Latest News
|^| Home -> Kerala -> സ്നേഹത്തോടെ കൊടുക്കുന്നതാണ് ശരിയായ സാക്ഷ്യം – ആര്‍ച്ചുബിഷപ് സൂസപാക്യം

സ്നേഹത്തോടെ കൊടുക്കുന്നതാണ് ശരിയായ സാക്ഷ്യം – ആര്‍ച്ചുബിഷപ് സൂസപാക്യം

Sathyadeepam

മാടപ്രാവിന്‍റെ നിഷ്കളങ്കതയും സര്‍പ്പത്തിന്‍റെ വിവേകവും ഒരുവനില്‍ സംഗമിക്കുമ്പോഴാണ് യഥാര്‍ത്ഥ സാക്ഷ്യവും ജാഗ്രതയും പ്രാവര്‍ത്തികമാക്കപ്പെടുകയെന്ന് കെസിബിസി-കെസിഎംഎസ് സംയുക്തസമ്മേളനം പിഒസിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കെസിബിസി പ്രസിഡന്‍റ് ആര്‍ച്ചുബിഷപ് സൂസപാക്യം പ്രസ്താവിച്ചു. തെളിനീരൊഴുകുന്ന ഗലീലിയ തടാകംപോലെയോ ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന ചാവുകടല്‍പോലെയോ ആണോ ഓരോരുത്തരും എന്ന് പരിശോധിക്കാന്‍ ആര്‍ച്ചുബിഷപ് ആവശ്യപ്പെട്ടു.

സമ്മേളനത്തിന് കെസിബിസി സെക്രട്ടറി ജനറല്‍ ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. ഏല്പിക്കപ്പെട്ട ദൗത്യങ്ങള്‍ പൂര്‍ണതയില്‍ നിറവേറ്റാനുള്ള പരിശ്രമങ്ങളില്‍ ജാഗ്രതയും സാക്ഷ്യവും വിട്ടുപോകുമ്പോള്‍ പൊതുലക്ഷ്യമായ ദൈവരാജ്യ വളര്‍ച്ചയില്‍ നിന്ന് അകലാനും എതിര്‍സാക്ഷ്യം ഉണ്ടാകാനുമുള്ള സാധ്യത അദ്ദേഹം വിശദീകരിച്ചു. ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ അനുഗ്രഹപ്രഭാഷണം നടത്തി. കുരിശിനെ ഭാരവും ചുമടുമായി കാണാതെ സ്നേഹമാക്കി മാറ്റാനും അവരവരുടെ ജീവിതസാഹചര്യങ്ങളില്‍ വിളിയോട് വിശ്വസ്തത പുലര്‍ത്തി യേശുവിന്‍റെ അതേ മനോഭാവം ലോകാവസാനംവരെ തുടരാനും അദ്ദേഹം അനുസ്മരിപ്പിച്ചു. കെസിഎംഎസ് പ്രസിഡന്‍റ് റവ. ഡോ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍ വിസി, ഫാ. തോമസ് മഞ്ഞക്കുന്നേല്‍, സിസ്റ്റര്‍ ലിറ്റില്‍ ഫ്ളവര്‍ എസ്.ഐ.സി. എന്നിവര്‍ പ്രസംഗിച്ചു. സാക്ഷ്യവും ജാഗ്രതയും എന്ന വിഷയത്തില്‍ മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് ഐ.പി.എസ്. പ്രബന്ധം അവതരിപ്പിച്ചു. പാനല്‍ ചര്‍ച്ചയില്‍ ശോഭാ കോശി, സിബി മാത്യൂസ് ഐ.പി.എസ്. എന്നിവര്‍ പ്രസംഗിച്ചു. ബിഷപ് മാര്‍ തോമസ് തറയില്‍, ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു.

Leave a Comment

*
*