Latest News
|^| Home -> International -> ദ.സുഡാനിലെ സംഘര്‍ഷം: ആയിരങ്ങള്‍ക്ക് അഭയ കേന്ദ്രങ്ങളായി പള്ളികള്‍

ദ.സുഡാനിലെ സംഘര്‍ഷം: ആയിരങ്ങള്‍ക്ക് അഭയ കേന്ദ്രങ്ങളായി പള്ളികള്‍

Sathyadeepam

ദക്ഷിണ സുഡാനില്‍ ആഭ്യന്തര യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ജനലക്ഷങ്ങളാണ് സ്വന്തം വീടുകളുപേക്ഷിച്ച് സുരക്ഷിതകേന്ദ്രങ്ങളിലേയ്ക്കു പലായനം ചെയ്യുന്നത്. ആയിരങ്ങള്‍ കത്തോലിക്കാ പള്ളികളില്‍ താത്കാലിക അഭയം കണ്ടെത്തുന്നു. സുഡാനിലെ രണ്ടാമത്തെ വലിയ നഗരമായ വാവിലെ സെ. മേരി കത്തീഡ്രലില്‍ ഇപ്രകാരം അനേകര്‍ അഭയം തേടിയിരിക്കുകയാണ്. സര്‍ക്കാരിനെതിരെ പോരാടുന്ന വിമതര്‍ക്കും ദൈവത്തെ ഭയമുണ്ടെന്നും പള്ളിയില്‍ കയറി നിരപരാധികളെ കൊല്ലാന്‍ അവര്‍ തയ്യാറാകില്ലെന്നും ഉള്ള ഒരു വിശ്വാസം ജനങ്ങള്‍ക്കുണ്ടെന്ന് കത്തീഡ്രല്‍ വികാരി ഫാ. മോസസ് പീറ്റര്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ പള്ളിയായ കത്തീഡ്രലില്‍ പതിനായിരത്തോളം പേര്‍ കഴിയുന്നു. മറ്റു പള്ളികളിലും നൂറു കണക്കിനു പേരുണ്ടെന്ന് ഫാ. പീറ്റര്‍ അറിയിച്ചു. വാവ് നഗരത്തെ ആഭ്യന്തര യുദ്ധം കാര്യമായി ബാധിച്ചിട്ടില്ല.

പുതുതായി ജന്മം കൊണ്ട ദക്ഷിണ സുഡാനില്‍ കഴിഞ്ഞ മൂന്നര വര്‍ഷമായി ആഭ്യന്തര സംഘര്‍ഷം നടക്കുകയാണ്. പ്രസിഡന്‍റ് സല്‍വാകിറിന്‍റെ കീഴിലുള്ള സൈന്യവും മുന്‍ വൈസ് പ്രസിഡന്‍റ് റെയ്ക് മഷാറിനെ അനുകൂലിക്കുന്നവരും തമ്മിലാണ് പോരാട്ടം. യുദ്ധം തുടങ്ങിയതിനു ശേഷം ഏതാണ്ട് 40 ലക്ഷം സുഡാനികള്‍ രാജ്യം വിട്ടു പലായനം ചെയ്തിട്ടുണ്ടെന്നാണു കണക്കുകള്‍. അയല്‍ രാജ്യമായ ഉഗാണ്ടയില്‍ ഒരു ലക്ഷം പേരെങ്കിലും എത്തിച്ചേര്‍ന്നിട്ടുണ്ട്.
പള്ളികള്‍ അഭയാര്‍ത്ഥികള്‍ക്ക് താമസസൗകര്യം നല്‍കാന്‍ മടിക്കുന്നില്ലെങ്കിലും എല്ലാവര്‍ക്കും ആഹാരം ലഭ്യമാക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് സഭാധികാരികള്‍ പറഞ്ഞു. ലോക ഭക്ഷ്യ പരിപാടിയില്‍ നിന്നുള്ള ഭക്ഷണവിതരണം നിറുത്തിയിട്ട് 4 മാസങ്ങള്‍ കഴിഞ്ഞു. ഭക്ഷ്യസഹായത്തിനും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ഇടപെടലുകള്‍ക്കുമായി സുഡാനീസ് മെത്രാന്‍ സംഘം അന്താരാഷ്ട്ര സമൂഹത്തിന്‍റെ സഹായമഭ്യര്‍ത്ഥിക്കുകയാണ്.

Leave a Comment

*
*