Latest News
|^| Home -> International -> സമൂഹമാധ്യമങ്ങളിലെ വിദ്വേഷപ്രചാരണത്തിനെതിരെ മാര്‍പാപ്പയുടെ മുന്നറിയിപ്പ്

സമൂഹമാധ്യമങ്ങളിലെ വിദ്വേഷപ്രചാരണത്തിനെതിരെ മാര്‍പാപ്പയുടെ മുന്നറിയിപ്പ്

Sathyadeepam

ഇന്നത്തെ സമൂഹമാധ്യമശൃംഖലകളില്‍ ആത്മരതിയും വിദ്വേഷപ്രചാരണവും വര്‍ദ്ധിക്കുന്നതിനെതിരെ മുന്നറിയിപ്പു നല്‍കിയ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്‍റര്‍നെറ്റ് വിനിമയങ്ങളിലൂടെ കൂട്ടായ്മകള്‍ വളര്‍ത്തിയെടുക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തു. ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ മിക്കപ്പോഴും പരസ്പരമുള്ള എതിര്‍പ്പുകളില്‍ അധിഷ്ഠിതമാണെന്നു പാപ്പാ ചൂണ്ടിക്കാട്ടി. നമ്മെ യോജിപ്പിക്കുന്നത് എന്ത് എന്നതിനേക്കാള്‍ ഭിന്നിപ്പിക്കുന്നതെന്ത് എന്നതിലൂന്നിയാണു നാം സ്വയം നിര്‍വചിക്കാന്‍ തുടങ്ങുന്നതെന്ന് ലോകസമ്പര്‍ക്കമാധ്യമദിന സന്ദേശത്തില്‍ മാര്‍പാപ്പ പറഞ്ഞു. ഇതൊടുവില്‍ വിദ്വേഷത്തിലും വ്യക്തിവാദത്തിലും അധിഷ്ഠിതമായ ഒരു ഡിജിറ്റല്‍ അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നു. ക്രിസ്തു ശിരസ്സായുള്ള ഏകശരീരത്തിലെ അംഗങ്ങളാണ് ക്രൈസ്തവരെന്ന നിലയില്‍ നാം എന്നതു തിരിച്ചറിയണം. മനുഷ്യരെ നമ്മോടു മത്സരിക്കാന്‍ സാദ്ധ്യതയുള്ളവരായിട്ടല്ല, നമ്മുടെ ശത്രുക്കളെ പോലും മനുഷ്യരായിട്ടാണു നാം കാണേണ്ടത് – മാര്‍ പാപ്പ വിശദീകരിച്ചു.

വ്യക്തിവിവരങ്ങള്‍ ചൂഷണം ചെയ്തു ലാഭത്തിനു വേണ്ടി ഉപയോഗിച്ചേക്കാവുന്ന അപകടസാദ്ധ്യത സമൂഹമാധ്യമരംഗത്തുണ്ടെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. വ്യക്തിയോടോ അവരുടെ അവകാശങ്ങളോടോ ആദരവില്ലാതെ അവരെ സംബന്ധിച്ച വിവരങ്ങള്‍ സാമ്പത്തിക, രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നവരുണ്ട്. മനുഷ്യവംശത്തിന്‍റെ പുരോഗതിക്കുള്ള ഒരുപകരണമായിട്ടാണ് ഇന്‍റര്‍നെറ്റിനെ കത്തോലിക്കാസഭ കാണുന്നത്. ഇന്‍റര്‍നെറ്റ് ലഭ്യമായ കാലം മുതല്‍ തന്നെ, മാനവൈക്യം വളര്‍ത്തുന്നതിനുള്ള അതിന്‍റെ സേവനത്തെ ഉപയോഗപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും സഭ ശ്രമിച്ചിട്ടുണ്ട്. ശാരീരികമായി നമ്മില്‍നിന്ന് അകലെയായിരിക്കുന്നവരുടെ സൗന്ദര്യത്തിന്‍റേയും സഹനത്തിന്‍റേയും അനുഭവങ്ങളും കഥകളും പങ്കുവയ്ക്കാന്‍ ഇന്‍റര്‍നെറ്റ് അവസരമൊരുക്കുന്നു. ഒന്നിച്ചു പ്രാര്‍ത്ഥിക്കാനും നമ്മെ ഐക്യപ്പെടുത്തുന്ന നന്മകളെ ഒന്നിച്ചന്വേഷിക്കാനും ഇതു സഹായകരമാകുന്നു – മാര്‍പാപ്പ വിശദീകരിച്ചു.

Leave a Comment

*
*