വൈദികന്‍റെ സ്നേഹസമ്മാനമായി മറ്റത്തിപ്പാറയില്‍ സാന്തോം വില്ലേജ്

പാലാ: കടനാട് പഞ്ചായത്തിലെ മറ്റത്തിപ്പാറയില്‍ ആരോടും തുണയില്ലാത്ത വൃദ്ധജനങ്ങള്‍ക്കു 'സാന്തോം വില്ലേജ്' എന്ന സ്നേഹഭവനം ഒരുങ്ങുന്നു. രാമപുരത്ത് 20 വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞച്ചന്‍ മിഷനറി ഭവനാണ് 50 പേര്‍ക്കു താമസിക്കാവുന്ന വിധത്തിലുള്ള ഭവനം ഒരുക്കുന്നത്. നിരാലംബരും രോഗികളുമായവര്‍ക്ക് ആശ്രയമായി സേവനരംഗത്ത് 1997 മുതല്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞച്ചന്‍ മിഷനറി ഭവന്‍റെ ഇടിയനാലില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ ഇപ്പോള്‍ 105 അന്തേവാസികളുണ്ട്. രാമപുരം സ്വദേശിയായ ബിനോയ് ജെയിംസ് ഈടുപുഴ തന്‍റെ ഹോട്ടലില്‍ നിന്നു പാവപ്പെട്ടവര്‍ക്കും ഗവണ്‍മെന്‍റ് ആശുപത്രിയിലെ രോഗികള്‍ക്കും ഭക്ഷണം നല്കിക്കൊണ്ടാണു സേവനപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചത്.

പിന്നീടു നിരവധി പേരുടെ ആശ്രയകേന്ദ്രമായി മിഷനറിഭവന്‍ മാറുകയായിരുന്നു. ഒരു രോഗിയുമായി മിഷനറിഭവനിലെത്തിയ പാലാ രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍ ഇവിടത്തെ അസൗകര്യങ്ങള്‍ മനസ്സിലാക്കി കടനാട് പഞ്ചായത്തിലെ മറ്റത്തിപ്പാറയിലുള്ള തന്‍റെ ഒരേക്കര്‍ സ്ഥലം നല്കുകയായിരുന്നു. ഇവിടെയാണു സാന്തോം വില്ലേജ് പൂര്‍ത്തിയാകുന്നത്. രാമപുരം, തുടങ്ങനാട് ഫൊറോനകളിലെ വിന്‍സെന്‍റ് ഡി പോള്‍ അംഗങ്ങളുടെ സഹകരണത്തോടെ സാന്തോം വില്ലേജിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്തും.

ജൂലൈ 3-നു മുമ്പു പണി പൂര്‍ത്തീകരിക്കുവാനുള്ള ശ്ര മത്തിലാണെന്നു ഫാ. ജോ സഫ് മലേപ്പറമ്പില്‍ പറഞ്ഞു. അംഗനവാടി, ഹെല്‍ത്ത് സെന്‍റര്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മലേപ്പറമ്പില്‍ കുടുംബം സ്ഥലം സംഭാവന നല്കിയിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org