സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ട രക്തസാക്ഷി

സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ട രക്തസാക്ഷി

സിസ്റ്റര്‍ റാണി മരിയയെ തിരുസഭയിലെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചു. ഭാരതസഭയിലെ ആദ്യത്തെ വാഴ്ത്തപ്പെട്ട വനിതാ രക്തസാക്ഷിയായി സി. റാണി മരിയ ഇനി അള്‍ത്താരയില്‍. ഇന്‍ഡോര്‍ സെന്‍റ് പോള്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിലെ പ്രത്യേക വേദിയില്‍ അഞ്ചു കര്‍ദിനാള്‍മാര്‍ ഉള്‍പ്പെടെ അറുപതോളം മെത്രാന്മാരുടെയും നൂറുകണക്കിനു വൈദികരുടെയും സന്യാസിനികളുടെയും ആയിരക്കണക്കിനു വിശ്വാസികളുടെയും സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനച്ചടങ്ങുകള്‍. മുഖ്യകാര്‍മ്മികന്‍ വത്തിക്കാനിലെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദിനാള്‍ ഡോ. ആഞ്ജലോ അമാത്തോ സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയാക്കി ഉയര്‍ത്തിക്കൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തിരുവെഴുത്ത് വായിച്ചു.

സീറോ മലബാര്‍ സഭڅമേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇംഗ്ലീഷിലും റാഞ്ചി ആര്‍ച്ച്ബിഷപ് ഡോ. ടെലസ്ഫോര്‍ ടോപ്പോ ഹിന്ദിയിലും മാര്‍പാപ്പയുടെ പ്രഖ്യാപനം വായിച്ചു. റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയാക്കി ഉയര്‍ത്തുന്നതിനു ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍ ഔദ്യോഗികമായി മുഖ്യകാര്‍മ്മികനോട് ആവശ്യപ്പെട്ടു. റാണി മരിയയുടെ ലഘുജീവചരിത്രം വൈസ് പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ സ്റ്റാര്‍ലി ഇംഗ്ലീഷിലും സത്ന ബിഷപ് മാര്‍ ജോസഫ് കൊടകല്ലില്‍ ഹിന്ദിയിലും വായിച്ചു.

സിസ്റ്റര്‍ റാണി മരിയയുടെ വാരിയെല്ലിന്‍റെ ഭാഗമടങ്ങിയ തിരുശേഷിപ്പ് എഫ്സിസി മദര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫില്‍ നിന്നു സിബിസിഐ പ്രസിഡന്‍റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഏറ്റുവാങ്ങി. തിരുസ്വരൂപം റാണി മരിയയുടെ സഹോദരങ്ങളും ഛായാചിത്രം ഇന്‍ഡോര്‍ രൂപത പ്രതിനിധികളുമാണു വഹിച്ചത്. മുഖ്യകാര്‍മ്മികന്‍ കര്‍ദിനാള്‍ അമാത്തോ തിരുശേഷിപ്പും തിരുസ്വരൂപവും ചിത്രവും ആശീര്‍വദിച്ചതോടെ പ്രഖ്യാപനശുശ്രൂഷ പൂര്‍ത്തിയായി. മറ്റു കര്‍ദിനാള്‍മാര്‍ക്കും ഇന്‍ഡോര്‍ ബിഷപ്പിനും എഫ്സിസി മദര്‍ ജനറല്‍, വൈസ് പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ സ്റ്റാര്‍ലി എന്നിവര്‍ക്കും കര്‍ദിനാള്‍ അമാത്തോ മാര്‍പാപ്പയുടെ തിരുവെഴുത്തിന്‍റെ പകര്‍പ്പുകള്‍ കൈമാറി.

ബോംബൈ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് സുവിശേഷം വായിച്ചു. കര്‍ദിനാള്‍ അമാത്തോ വചനസന്ദേശം നല്‍കി. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ജിയാംബറ്റിസ്റ്റ, മധ്യപ്രദേശ് മെത്രാന്‍സമിതി അധ്യക്ഷനും ഭോപ്പാല്‍ ആര്‍ച്ച്ബിഷപ്പുമായ ഡോ. ലിയോ കൊര്‍ണേലിയോ, സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. തിയോഡര്‍ മസ്ക രനാസ്, വത്തിക്കാനിലെ നാമക രണ കാര്യാലയത്തിന്‍റെ സെക്രട്ടറി മോണ്‍. റോബര്‍ട്ട് സാര്‍ണോ എന്നിവരുള്‍പ്പടെ രാജ്യത്തും പുറത്തും നിന്നുമായി അറുപതോളം മെത്രാന്മാര്‍ ശുശ്രൂഷകളില്‍ സഹകാര്‍മികരായി. പ്രദക്ഷിണം, വിശുദ്ധ ഗ്രന്ഥവായനകള്‍, കാഴ്ചസമര്‍പ്പണം, പ്രാര്‍ഥനകള്‍ എന്നിവയില്‍ കേരളത്തിലെയും മധ്യപ്രദേശിലെയും പ്രതിനിധികളുണ്ടായിരുന്നു. പൊതുസമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ക്ലീമിസ് മുഖ്യപ്രഭാഷണം നടത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org