ആര്‍ച്ചുബിഷപ് ജാലയ്ക്ക് അന്ത്യാഞ്ജലി

ആര്‍ച്ചുബിഷപ് ജാലയ്ക്ക് അന്ത്യാഞ്ജലി

കാലിഫോര്‍ണിയയില്‍ കാറപകടത്തില്‍ അന്തരിച്ച ഷില്ലോംഗ് ആര്‍ച്ച് ബിഷപ് ഡോ. ഡൊമിനിക് ജാലയുടെ ഭൗതികശരീരം കബറടക്കി. നൂറു കണക്കിനാളുകള്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഗ്വാഹട്ടി എയര്‍പോര്‍ട്ടില്‍ ഭൗതികശരീരം ഏറ്റു വാങ്ങാന്‍ മേഘാലയ മുഖ്യമന്ത്രിയടക്കം മന്ത്രിമാരും മത-സാമൂഹ്യ നേതാക്കളും എത്തിയിരുന്നു. ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠനേടിയ ആത്മീയാചാര്യനായിരുന്നു ആര്‍ച്ചു ബിഷപ് ജാലയെന്ന് മുഖ്യമന്ത്രി കൊണാര്‍ഡ് കെ സാംഗ്മ പറഞ്ഞു.

ഷില്ലോംഗ് കത്തീദ്രലിലേക്ക് ഭൗതികശരീരം കൊണ്ടുപോകുംമുമ്പ് ഗ്വാഹട്ടി സെന്‍റ് ജോസഫ് കത്തീദ്രലില്‍ പൊതുദര്‍ശനത്തിനു വച്ചു. തുടര്‍ന്ന് ആര്‍ച്ചുബിഷപ് ജാല മുന്‍പ് സുപ്പീരിയര്‍ ജനറലായിരുന്ന ഗ്വാഹട്ടി സലേഷ്യന്‍ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ കൊണ്ടുവന്നു. അവിടെ ശുശ്രൂഷകള്‍ക്ക് ഗ്വാഹട്ടി ആര്‍ച്ചുബിഷപ് ജോണ്‍ മൂലച്ചിറ നേതൃത്വം നല്‍കി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കത്തോലിക്കാ മെത്രാന്മാരും വൈദികരും സമര്‍പ്പിതരും വിശ്വാസികളുമടക്കം അനേകര്‍ സന്നിഹിതരായിരുന്നു. കഠിനാദ്ധ്വാനിയായിരുന്ന ആര്‍ച്ചുബിഷപ് ജാല ലളിതജീവിതത്തിനുടമയും ആത്മാര്‍ത്ഥതയും സ്നേഹവും നിറഞ്ഞ വ്യക്തിയുമായിരുന്നുവെന്ന് ആര്‍ച്ചുബിഷപ് മൂലചിറ അനുസ്മരിച്ചു. ഷില്ലോംഗിലേക്കുള്ള യാത്രാമധ്യേ വിവിധ ഇടവകകളില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിനു വയ്ക്കുകയുണ്ടായി. ഷില്ലോംഗ് കത്തീദ്രലിലെ പൊതുദര്‍ശനത്തിനുശേഷം ഒക്ടോബര്‍ 23 ന് ഉച്ചയ്ക്ക് കബറടക്കം നടത്തി. ഒക്ടോബര്‍ 11 നാണ് ആര്‍ച്ചു ബിഷപ് ജാല കാലിഫോര്‍ണിയയില്‍ കാറപകടത്തില്‍ മരണപ്പെട്ടത്. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മലയാളി വൈദികന്‍ ഫാ. മാത്യു വെള്ളാനിക്കലും അപകടത്തില്‍ മരണമടയുകയുണ്ടായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org