മാധ്യമപ്രവര്‍ത്തനമുപേക്ഷിച്ചു ആഫ്രിക്കയില്‍; മിഷന്‍ മടുക്കില്ലെന്നു സ്പാനിഷ് യുവതി

മാധ്യമപ്രവര്‍ത്തനമുപേക്ഷിച്ചു ആഫ്രിക്കയില്‍;  മിഷന്‍ മടുക്കില്ലെന്നു സ്പാനിഷ് യുവതി

മാധ്യമപ്രവര്‍ത്തനരംഗത്ത് മികച്ച ഭാവി ഉറപ്പായിരിക്കെയാണ് 30 കാരിയായ ബെലെന്‍ മാന്‍റിക് മാതൃരാജ്യമായ സ്പെയിനില്‍നിന്ന് കുടുംബത്തെയും കൂട്ടുകാരേയും ഉപേക്ഷിച്ച് എത്യോപ്യായിലേയ്ക്കു യാത്രയായത്. അവിടെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് സേവനം ചെയ്യുകയെന്നതായിരുന്നു ലക്ഷ്യം. ഈ ജീവിതം തിരഞ്ഞെടുത്തതില്‍ തികച്ചും സന്തുഷ്ടയാണെന്നും മിഷന്‍ ഒരിക്കലും മടുപ്പുളവാക്കുകയില്ലെന്നും ബെലെന്‍ പറയുന്നു.

കര്‍ത്താവിന്‍റെ കരങ്ങളില്‍ സ്വയം സമര്‍പ്പിച്ചാല്‍ നിറയെ അത്ഭുതങ്ങള്‍ നിറഞ്ഞ ജീവിതമാണ് മിഷന്‍ സമ്മാനിക്കുന്നതെന്നു ബെലെന്‍ വ്യക്തമാക്കി. എത്യോപ്യായുടെ തലസ്ഥാനമായ അഡിസ് അബാബയിലാണ് അവര്‍ താമസിക്കുന്നത്. വളരെ ദരിദ്രമായ ഒരു സഭയാണ് ഇവിടത്തേത്. എത്യോപ്യായിലെ ജനങ്ങളില്‍ പകുതി മുസ്ലീങ്ങളും പകുതി ക്രിസ്ത്യാനികളുമാണ്. ക്രൈസ്തവരിലേറെയും ഓര്‍ത്തഡോക്സ് സഭാംഗങ്ങളാണ്. കത്തോലിക്കര്‍ ഒരു ശതമാനമേ വരൂ.

കത്തോലിക്കാസഭയിലെ നിയോക്യാറ്റക്യുമെനല്‍ വേ എന്ന അല്മായ പ്രസ്ഥാനത്തിലെ അംഗമാണ് ബെലെന്‍. സംഘടന നല്‍കിയ വ്യക്തിത്വരൂപീകരണമാണ് ഈ മിഷന്‍ ഏറ്റെടുക്കാന്‍ തന്നെ പ്രേരിപ്പിക്കുകയും പ്രാപ്തയാക്കുകയും ചെയ്തതെന്നു ബെലെന്‍ പറഞ്ഞു. ഞാന്‍ യേശുക്രിസ്തുവിനെ കണ്ടുമുട്ടി. എനിക്കു ആനന്ദം പകരാന്‍ ക്രിസ്തുവിനു മാത്രമേ സാധിക്കുകയുള്ളൂ എന്നു മനസ്സിലാക്കി. കര്‍ത്താവ് എനിക്കു വേണ്ടി നിശ്ചയിച്ച മിഷന്‍ പ്രദേശത്തേയ്ക്ക് ഞാന്‍ പോരികയും ചെയ്തു -അവര്‍ പറയുന്നു.

കത്തോലിക്കാസഭയുടെ സാന്നിദ്ധ്യം തീരെയില്ലാത്ത പ്രദേശത്താണ് ഇപ്പോള്‍ ബെലെന്‍റെ പ്രവര്‍ത്തനങ്ങള്‍. കത്തോലിക്കരാകുകയെന്നാല്‍ പുരോഹിതനോ കന്യാസ്ത്രീയോ ആകുകയെന്നു കരുതുന്ന അനേകരെ ബെലെന്‍ കണ്ടുമുട്ടി. കാരണം വൈദികരോ കന്യാസ്ത്രീകളോ അല്ലാത്ത കത്തോലിക്കരെ അവര്‍ ഇതുവരെ കണ്ടിട്ടില്ല. ഈ സാഹചര്യത്തില്‍ തന്നെപോലുള്ള അല്മായമിഷണറിമാരുടെ സാന്നിദ്ധ്യം വളരെ പ്രസക്തമാണെന്ന പ്രത്യാശയാണ് ബെലെനുള്ളത്. താന്‍ കണ്ടുമുട്ടുന്ന എത്യോപ്യാക്കാരിലേറെയും എങ്ങനെയെങ്കിലും സ്വന്തം രാജ്യം വിട്ടുപോകാന്‍ ആഗ്രഹിക്കുന്നവരാണെന്നും ബെലെന്‍ പറഞ്ഞു. തങ്ങളെ യൂറോപ്പിലേയ്ക്കു കൊണ്ടുപോകണമെന്നു പറയുന്നവരോട് താന്‍ യൂറോപ്പ് ഉപേക്ഷിച്ചു വന്ന കഥ പറയുകയാണ് ബെലെന്‍. സന്തോഷമിരിക്കുന്നത് സമ്പത്തിലല്ലെന്നും ബെലെന്‍ അവരോടു പറയുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org