശലംഘനമാണ്. കോര്‍പ്പറേറ്റ് മാനേജുമെന്‍റ് സ്കൂള്‍ അധ്യാപകരെ പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ ബ്രോക്കണ്‍ സര്‍വ്വീസ് സംബന്ധിച്ച പെന്‍ഷന്‍ ഭേദഗതി പ്രതിഷേധാര്‍ഹമാണ്. കെ.ഇ.ആര്‍. പരിഷ്കരണം നിലവില്‍ വന്ന സാഹചര്യം വിലയിരുത്താന്‍ കേരളത്തിലെ കാത്തലിക് സ്കൂള്‍ മാനേജര്‍മാരുടെ യോഗം തൃശൂര്‍ ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ കെ.സി.ബി.സി. വിദ്യാഭ്യാസകമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഫാ. ജോസ് കരിവേലിക്കല്‍, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ. ആന്‍റണി ചെമ്പകശ്ശേരി, ഫാ. ജെയിംസ് ചെല്ലങ്കോട്ട്, ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്‍റ് ജോഷി വടക്കന്‍, ജനറല്‍ സെക്രട്ടറി സാലു പതാലില്‍, പി.ഡി. വിന്‍ സെന്‍റ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org