സന്നദ്ധപ്രവര്‍ത്തകരെ സജ്ജരാക്കി സന്യാസസമൂഹങ്ങള്‍

കെസിബിസി പ്രസിഡന്‍റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആഹ്വാനപ്രകാരം കോവിഡ് 19 ന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും അടിയന്തിര സേവനങ്ങള്‍ക്കുമായി കേരളത്തിലെ കത്തോലിക്കാ സന്യാസസമൂഹങ്ങള്‍ വോളന്‍റിയര്‍മാരെ സജ്ജമാക്കി. കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സും (കെസിഎംഎസ്) കെസിബിസി ഹെല്‍ത്ത് കമ്മീഷനും ചേര്‍ന്നാണ് സന്യാസസമൂഹങ്ങളില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്നത്.

കോവിഡ് പ്രതിരോധ സന്നദ്ധ പ്രവര്‍ത്തനത്തിനു തയ്യാറുള്ള അമ്പതു വയസ്സില്‍ താഴെയുള്ള സന്യസ്തരുടെ പട്ടിക തയ്യാറാക്കാന്‍ ആവശ്യപ്പെട്ടു കെസിഎംഎസ് പ്രസിഡന്‍റ് ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍ സന്യാസസമൂഹങ്ങളുടെ മേലധികാരികള്‍ക്കു കത്തയച്ചിരുന്നു. ഈ പട്ടികയില്‍ നിന്നാണു സന്നദ്ധപ്രവര്‍ത്തകരെ കണ്ടെത്തുന്നത്. സന്യസ്തരായ ഡോക്ടര്‍മാരും ന ഴ്സുമാരും ആരോഗ്യരംഗത്തുള്ള മറ്റുള്ളവരും വിവിധ തലങ്ങളില്‍ ഇതിനകം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിനു സര്‍ക്കാര്‍ ആവശ്യപ്പെടുന്നതനുസരിച്ച് കൂടുതല്‍ വോളന്‍റിയര്‍മാരെ ലഭ്യമാക്കാനാണു പരിശ്രമിക്കുന്നതെന്ന് ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. സൈമണ്‍ പള്ളുപ്പേട്ട പറഞ്ഞു. 277 സന്യാസ സമൂഹങ്ങളിലായി 5642 സന്യാസിനിമാരും 42,256 സന്യാസിനികളുമാണ് കേരള സഭയിലുള്ളത്. 239 ബ്രദര്‍മാരും സേവനം ചെയ്യുന്നു. സഭയുടെ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്കായി വിട്ടുനല്‍കാന്‍ സന്നദ്ധമാണെന്ന് സഭാനേതൃത്വം നേരത്തെ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org