നൈപുണ്യം – സ്വയം തൊഴില്‍ സംരംഭകത്വ വികസന പദ്ധതിയുമായി കെ.എസ്.എസ്.എസ്

നൈപുണ്യം – സ്വയം തൊഴില്‍ സംരംഭകത്വ വികസന പദ്ധതിയുമായി കെ.എസ്.എസ്.എസ്
ഫോട്ടോ അടിക്കുറിപ്പ്: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന നൈപുണ്യം സ്വയം തൊഴില്‍ സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായുള്ള ധന സഹായ വിതരണത്തിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിക്കുന്നു. ബിജു കൂമ്പിക്കന്‍, ലാവണ്യ റ്റി.എന്‍, ഫാ. സുനില്‍ പെരുമാനൂര്‍, ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, മെര്‍ലിന്‍ ടോമി എന്നിവര്‍ സമീപം.

നാനൂറ് കുടുംബങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് ധന സഹായം ലഭ്യമാക്കും

കോട്ടയം : സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന നൈപുണ്യം പദ്ധതിയ്ക്ക് തുടക്കമായി. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ബിജു കൂമ്പിക്കന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, പ്രോഗ്രാം ഓഫീസര്‍ മെര്‍ലിന്‍ ടോമി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പദ്ധതിയുടെ ഭാഗമായി 31 കുടുംബങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കായി നാല് ലക്ഷത്തി എഴുപതിനായിരം രൂപയുടെ ധന സഹായം ലഭ്യമാക്കി. തയ്യല്‍ യൂണിറ്റുകള്‍, നിത്യോപയോഗ സാധനങ്ങളുടെ നിര്‍മ്മാണ യൂണീറ്റുകള്‍, ആട്, പശു, കോഴി വളര്‍ത്തല്‍ യൂണീറ്റുകള്‍, അച്ചാര്‍ യൂണീറ്റുകള്‍, പലഹാര നിര്‍മ്മാണ യൂണീറ്റുകള്‍, മത്സ്യ കൃഷി, പച്ചക്കറി കൃഷി, സ്വയം തൊഴിലിനായി വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ധന സഹായം തുടങ്ങിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ധന സഹായം ലഭ്യമാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഒരു വര്‍ഷം കൊണ്ട് കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ നാനൂറോളം കുടുംബങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി ധന സഹായം ലഭ്യമാക്കുമെന്ന് കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org