Latest News
|^| Home -> National -> സീറോ മലബാര്‍ സഭയില്‍ ഇനി സ്മാര്‍ട്ട് കാറ്റിക്കിസം

സീറോ മലബാര്‍ സഭയില്‍ ഇനി സ്മാര്‍ട്ട് കാറ്റിക്കിസം

Sathyadeepam

സീറോ മലബാര്‍ സഭയില്‍ വിശ്വാസ പരിശീലന ക്ലാസുകളും പാഠ്യപദ്ധതിയും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കൂടുതല്‍ ആകര്‍ഷകവും ഫലപ്രദവുമാക്കുന്നതിനായി സ്മാര്‍ട്ട് കാറ്റക്കിസം പദ്ധതിയും വെബ് പോര്‍ട്ടലും ആരംഭിച്ചു. സീറോ മലബാര്‍ വിശ്വാസ പരിശീലന കമ്മീഷനാണു സ്മാര്‍ട്ട് കാറ്റക്കിസം പദ്ധതിക്കു രൂപം നല്‍കിയത്. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു.

ഒന്നു മുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സുകളിലെ പാഠഭാഗങ്ങള്‍, പഠനസഹായികള്‍, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഡിജിറ്റല്‍ പതിപ്പുകള്‍ ഇനി www.smsmartcatechism.org എന്ന വെബ്പോര്‍ട്ടലിലൂടെ ലഭിക്കും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള പാഠപുസ്തകങ്ങള്‍ ഇത്തരത്തില്‍ ഡിജിറ്റല്‍ രൂപത്തില്‍ ഉപയോഗിക്കാനാകും. ഓരോ പാഠങ്ങളെയും ആധാരമാക്കിയുള്ള ക്ലാസ്സിന്‍റെ ഓഡിയോ വേര്‍ഷന്‍, ഉള്ളടക്കത്തിന്‍റെ പശ്ചാത്തലം, പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍ (പിപിടി), അധ്യാപക സഹായി എന്നിവയും വെബ് പോര്‍ട്ടലിലുണ്ട്. മൂന്നു ഭാഷകളിലും ഇവ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

ഓരോ ക്ലാസുകളിലെയും വിദ്യാര്‍ഥികളുടെ വിശ്വാസ, വ്യക്തിത്വ വളര്‍ച്ചയ്ക്ക് പ്രചോദനമാകുന്ന ജീവചരിത്രങ്ങള്‍, കഥകള്‍, വീഡിയോകള്‍ എന്നിവ പോര്‍ട്ടലില്‍ ഉണ്ടാകും. അനുദിന വിശുദ്ധര്‍, പ്രചോദനാത്മക കഥകള്‍, ഹ്രസ്വചിത്രങ്ങള്‍, ആക്ഷന്‍ സോംഗുകള്‍, ഡോക്യുമെന്‍ററികള്‍, ചെറിയ വേദോപദേശം, ബൈബിള്‍, വിശ്വാസ പരിശീലനത്തെ സഹായിക്കുന്ന വിവിധ വെബ്സൈറ്റുകളുടെ ലിങ്കുകള്‍ എന്നിവയും സ്മാര്‍ട്ട് കാറ്റക്കിസം പോര്‍ട്ടലില്‍ കാണാനാകും. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും സ്മാര്‍ട്ട് കാറ്റക്കിസം വെബ്പോര്‍ട്ടലില്‍ നിന്നുള്ള പഠനസഹായികളും മറ്റും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകും.

‘രക്ഷയുടെ പാതയില്‍’ എന്ന പേരിലുള്ള സീറോ മലബാര്‍ സഭയുടെ വിശ്വാസ പരിശീലന പാഠാവലിയില്‍ 12 പുസ്തകങ്ങളാണുള്ളത്. ഇന്ത്യയിലും പുറത്തുമുള്ള സീറോ മലബാര്‍ രൂപതകളിലും മറ്റു കേന്ദ്രങ്ങളിലുമായി നാലു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസ്സുകളില്‍ വിശ്വാസപരിശീലനം നടത്തുന്നുണ്ട്. മലയാളത്തിനു പുറമേ, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിലും ഇതിനകം പാഠപുസ്തകങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഇന്‍റര്‍നെറ്റിന്‍റെ സാധ്യതകള്‍ വിശ്വാസപരിശീലന പ്രക്രിയയില്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയാണു സ്മാര്‍ട്ട് കാറ്റക്കിസം പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നതെന്നു സീറോ മലബാര്‍ വിശ്വാസപരിശീലന കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് അറിയിച്ചു. സ്മാര്‍ട്ട് കാറ്റക്കിസം ഫലപ്രദമാക്കുന്നതിനു രൂപതകള്‍ക്കും വിശ്വാസപരിശീലന കേന്ദ്രങ്ങള്‍ക്കും ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സീറോ മലബാര്‍ വിശ്വാസപരിശീലന കമ്മീഷന്‍റെ ഔദ്യോഗിക വെബ്സൈറ്റായwww.syromalabarcatechesis.org-ലൂടെയും വെബ് പോര്‍ട്ടലിലേക്കു പ്രവേശിക്കാം. വിവിധ രൂപതകളിലെ വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടര്‍മാര്‍ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്ന ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു.

Leave a Comment

*
*