അന്ധ, ബധിര വിദ്യാര്‍ഥികള്‍ക്ക് വിശ്വാസപരിശീലന പദ്ധതികളുമായി സീറോ മലബാര്‍ സഭ സ്മാര്‍ട്ട് കാറ്റക്കിസം സജീവമാക്കും

വിശ്വാസ പരിശീലനമേഖലയില്‍ നൂതന ആഭിമുഖ്യങ്ങളും കര്‍മ പദ്ധതികളുമായി സീറോ മലബാര്‍ സഭ. അന്ധ, ബധിര വിദ്യാര്‍ഥികള്‍ക്കു വിശ്വാസപരിശീലനം കൂടുതല്‍ ഫലപ്രദമാക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ആവശ്യമായ പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിനും സഭ പ്രതിജ്ഞാബദ്ധമാണെന്നു സഭയുടെ സിനഡ് അഭിപ്രായപ്പെട്ടു.

അന്ധവിദ്യാര്‍ഥികള്‍ക്കായി ബ്രെയ്ലി ലിപിയില്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കേണ്ടതുണ്ട്. അന്ധരെയും ബധിരരെയും മതബോധനത്തില്‍ സഹായിക്കുന്നതിനു രൂപതകളിലും ഇടവകകളിലും പ്രത്യേകം പരിശീലനം നേടിയവരെ സജ്ജരാക്കണം. വൈകല്യങ്ങള്‍ നേരിടുന്നവരെ സഭയുടെയും സമൂഹത്തിന്‍റെയും മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനാവശ്യമായ പ്രോത്സാഹനങ്ങളും നല്‍കും. അന്ധ, ബധിര വിദ്യാര്‍ഥികളുടെ ആത്മീയ, സഭാത്മകവളര്‍ച്ചയില്‍ രൂപത വിശ്വാസ പരിശീലനകേന്ദ്രങ്ങള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും സിനഡ് ആഹ്വാനം ചെയ്തു.

വിശ്വാസപരിശീലനത്തില്‍ സ്മാര്‍ട്ട് കാറ്റക്കിസം പദ്ധതിക്കു സഭയുടെ വിശ്വാസ പരിശീലന കമ്മീഷന്‍ അന്തിമരൂപം നല്‍കിയതായി ചെയര്‍മാന്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, സെക്രട്ടറി റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് എന്നിവര്‍ അറിയിച്ചു. ഒന്നു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളിലെ പാഠഭാഗങ്ങള്‍, പഠനസാമഗ്രികള്‍, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഡിജിറ്റല്‍ പതിപ്പുകള്‍ ലഭ്യമാക്കും. സഭയില്‍ വിശ്വാസപരിശീലനം നടത്തുന്ന അഞ്ചു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്കും ഇവരുടെ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും സഹായകമാകുന്ന രീതിയിലാണു സ്മാര്‍ട്ട് കാറ്റക്കിസം പദ്ധതി ആവഷ്കരിച്ചിട്ടുള്ളത്. ആദ്യഘട്ടത്തില്‍ പത്താം ക്ലാസിലെ പാഠഭാഗങ്ങളാണു സ്മാര്‍ട്ട് കാറ്റക്കിസത്തിന്‍റെ ഭാഗമായി തയ്യാറായിട്ടുള്ളത്. www.smsmartcatechism.org  എന്ന വെബ്സൈറ്റിലൂടെ ഡിജിറ്റല്‍ രൂപത്തിലുള്ള പാഠഭാഗങ്ങളും അനുബന്ധ പഠനസഹായികളും ഡൗണ്‍ലോഡ് ചെയ്യാം. ഇന്‍റര്‍നെറ്റ്, സോഷ്യല്‍ മീഡിയ എന്നിവയെ വിശ്വാസ പരിശീലന മേഖലയില്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിനും സ്മാര്‍ട്ട് കാറ്റക്കിസത്തിലൂടെ ലക്ഷ്യമിടുന്നതായി റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org