ദുരിതമേഖലയില്‍ സന്യാസിനികളുടെ സഹായഹസ്തം

ദുരിതമേഖലയില്‍ സന്യാസിനികളുടെ സഹായഹസ്തം

കോവിഡ്-19 ന്‍റെ തീവ്രതയില്‍ പലവിധ പ്രതിസന്ധികളില്‍ കഴിയുന്ന നിസ്സഹായര്‍ക്ക് സഹായമേകി പശ്ചിമ ബംഗാളിലെ മിഷനറി സിസ്റ്റേഴ്സ് ഓഫ് ദ ഇമ്മാക്കുലേറ്റ് സന്യാസിനി സഭ രംഗത്ത്. നിര്‍മ്മല സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന സന്യാസ സഹോദരിമാരുടെ ഈ സഭ ലോക്ക്ഡൗണ്‍ കാലത്ത് സിലിഗുരിയില്‍ നൂറുകണക്കിനു കുടുംബങ്ങള്‍ക്ക് ആശ്വാസമാകുകയാണ്.

കൊറോണവൈറസിന്‍റെ വ്യാപനം തെരുവീഥികളില്‍ കഴിയുന്ന ലക്ഷക്കണക്കിനു ജനങ്ങളുടെ പ്രതിസന്ധി രൂക്ഷമാക്കുകയാണെന്ന് സഭയുടെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ വിജിത പെരേര പറഞ്ഞു. സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ പോലും പ്രയാസപ്പെടുന്ന ഇത്തരക്കാര്‍ മരുന്നും ഭക്ഷണവും കിട്ടാതെ വിഷമിക്കുകയാണ്. ഈ വിധത്തില്‍ കുട്ടികളും രോഗികളും പ്രായമായവരുമാണ് ഏറെ കഷ്ടതകള്‍ നേരിടുന്നതെന്ന് സിസ്റ്റര്‍ വിജിത ചൂണ്ടിക്കാട്ടി.

ലോക്ക്ഡൗണ്‍ മൂലം തൊഴിലില്ലായതോടെ വരുമാന നഷ്ടം നേരിടുന്നവരും കൂടുതലാണ്. നിത്യജീവിതത്തിനാവശ്യമായ കാര്യങ്ങള്‍ നിവര്‍ത്തിക്കാന്‍ ഇവര്‍ പെടാപ്പാടുപെടുന്നു. അത്യന്തം കഠിനതരമായ ഈ സാഹചര്യത്തില്‍ ദുരിതമനുഭവിക്കുന്നവരെ പ്രത്യേകമായി സഹായിക്കുക എല്ലാവരുടെയും കടമയാണെന്ന് സിസ്റ്റര്‍ വിജിത പറഞ്ഞു. നമ്മുടെ പ്രാര്‍ത്ഥന. ത്യാഗം, സാമ്പത്തിക പിന്തുണ തുടങ്ങിയവയിലൂടെ ഈ ജനവിഭാഗങ്ങളെ സഹായിക്കാന്‍ കഴിയണം.

പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍, ദിവസ വേതനക്കാര്‍, വിധവകള്‍ കുറഞ്ഞ വരുമാനക്കാര്‍ തുടങ്ങിയവരെ സംബന്ധിച്ചുള്ള വിവരശേഖരണം നടത്തിയാണ് നിര്‍മ്മല സിസ്റ്റേഴ്സ് സഹായവിതരണം ആരംഭിച്ചത്. ഭക്ഷ്യധാന്യങ്ങളും സാനിറ്ററി കിറ്റുകളുമടക്കം വിതരണം ചെയ്ത് അനേകം കുടുംബങ്ങളെയാണ് ഇവര്‍ സഹായിച്ചുകൊണ്ടിരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org