Latest News
|^| Home -> National -> സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വപ്രഖ്യാപനം ഇന്‍ഡോറില്‍ നവം. 4 ന്

സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വപ്രഖ്യാപനം ഇന്‍ഡോറില്‍ നവം. 4 ന്

Sathyadeepam

 കേരള സഭാതല ആഘോഷം 11 നും ജന്മനാടിന്‍റെ ആഘോഷം 19 നും

സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവി പ്രഖ്യാപനം മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നവംബര്‍ നാലിനു നടക്കും. ഇതിനോടനുബന്ധിച്ചു കേരളസഭാതല ആഘോഷ പരിപാടികള്‍ 11 ന് എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിലാണു നടക്കുക. സിസ്റ്ററുടെ ജന്മനാടായ പുല്ലുവഴിയില്‍ 19 നു കൃതജ്ഞതാബലിയും പൊതുസമ്മേളനവും ഒരുക്കിയിട്ടുണ്ട്. ഭാരതസഭയിലെ ആദ്യത്തെ വനിതാ രക്തസാക്ഷിയാണ് സിസ്റ്റര്‍ റാണി മരിയ.

ഇന്‍ഡോര്‍ സെന്‍റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രലിനു സമീപത്തെ സെന്‍റ് പോള്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിലൊരുക്കുന്ന വേദിയില്‍ നാലിനു രാവിലെ പത്തിനാണു വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവി പ്രഖ്യാപനചടങ്ങുകള്‍ ആരംഭിക്കുക. വത്തിക്കാനിലെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദി. ഡോ. ആഞ്ജലോ അമാത്തോയുടെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലി മധ്യേയാണു പ്രഖ്യാപനം. സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയാക്കി ഉയര്‍ത്തിക്കൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കല്പന, കര്‍ദി. ഡോ. ആഞ്ജലോ അമാത്തോ ലത്തീനിലും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി ഇംഗ്ലീഷിലും വായിക്കും. റാഞ്ചി ആര്‍ച്ച്ബിഷപ് ഡോ. ടെലസ്ഫോര്‍ ടോപ്പോ മാര്‍പാപ്പയുടെ പ്രഖ്യാപനം ഹിന്ദിയില്‍ പരിഭാഷപ്പെടുത്തും. തുടര്‍ന്നു വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ ശില്പം, തിരുശേഷിപ്പ്, ഛായാചിത്രം എന്നിവയേന്തി അള്‍ത്താരയിലേക്കു പ്രദക്ഷിണം.

സിബിസിഐ പ്രസിഡന്‍റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ബോംബൈ ആര്‍ച്ച്ബിഷപ് കര്‍ദി. ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ജാംബറ്റിസ്റ്റ ദിക്കാത്രോ, ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍ എന്നിവര്‍ ദിവ്യബലിയില്‍ മുഖ്യ സഹകാര്‍മികരാകും. രാജ്യത്തും പുറത്തും നിന്നുമായി അമ്പതോളം മെത്രാന്മാര്‍ ശുശ്രൂഷകളില്‍ പങ്കെടുക്കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ലോക് സഭാ സ്പീക്കറും ഇന്‍ഡോര്‍ എം പിയുമായ സുമിത്ര മഹാജന്‍ തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ, മതരംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.

സിസ്റ്റര്‍ റാണി മരിയയുടെ കബറിടമുള്ള ഉദയ്നഗര്‍ സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ മൂന്നിനും അഞ്ചിനും പ്രത്യേക ശുശ്രൂഷകളുണ്ടാകും. അഞ്ചിനു രാവിലെ പത്തിനു ഉദയ്നഗറില്‍ കൃതജ്ഞതാബലിക്കു വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ജാംബറ്റിസ്റ്റ ദിക്കാത്രോ മുഖ്യകാര്‍മികത്വം വഹിക്കും. കേരളത്തില്‍ നിന്നും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും മെത്രാന്മാര്‍, വൈദികര്‍, സമര്‍പ്പിതര്‍, അല്മായര്‍ തുടങ്ങി 12000 പേര്‍ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പദവി പ്രഖ്യാപന ചടങ്ങുകളില്‍ പങ്കെടുക്കാനെത്തും.

നവംബര്‍ 11 ന് എറണാകുളം- അങ്കമാലി അതിരൂപതയുടെയും എഫ്സിസി സന്യാസിനി സമൂഹ ത്തിന്‍റെയും സംയുക്താഭിമുഖ്യത്തിലാണു കേരളസഭാതല ആഘോഷ പരിപാടികള്‍ നടക്കുക. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൃതജ്ഞതാ ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. കെസിബിസി പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം വചനസന്ദേശം നല്‍കും. തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ സിബിസിഐ പ്രസിഡന്‍റ് കര്‍ദി. മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അനുഗ്രഹപ്രഭാഷണം നടത്തും.

നവംബര്‍ 19 നു സിസ്റ്റര്‍ റാണി മരിയയുടെ ജന്മനാടായ പുല്ലുവഴി സെന്‍റ് തോമസ് പള്ളിയില്‍ ഉച്ചകഴിഞ്ഞു മൂന്നിനു കൃതജ്ഞതാദിവ്യബലി. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിയില്‍ കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ വചനസന്ദേശം നല്‍കും. അഞ്ചിന് പൊതുസമ്മേളനം കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍ അധ്യക്ഷത വഹിക്കും. യാക്കോബായ സഭ ശ്രേഷ്ഠമെത്രാപ്പോലീത്ത ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അനുഗ്രഹപ്രഭാഷണവും സാമൂഹ്യപ്രവര്‍ത്തക ദയാബായി മുഖ്യപ്രഭാഷണവും നടത്തും.

Leave a Comment

*
*