സാന്ത്വനചികിത്സയ്ക്കു പ്രാധാന്യം നല്‍കണമെന്നു യു എസ് സഭ

സാന്ത്വനചികിത്സ സംബന്ധിച്ച പരിശീലനത്തിനും ഗവേഷണത്തിനും വിദ്യാഭ്യാസത്തിനും കൂടുതല്‍ പണം അനുവദിക്കണമെന്നു നിര്‍ദേശിച്ച്  യു എസ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ബില്ലിനു കത്തോലിക്കാ മെത്രാന്‍ സംഘവും കാത്തലിക് മെഡിക്കല്‍ അസോസിയേഷനും പിന്തുണ പ്രഖ്യാപിച്ചു. കാരുണ്യവധവും പരസഹായത്തോടെയുള്ള ആത്മഹത്യയുമല്ല, സാന്ത്വനചികിത്സയാണു പ്രോത്സാഹിപ്പിക്കപ്പെടേണ്ടതെന്നു മെത്രാന്മാര്‍ വ്യക്തമാക്കി.

ജീവിതത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും രോഗികള്‍ക്കു പരിചരണം നല്‍കുകയെന്നതാണ് ഡോക്ടര്‍മാരെന്ന നിലയില്‍ തങ്ങളുടെ ദൗത്യമെന്നു കാത്തലിക് മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. ജോണ്‍ ഷിര്‍ഗെര്‍ പറഞ്ഞു. രോഗസൗഖ്യത്തിനായി ഒന്നും ചെയ്യാനില്ലെന്നു വരുമ്പോഴും രോഗികള്‍ക്കൊപ്പം നിലകൊള്ളാനും അവരോടു കാരുണ്യവും ഐകമത്യവും പ്രകടിപ്പിക്കാനും സാധിക്കും. ജീവിതത്തിന്‍റെ ഈ നിര്‍ണായകഘട്ടത്തില്‍ രോഗികള്‍ക്കൊപ്പം നില്‍ക്കാന്‍ അവസരം ലഭിക്കുന്നവരാണ് സാന്ത്വനചികിത്സകര്‍ – അദ്ദേഹം പറഞ്ഞു. വേദനയിലും സഹനത്തിലുംനിന്ന് ആശ്വാസം നല്‍കാന്‍ ഫലപ്രദമായ കാര്യങ്ങള്‍ ചെയ്യുകയാണ്, വേദനിക്കുന്നവരെ ഇല്ലാതാക്കുകയല്ല വേണ്ടത് എന്നതാണ് കാത്തലിക് മെഡിക്കല്‍ അസോസിയേഷന്‍റെ നിലപാട്. എന്നാല്‍, മരണം ഒഴിവാക്കാന്‍ സാദ്ധ്യമായതെല്ലാം ചെയ്യേണ്ടതില്ല. വൈദ്യശാസ്ത്ര ഇടപെടല്‍ കൊണ്ടു പ്രയോജനമില്ലാത്ത അവസരങ്ങളില്‍ സ്വാഭാവികമായ മരണത്തിലെത്തിച്ചേരാന്‍ അനുവദിക്കുക എന്നതു തന്നെയാണ് കത്തോലിക്കാപ്രബോധനം – അസോസിയേഷന്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org