സഭയുടെ ജാഗ്രത ലൈംഗികചൂഷണക്കേസുകള്‍ കുറയാനിടയാക്കുന്നുണ്ടെന്നു മാര്‍പാപ്പ

സഭയുടെ ജാഗ്രത ലൈംഗികചൂഷണക്കേസുകള്‍ കുറയാനിടയാക്കുന്നുണ്ടെന്നു മാര്‍പാപ്പ

പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികചൂഷണത്തിനിരയാക്കുന്ന കേസുകളില്‍ സഭ ജാഗ്രത പുലര്‍ത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തതോടെ അത്തരം കേസുകള്‍ കുറഞ്ഞു തുടങ്ങിയെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ബാലലൈംഗികചൂഷണത്തിന്‍റെ അപകടങ്ങളെ കുറിച്ചുള്ള ധാര്‍മ്മികാവബോധം സഭയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അര്‍ത്ഥവത്തായ പുരോഗതി ഉണ്ടായത് അംഗീകരിക്കുമ്പോള്‍ തന്നെ യാതൊരു തരത്തിലുമുള്ള സഹിഷ്ണുതയും ഉണ്ടാകുകയില്ല എന്നതുറപ്പാക്കുകയും വേണം. കേവലമൊരു വൈദികന്‍ മാത്രമാണ് ഇത്തരമൊരു കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നതെങ്കില്‍ കൂടിയും അത് അതീവനിന്ദ്യമാണ്. കാരണം, ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവനാണ് ആ പുരോഹിതന്‍ – മാര്‍പാപ്പ പറഞ്ഞു. ബാള്‍ട്ടിക് രാജ്യങ്ങളിലെ സന്ദര്‍ശനത്തിനു ശേഷം റോമിലേയ്ക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

മുന്‍കാലങ്ങളില്‍ ഇരകളെ സംരക്ഷിക്കുക എന്നതിനേക്കാള്‍ സഭയ്ക്ക് ഉതപ്പുകളുണ്ടാക്കാതെ നോക്കുക എന്നതിനായിരുന്നു മുന്‍ഗണനയെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. വലിയ അപമാനമുണ്ടാക്കുന്നതുകൊണ്ട് എല്ലാം മൂടിവയ്ക്കുക എന്നൊരു ചിന്തയാണ് പണ്ടുണ്ടായിരുന്നത്. അതിനെ ചരിത്രപരവും സാംസ്കാരികവുമായ സാഹചര്യത്തില്‍ പരിശോധിക്കണം. പഴയ കാലങ്ങളിലെ ക്രൂരതകളേയും അനീതികളേയും ഇന്നത്തെ ചിന്താരീതി വച്ചു വ്യാഖ്യാനിക്കാനാവില്ല. ഇന്നു നമ്മുടെ മനഃസാക്ഷി വ്യത്യസ്തമാണ്. സഭയുടെ തന്നെ കാഴ്ചപ്പാടുകളില്‍ മാറ്റം ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിനു വധശിക്ഷ തീര്‍ത്തും വേണ്ട എന്ന നിലപാടിലേയ്ക്കു നാം മാറി – മാര്‍പാപ്പ വിശദീകരിച്ചു.

കുറ്റവാളിയായി വിധിക്കപ്പെടുന്ന ചൂഷകരോടു ക്ഷമിക്കുന്ന സാഹചര്യം സഭയില്‍ ഒരിക്കലുമുണ്ടാകില്ലെന്നു മാര്‍പാപ്പ വ്യക്തമാക്കി. വിശ്വാസകാര്യാലയത്തില്‍ നിന്നു നിരവധി ഇത്തരം വിധികള്‍ ഉണ്ടായിട്ടുണ്ട്. മുന്നോട്ടു പോകാനാണ് എല്ലാ കേസുകളിലും നിര്‍ദേശിച്ചിട്ടുള്ളത്. ഇവ സംബന്ധിച്ച് യാതൊരു സംഭാഷണത്തിനും പ്രസക്തിയില്ല. -മാര്‍പാപ്പ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org