സൗദി തീവ്രവാദമുക്തമാകണമെങ്കില്‍ മതസ്വാതന്ത്ര്യം അനുവദിക്കണം

സൗദി തീവ്രവാദമുക്തമാകണമെങ്കില്‍ മതസ്വാതന്ത്ര്യം അനുവദിക്കണം

സൗദി അറേബ്യയെ മുസ്ലീം മിതവാദത്തിലേയ്ക്കു പരിവര്‍ത്തിപ്പിക്കുമെന്നും സൗദി യുവജനങ്ങളില്‍ നിന്നു തീവ്രവാദ ചിന്താഗതികള്‍ ഇല്ലാതാക്കുമെന്നുമുള്ള കിരീടാവകാശിയായ രാജകുമാരന്‍ മുഹമ്മദ് സല്‍മാന്‍റെ പ്രസ്താവനയെ പാശ്ചാത്യലോകം പൊതുവില്‍ സ്വാഗതം ചെയ്തു. എന്നാല്‍ ആളുകളുടെ മനസ്സിലെ തീവ്രവാദചിന്തകളെ തകര്‍ക്കാന്‍ ഏതെങ്കിലും സര്‍ക്കാര്‍ നടപടികൊണ്ടു കഴിയില്ലെന്നും അതിനു മറ്റു മാര്‍ഗങ്ങള്‍ തേടണമെന്നും ചില നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. അമേരിക്കയ്ക്കു വേണമെങ്കില്‍ ഐസിസിനെ സൈനികമായി തകര്‍ക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ ഇസ്ലാമിന്‍റെ തീവ്രവാദപരമായ വ്യാഖ്യാനങ്ങള്‍ അവശേഷിക്കും. ഈ പ്രശ്നം സൗദിയും നേരിട്ടേക്കാമെന്ന് ആഗോള മതസ്വാതന്ത്ര്യ നിരീക്ഷകനും ജോര്‍ജ് ടൗണ്‍ യൂണിവേഴ്സിറ്റി മതസ്വാതന്ത്ര്യപഠനകേന്ദ്രം ഡയറക്ടറുമായ പ്രൊഫസര്‍ തോമസ് എഫ്ഫാര്‍ പറഞ്ഞു. മതസ്വാതന്ത്ര്യം അനുവദിക്കുകയാണ് വളരുന്ന തലമുറയുടെ മനസ്സു വിശാലമാക്കാന്‍ സൗദിക്കുമുമ്പിലുള്ള ഏറ്റവും മികച്ച സമീപനമെന്ന് അദ്ദേഹം വ്യക്തമാക്കി.

ലോകത്തോടും ലോകത്തിലെ എല്ലാ മതങ്ങളോടും തുറവുള്ള മിതവാദ ഇസ്ലാമിലേയ്ക്കു പരിവര്‍ത്തനപ്പെടാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് മുഹമ്മദ് സല്‍മാന്‍ ഗാര്‍ഡിയന്‍ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 1979-ലെ ഇറാനിയന്‍ വിപ്ലവത്തെ അനുകരിക്കാന്‍ പല രാജ്യങ്ങളും ശ്രമിച്ചുവെന്നും സൗദിയും അതിലൊന്നാണെന്നും രാജകുമാരന്‍ ആത്മവിമര്‍ശനപരമായി വ്യക്തമാക്കി. തീവ്രവാദ ചിന്തകളുമായി മുപ്പതു വര്‍ഷങ്ങള്‍ ഞങ്ങള്‍ പാഴാക്കി. ഈ പ്രശ്നം ലോകമെങ്ങും പടര്‍ന്നു. ഇനി അതിനെ നേരിടേണ്ട സമയമാണ്. അതൊഴിവാക്കാനുള്ള സമയമാണിത് – മുഹമ്മദ് സല്‍മാന്‍ വിശദീകരിച്ചു.

തീവ്രവാദത്തെ നേരിടുന്നതിന് സൈനികശക്തിയാണ് സൗദി ഉപയോഗിക്കാന്‍ പോകുന്നതെങ്കില്‍ അതു വിജയം കാണാന്‍ സാദ്ധ്യത കുറവാണെന്നു പ്രൊഫ. ഫാര്‍ വ്യക്തമാക്കി. പകരം സൗദിയില്‍ മതസ്വാതന്ത്ര്യം അനുവദിക്കുക. അങ്ങനെ സൗദി വഹാബിസത്തെ പരസ്യമായി വെല്ലുവിളിക്കുക. ലോകത്തെ അക്രമാസക്തമായ ഇസ്ലാമിസ്റ്റ് തീവ്രവാദത്തിന്‍റെയാകെ പ്രത്യയശാസ്ത്ര സ്രോതസ്സായി വര്‍ത്തിക്കുന്നത് സൗദി വഹാബിസമാണ് – അദ്ദേഹം വിശദീകരിച്ചു.

ലോകത്തില്‍ മതസ്വാതന്ത്ര്യം ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നായാണ് സൗദി അറേബ്യ പരിഗണിക്കപ്പെടുന്നത്. ഇസ്ലാം മതനിയമങ്ങളനുസരിച്ചുള്ള പ്രാകൃതമായ ശിക്ഷാവിധികളും നീതിന്യായനടത്തിപ്പും ഇപ്പോഴും നിലവിലുള്ള രാജ്യമാണ് സൗദി അറേബ്യ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org