ഷെവ. എന്‍.എ. ഔസേഫ് മാസ്റ്റര്‍ക്ക് അന്ത്യാഞ്ജലി

ഷെവ. എന്‍.എ. ഔസേഫ് മാസ്റ്റര്‍ക്ക് അന്ത്യാഞ്ജലി

അന്തരിച്ച ഷെവലിയാര്‍ എന്‍.എ. ഔസേഫ് മാസ്റ്റര്‍ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. കത്തോലിക്ക അല്മായ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനേതാവും വാഗ്മിയുമായ ഔസേഫ് മാസ്റ്ററെ 1988-ലാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഷെവലിയാര്‍ പദവി നല്‍കി ആദരിച്ചത്. സ്കൂള്‍ അധ്യാപകനായി സേവനം തുടങ്ങിയ ഔസേഫ് മാഷ് പിന്നീട് സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനായി. പിന്നീട് തൃശൂര്‍ സെന്‍റ് തോമസ് കോളജിലെ ഇംഗ്ലീഷ് അധ്യാപകനായ അദ്ദേഹം അനേകായിരങ്ങളുടെ ഗുരുനാഥനാണ്.

സഭയുടെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സഭാപിതാക്കന്മാര്‍ക്കൊപ്പം സഭാമക്കളെ നയിച്ച് വീരോചിത സാക്ഷ്യം നല്‍കിയ ഔസേഫ് സാര്‍ ക്രൈസ്തവ സമൂഹത്തിന്‍റെ അല്മായ പ്രേഷിതത്വത്തിന് 70 വര്‍ഷത്തോളം നേതൃത്വം നല്‍കിയ വ്യക്തിയാണ്. തൃശൂര്‍ രൂപതയുടെ അല്മായ നേതൃത്വ പരിശീലന കേന്ദ്രത്തിന്‍റെ ഡയറക്ടറായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. അല്മായ പ്രസ്ഥാനമായ കാത്തലിക് യൂണിയന്‍റെ സ്ഥാപക പ്രസിഡന്‍റായി. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1986-ല്‍ തൃശൂര്‍ സന്ദര്‍ശിച്ചപ്പോള്‍ വിജയകരമായ നടത്തിപ്പിനു രൂപീകരിച്ച വിപുലമായ കമ്മിറ്റികളുടെ ജനറല്‍ കണ്‍വീനറായിരുന്നു.

കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്‍റെ സ്ഥാപക നേതാവും ജനറല്‍ സെക്രട്ടറിയുമായിരുന്നു. ഓള്‍ ഇന്ത്യാ കാത്തലിക് യൂണിയന്‍ വൈസ് പ്രസിഡന്‍റ്, തൃശൂര്‍ കാത്തലിക് യൂണിയന്‍ ചെയര്‍മാന്‍ സിബിസിഐ ദേശീയോ പദേശക സമിതി അംഗം, തൃശൂര്‍ രൂപതാ അല്മായ നേതൃത്വ പരിശീലന കേന്ദ്രം ഡയറക്ടര്‍, സിബിസിഐയുടെ വിദ്യാഭ്യാസ കമ്മീഷന്‍ കണ്‍സള്‍ട്ടന്‍റ്, മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ നിയമനിര്‍മാണ സമിതി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 'ടെമ്പസ്റ്റ്' മാസികയുടെ മാനേജിംഗ് എഡിറ്ററായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ബെറ്റര്‍ ലൈഫ് മൂവ്മെന്‍റിന്‍റെ കേരള സഭാതാരം അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും നേടി. ഏറ്റവും ഒടുവില്‍ കഴിഞ്ഞ വര്‍ഷം ഗ്ലോബല്‍ കത്തോലിക്ക കോണ്‍ഗ്രസ് ശതാബ്ദി വര്‍ഷത്തില്‍ ഏര്‍പ്പെടുത്തിയ 'നൂറ്റാണ്ടിന്‍റെ അല്മായ പ്രേഷിതന്‍' അവാര്‍ഡ് അദ്ദേഹത്തിനു സമ്മാനിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന്‍റെ നവതി ആഘോഷിക്കുകയുണ്ടായി. തൃശൂര്‍ അതിരൂപതയുടെ സഹായമെത്രാനായ മാര്‍ ടോണി നീലങ്കാവില്‍ മൂത്ത പുത്രനാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org