സോമാലിയായിലെ കൂട്ടക്കൊല: ഐക്യം നിലനിര്‍ത്തണമെന്നു സഭ

സോമാലിയായിലെ കൂട്ടക്കൊല:  ഐക്യം നിലനിര്‍ത്തണമെന്നു സഭ

സോമൊലിയായിലെ മൊഗാദിഷുവിലുണ്ടായ വന്‍ ഭീകരാക്രമണത്തിന്‍റെ പേരില്‍ സോമാലിയന്‍ ജനത ഐക്യവും പ്രത്യാശയും കൈവിടരുതെന്നും കൈവിട്ടാല്‍ ഇതൊരു ഇരട്ട ആക്രമണത്തിനു തുല്യമായ ദുരന്തമുണ്ടാക്കുമെന്നും കത്തോലിക്കാസഭ വ്യക്തമാക്കി. സോമാലിയയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണത്തില്‍ മുന്നൂറോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. അനേകര്‍ക്കു പരിക്കേറ്റു. സ്ഫോടകവസ്തുക്കള്‍ നിറച്ച ട്രക്ക് ഒരു ഹോട്ടലിനു മുമ്പിലെ ആള്‍ക്കൂട്ടത്തിലേക്കു കയറ്റി പൊട്ടിത്തെറിപ്പിക്കുകയായിരുന്നു.

സംഭവിച്ചത് ഒരു മഹാദുരന്തമാണെങ്കിലും നിരാശയിലേയ്ക്കു രാജ്യം നിപതിക്കരുതെന്നു സോമാലിയായിലെ മൊഗാദിഷു രൂപതാ അഡ്മിനിസ്ട്രേറ്ററായ ബിഷപ് ജോര്‍ജിയോ ബെര്‍ട്ടിന്‍ വത്തിക്കാന്‍ റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 1989 ല്‍ മൊഗാദിഷു രൂപതാ ബിഷപ് കൊ ല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇതുവരെ അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലാണു രൂപത.

മൊഗാദിഷു ബോംബാക്രമണത്തിന്‍റെ ഉത്തരവാദിത്വം സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ലെങ്കിലും അല്‍ ഖയിദയുമായി ബന്ധപ്പെട്ട ഇസ്ലാമിക തീവ്രവാദികളാണ് അക്രമം നടത്തിയതെന്നു കരുതപ്പെടുന്നു. ആക്രമണത്തില്‍ പരിക്കേറ്റ 40 പേരെ തുര്‍ക്കി ചികിത്സയ്ക്കായി ഏറ്റെടുത്തു കൊണ്ടു പോയി. ആഫ്രിക്കന്‍ യൂണിയനിലെ മറ്റു രാജ്യങ്ങളും സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആക്രമണമുണ്ടായ ഉടനെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ സോമാലിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും പൗരസമൂഹത്തെയും അന്താരാഷ്ട്രസമൂഹം അഭിനന്ദിക്കുന്നുണ്ട്. 90 കളുടെ ആദ്യം മുതല്‍ സംഘര്‍ഷഭരിതമായി തുടരുന്ന സോമാലിയ ഈയടുത്ത് അല്‍പം സ്ഥിരത കൈവരിച്ചിരുന്നു. പക്ഷേ ഇസ്ലാമിക ഭീകരവാദികളുടെ കടന്നു കയറ്റം രാജ്യത്തെ വീണ്ടും പ്രശ്നങ്ങളിലേക്കെത്തിച്ചിരിക്കുകയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org