കുഞ്ഞിനു വേണ്ടി ജീവന്‍ ത്യജിച്ച ഒരമ്മ കൂടി അള്‍ത്താരയിലേയ്ക്ക്

കുഞ്ഞിനു വേണ്ടി ജീവന്‍ ത്യജിച്ച ഒരമ്മ കൂടി അള്‍ത്താരയിലേയ്ക്ക്

ഉദരത്തിലെ കുഞ്ഞിന്‍റെ ജീവനു ഭീഷണിയുണ്ടാകാതിരിക്കാന്‍ അര്‍ബുദത്തിനുള്ള ചികിത്സ വേണ്ടെന്നു വച്ച യുവമാതാവായ ഷിയാറ കോര്‍ബെല്ല പെട്രില്ലോയെ അള്‍ത്താരയിലേയ്ക്കുയര്‍ത്തുന്നതിനുള്ള നടപടികള്‍ക്കു റോമില്‍ തുടക്കം കുറിച്ചു. 2012-ല്‍ നിര്യാതയായ ഷിയാറ കോര്‍ബെല്ല പെട്രില്ലോയെ റോം രൂപതാ വികാരി ജനറല്‍ കാര്‍ഡിനല്‍ അഞ്ജെലോ ഡി ഡൊണാറ്റിസ്, ദൈവദാസിയായി പ്രഖ്യാപിച്ചു. ഷിയാറയും ഭര്‍ത്താവ് എന്‍റിക്കോ പെട്രില്ലോയും വിവാഹിതരായത് 2008-ല്‍ ആണ്. വിവാഹത്തിനു ശേഷം നിരവധി പ്രതിബന്ധങ്ങളിലൂടെ ഈ ദമ്പതിമാര്‍ കടന്നു പോയി. ഇവരുടെ ആദ്യത്തെ രണ്ടു മക്കളും ജനിച്ച് അര മണിക്കൂറിനുള്ളില്‍ മരണമടയുകയായിരുന്നു. 2010-ലാണ് മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചത്. ആ സമയത്ത് ഷിയാറയ്ക്ക് അര്‍ബുദം പിടിപ്പെട്ടതായി സ്ഥിരീകരിച്ചു. പക്ഷേ അതിനു ചികിത്സ സ്വീകരിക്കുന്നത് ഗര്‍ഭസ്ഥശിശുവിന്‍റെ ജീവനെ ബാധിച്ചേക്കാമെന്നതിനാല്‍ ഷിയാറ വിസമ്മതിച്ചു. 2011 മെയില്‍ മകന്‍ ഫ്രാന്‍സെസ്കോ ജനിച്ചു. അപ്പോഴേയ്ക്കും ഷിയാറയുടെ അര്‍ബുദം ഗുരുതരമായിരുന്നു. കുഞ്ഞിന് ഒരു വയസ്സായപ്പോള്‍ അവര്‍ മരണമടഞ്ഞു.

2012 ജൂണ്‍ 13-ന്, തന്‍റെ വിവാഹവസ്ത്രങ്ങളണിഞ്ഞ് സന്തോഷത്തോടെയാണ് ഷിയാറ ഈ ലോകം വിട്ടു പോയത്. ഷിയാറയുടെയും ഭര്‍ത്താവ് പെട്രില്ലോയുടെയും കഥ വൈകാതെ വിശ്വാസികള്‍ അറിയാന്‍ തുടങ്ങി. അനേകര്‍ ഷിയാറയുടെ മാദ്ധ്യസ്ഥ്യം തേടി പ്രാര്‍ത്ഥനയാരംഭിച്ചു. 5-ാം ചരമവാര്‍ഷികത്തില്‍ റോം രൂപത ഷിയാറയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികളാരംഭിക്കാന്‍ തീരുമാനമെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org