സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക്

സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക്

സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക്. ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയ എന്നാകും സിസ്റ്റര്‍ അറിയപ്പെടുക. നാമകരണ നടപടികള്‍ക്കായുള്ള കര്‍ദിനാള്‍മാരുടെ തിരുസംഘത്തിന്‍റെ ഇതുസംബന്ധിച്ച നിര്‍ദേശം ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ച് ഒപ്പു വച്ചു. വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിക്കുന്നതിന്‍റെ തീയതി പിന്നീട് അറിയിക്കും. അതുവരെ ധന്യയായ രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയ എന്ന പേരിലാകും അറിയപ്പെടുക.
സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളാക്കി ഉയര്‍ത്തുന്നതിനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തീരുമാനം ഭാരതസഭയ്ക്കാകെ സന്തോഷത്തിന്‍റെ അവസരമാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്സിസി) സന്യാസിനി സഭാംഗമായ സിസ്റ്റര്‍ റാണി മരിയ മധ്യപ്രദേശിലെ ഇന്‍ഡോര്‍ ഉദയ്നഗര്‍ കേന്ദ്രീകരിച്ചാണു പ്രേഷിതശുശ്രൂഷ നടത്തിവന്നത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ പുല്ലുവഴി ഇടവകാംഗമാണ്. സുവിശേഷവേലയ്ക്കൊപ്പം സാധാരണക്കാര്‍ക്കു വിദ്യാഭ്യാസവും തൊഴിലും ലഭ്യമാക്കുന്നതിനു സാമൂഹ്യ ഇടപെടലുകള്‍ക്കും സിസ്റ്റര്‍ റാണി മരിയ നേതൃത്വം നല്‍കി. ഇതില്‍ രോഷാകുലരായ ആ പ്രദേശത്തെ ജന്മിമാര്‍ സമന്ദര്‍സിംഗ് എന്ന വാടകക്കൊലയാളിയെ ഉപയോഗിച്ച് 1995 ഫെബ്രുവരി 25-നു സിസ്റ്റര്‍ റാണി മരിയയെ കൊലപ്പെടുത്തുകയായിരുന്നു. ഏറെക്കാലത്തെ ജയില്‍വാസത്തിനുശേഷം മാനസാന്തരപ്പെട്ട സമന്ദര്‍സിംഗ് സിസ്റ്റര്‍ റാണി മരിയയുടെ വീട്ടിലെത്തി മാതാപിതാക്കളോടു മാപ്പുചോദിച്ചിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org