സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവി: പ്രഖ്യാപനം നവംബറില്‍ ഉണ്ടായേക്കും

സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവി: പ്രഖ്യാപനം നവംബറില്‍ ഉണ്ടായേക്കും

സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തുന്നതിന്‍റെ ഔദ്യോഗിക ചടങ്ങ് നവംബര്‍ നാലിനെന്നു സൂചന. സിസ്റ്ററിന്‍റെ പ്രധാന പ്രേഷിത പ്രവര്‍ത്തനമേഖലയായിരുന്ന മധ്യപ്രദേശിലെ ഇന്‍ഡോറിലാണു ശുശ്രൂഷകള്‍ നടക്കുക. തീയതി സംബന്ധിച്ചു വത്തിക്കാനില്‍ നിന്നുള്ള അന്തിമ തീരുമാനം ഉടനെ ഉണ്ടാകുമെന്നു സഭാവൃത്തങ്ങള്‍ പറഞ്ഞു. വത്തിക്കാനിലെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദിനാള്‍ ഡോ. ആഞ്ജലോ അമാത്തോയാണു സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തുക. സിസ്റ്ററിന്‍റെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററും ഒഎഫ്എം കോണ്‍ഗ്രിഗേഷന്‍ അംഗവുമായ ഫാ. ജുവാന്‍ ജിസപ്പേ കാലിഫിനോയും വത്തിക്കാനില്‍ നിന്നു ചടങ്ങില്‍ പങ്കെടുക്കാനെത്തും. ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, ഭോപ്പാല്‍ ആര്‍ച്ച്ബിഷപ് ഡോ. ലിയോ കൊര്‍ണേലിയോ, മധ്യപ്രദേശിലെയും കേരളത്തിലെയും മെത്രാപ്പോലീത്തമാര്‍, മെത്രാന്മാര്‍ എന്നിവരും ശുശ്രൂഷകളില്‍ പങ്കെടുക്കും.

ഇന്‍ഡോര്‍ ബിഷപ്സ് ഹൗസിനോട് ചേര്‍ന്നുള്ള വേദിയിലാകും വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്കുയര്‍ത്തുന്ന ശുശ്രൂഷകള്‍ നടക്കുക. പ്രഖ്യാപനച്ചടങ്ങിനുശേഷം, "രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയ" എന്നാകും സിസ്റ്റര്‍ അറിയപ്പെടുക. കഴിഞ്ഞ മാര്‍ച്ച് 24-നാണു സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയര്‍ത്തുന്നതിനുള്ള രേഖയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പുവച്ചത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ പുല്ലുവഴി ഇടവകാംഗമാണു സിസ്റ്റര്‍ റാണി മരിയ. മധ്യപ്രദേശിലെ ഇന്‍ഡോര്‍ രൂപതയിലെ ഉദയ്നഗര്‍ കേന്ദ്രീകരിച്ചാണു സിസ്റ്റര്‍ പ്രേഷിതശുശ്രൂഷ നടത്തിവന്നത്. എഫ്സിസി ഭോപ്പാല്‍ അമല പ്രോവിന്‍സില്‍ സാമൂഹ്യപ്രവര്‍ത്തന വിഭാഗത്തിന്‍റെ ചുമതലയുള്ള കൗണ്‍സിലറായിരിക്കെ 1995 ഫെബ്രുവരി 25-നാണു സിസ്റ്ററിന്‍റെ രക്തസാക്ഷിത്വം. സിസ്റ്ററിന്‍റെ പ്രേഷിതപ്രവര്‍ത്തനങ്ങളിലൂടെ ഉദയ്നഗറിലെ സാധാരണക്കാര്‍ക്കുണ്ടായ പുരോഗതിയില്‍ രോഷാകുലരായ ജന്മിമാര്‍ക്കുവേണ്ടി സമന്ദര്‍സിംഗ് എന്ന വാടകക്കൊലയാളി സിസ്റ്റര്‍ റാണി മരിയയെ ബസ് യാത്രക്കിടെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇദ്ദേഹം പിന്നീടു മാനസാന്തരപ്പെട്ടു. ഇന്‍ഡോര്‍ രൂപതയിലെ ഉദയ്നഗര്‍ സേക്രട്ട് ഹാര്‍ട്ട് പള്ളിയിലാണു സിസ്റ്റര്‍ റാണി മരിയയുടെ കബറിടം.

ഇന്‍ഡോറില്‍ നടക്കുന്ന പ്രഖ്യാപനച്ചടങ്ങില്‍ കേരളത്തില്‍ നിന്നുള്ള മെത്രാന്മാരും വൈദികരും എഫ്സിസി സന്യാസിനികളും കുടുംബാംഗങ്ങളും മറ്റു പ്രതിനിധികളും പങ്കെടുക്കും. സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തുന്നതിനോടനുബന്ധിച്ചു കേരളസഭയുടെ കൃതജ്ഞതാബലിയും ആഘോഷവും എറണാകു ളം അങ്കമാലി അതിരൂപതയുടെ ആതിഥേയത്വത്തില്‍ നവംബറില്‍ത്തന്നെ കൊച്ചിയില്‍ നടക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org