വി. മറിയം ത്രേസ്യയുടെ വിശുദ്ധപദ പ്രഖ്യാപനത്തിന്‍റെ ദേശീയതല കൃതജ്ഞതാഘോഷം

വി. മറിയം ത്രേസ്യയുടെ വിശുദ്ധപദ പ്രഖ്യാപനത്തിന്‍റെ ദേശീയതല കൃതജ്ഞതാഘോഷം

വിശുദ്ധ മറിയം ത്രേസ്യയുടെ ദീപ്തസ്മരണകളോടെ കുഴിക്കാട്ടുശ്ശേരിയിലെ കബറിട ദേവാലയാങ്കണത്തില്‍ അര്‍പ്പിക്കപ്പെട്ട കൃതജ്ഞതാബലിയിലും പൊതുസമ്മേളനത്തിലും ആയിരങ്ങള്‍ പങ്കെടുത്തു. കര്‍ദിനാള്‍മാരും ആര്‍ച്ച്ബിഷപ്പുമാരും 30 മെത്രാന്മാരും 300 വൈദികരും മറിയം ത്രേസ്യ നഗറിലെ പ്രധാന ബലിപീഠത്തിലേക്കു പ്രദക്ഷിണമായി നീങ്ങി. ഹോളിഫാമിലി സന്യാസിനീ സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍ മദര്‍ ഉദയ കൈമാറിയ തിരുശേഷിപ്പ് പേടകം തൃശൂര്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വിശുദ്ധയുടെ തിരുസ്വരൂപത്തിനരികില്‍ തയ്യാറാക്കിയ പീഠത്തില്‍ സ്ഥാപിച്ചു. ദിവ്യബലിക്കു മുന്നോടിയായി ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സ്വാഗതമാശംസിച്ചു.

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കൃതജ്ഞതാബലിയില്‍ മുഖ്യകാര്‍മികനായിരുന്നു. സിബിസിഐ പ്രസിഡന്‍റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ആര്‍ച്ചുബിഷപ് ഡോ. ജോര്‍ജ് പാനികുളം എന്നിവരോടു ചേര്‍ന്ന് ദിവ്യബലിയില്‍ ആച്ചുബിഷപ്പുമാരും ബിഷപ്പുമാരുമായി 30 പേര്‍ സഹകാര്‍മികത്വം വഹിച്ചു. മലങ്കര സുറിയാനി കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നല്‍കി. സീറോ മലബാര്‍ സഭയുടെ ആരാധനക്രമത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ സുറിയാനി, ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളില്‍ പ്രാര്‍ത്ഥനകളും ഗീതങ്ങളും ഉണ്ടായിരുന്നു. വചനവായനകളും ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിലായിരുന്നു.

പൊതുസമ്മേളനം സിബിസിഐ പ്രസിഡന്‍റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഹോളി ഫാമിലി സന്യാസിനീ സമൂഹത്തിന്‍റെ ഭവനപദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വിശുദ്ധപദ പ്രഖ്യാപനത്തോടനുബന്ധിച്ച് നടത്തുന്ന അഞ്ചുകോടി രൂപയുടെ കാരുണ്യ പദ്ധതികള്‍ സുപ്പീരിയര്‍ ജനറല്‍ മദര്‍ ഉദയ വിശദീകരിച്ചു. മന്ത്രി വി.എസ്. സുനില്‍ കുമാര്‍ കാരുണ്യ പദ്ധതികളുടെയും ആതുര ശുശ്രൂഷാ സഹായ പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് പാനികുളം ഹോളി ഫാമിലി കമ്യൂണിക്കേഷന്‍സ് തയ്യാറാക്കിയ പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സ്കോളര്‍ഷിപ്പ് പദ്ധതികളുടെ ഉദ്ഘാടനം നടത്തി.

ഭാരതത്തിന്‍റെ അപ്പസ്തോലിക് നൂണ്ഷ്യോ ഡോ. ജാംബത്തിസ്ത ദിക്വാത്രോയെ പ്രതിനിധീകരിച്ച് മോണ്‍. മിത്യാലെസ്കോവര്‍, വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന്‍റെ പ്രതിനിധി ഫാ. കിം ഡിസൂസ എന്നിവര്‍ സന്ദേശം നല്‍കി. അഡ്വ. വി. ആര്‍. സുനില്‍കുമാര്‍ എംഎല്‍എ വിശുദ്ധ മറിയം ത്രേസ്യയുടെ ഛായാചിത്രം അടങ്ങുന്ന സ്റ്റാമ്പ് പുറത്തിറക്കി. ബെന്നി ബഹനാന്‍ എംപി വിവാഹസഹായ പദ്ധതിയും ഇരിങ്ങാലക്കുട രൂപതയുടെ കാരുണ്യ പദ്ധതികള്‍ ടി.എന്‍ പ്രതാപന്‍ എംപിയും ഉദ് ഘാടനം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org