ശ്രീലങ്കയിലെ ക്രൂരമായ ആക്രമണത്തെ മാര്‍പാപ്പ ശക്തിയായി അപലപിച്ചു

ശ്രീലങ്കയിലെ ക്രൂരമായ ആക്രമണത്തെ മാര്‍പാപ്പ ശക്തിയായി അപലപിച്ചു

ഈസ്റ്റര്‍ ദിനത്തില്‍ നല്‍കുന്ന പരമ്പരാഗതമായ 'ഊര്‍ബി എറ്റ് ഒര്‍ബി' സന്ദേശത്തിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പ, ശ്രീലങ്കയില്‍ ഭീകരവാദികള്‍ നടത്തിയ ക്രൂരമായ ആക്രമണത്തെ ശക്തിയായി അപലപിച്ചു. ശ്രീലങ്കയിലെ ക്രൈസ്തവസമൂഹത്തോടു താന്‍ ചേര്‍ന്നു നില്‍ക്കുന്നതായും ക്രൂരമായ ഈ ആക്രമണത്തിന്‍റെ എല്ലാ ഇരകള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുന്നതായും മാര്‍പാപ്പ അറിയിച്ചു. സെ. പീറ്റേഴ്സ് അങ്കണത്തിലെത്തിയിരുന്ന വിശ്വാസികളുമൊത്ത് ഒരു മിനിറ്റ് മൗനാചരണവും മാര്‍പാപ്പ നടത്തി. ഈസ്റ്ററിനും ക്രിസ്മസിനുമാണ് 'നഗരത്തിനും ലോകത്തിനുമായി' മാര്‍പാപ്പ ഔദ്യോഗിക സന്ദേശം നല്‍കുക. സന്ദേശം നല്‍കുന്നതിനു മുമ്പുള്ള ഈസ്റ്റര്‍ കുര്‍ബാനയ്ക്കിടയിലുള്ള സുവിശേഷപ്രസംഗം വേണ്ടെന്നു വച്ച മാര്‍പാപ്പ അപ്പോഴും ഒരു മിനിറ്റ് മൗനപ്രാര്‍ത്ഥന നടത്തുകയാണു ചെയ്തത്.

സംഘര്‍ഷങ്ങളും അക്രമങ്ങളും മൂലം ലോകത്തില്‍ സഹനമനുഭവിക്കുന്ന സകലര്‍ക്കും വേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കുന്നതായി സന്ദേശത്തില്‍ മാര്‍പാപ്പ വ്യക്തമാക്കി. ഇത്തരം ആളുകളുടെ വിധിയോട് ഉദാസീനത പുലര്‍ത്തരുതെന്ന് കത്തോലിക്കരെ മാര്‍പാപ്പ ആഹ്വാനം ചെയ്തു.

സമാധാനവും സ്വാതന്ത്ര്യവും ഉറപ്പു വരുത്തുന്ന രാഷ്ട്രീയപരിഹാരങ്ങളാണ് ലോകം നേരിടുന്ന മാനവീക പ്രതിസന്ധികള്‍ക്കുണ്ടാകേണ്ടതെന്നു മാര്‍പാപ്പ പറഞ്ഞു. യെമെന്‍, ഇസ്രായേല്‍, പലസ്തീന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കു വേണ്ടി മാര്‍പാപ്പ ഈസ്റ്റര്‍ ദിനത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. ഉത്ഥിതനായ കര്‍ത്താവിനും മരണത്തിനു മേല്‍ അവിടുന്നു നേടിയ വിജയത്തിനും സാക്ഷ്യം വഹിക്കുന്നതില്‍ ക്ഷമാപൂര്‍വം ഉറച്ചു നില്‍ക്കാന്‍ ഈ മേഖലയിലെ ക്രൈസ്തവര്‍ക്കു കഴിയണമെന്ന് പാപ്പ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org