പ.മറിയത്തിന്‍റേതു പോലുള്ള ഹൃദയങ്ങള്‍ ദൈവം ഇന്നും തേടുന്നു – ഫ്രാന്‍സിസ് മാര്‍പാപ്പ

പ.മറിയത്തിന്‍റേതു പോലുള്ള ഹൃദയങ്ങള്‍ ദൈവം ഇന്നും തേടുന്നു – ഫ്രാന്‍സിസ് മാര്‍പാപ്പ

തന്‍റെ ക്ഷണം സ്വീകരിക്കാന്‍ തുറവുള്ള പ.മറിയത്തിന്‍റേതു പോലുള്ള ഹൃദയങ്ങള്‍ ദൈവമിന്നും തേടിക്കൊണ്ടിരിക്കുകയാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. പഴയ കാലത്തെന്നതുപോലെ ഇന്നും ദൈവം സഹകാരികളെ അന്വേഷിച്ചു കൊണ്ടു നമ്മുടെ അയല്‍ക്കൂട്ടങ്ങളിലും തെരുവുകളിലും ചുറ്റി നടക്കുന്നുണ്ട്. വിശ്വസിക്കാന്‍ പ്രാപ്തിയുള്ള സ്ത്രീപുരുഷന്മാരെ ദൈവത്തിനിന്നും ആവശ്യമുണ്ട്. മനുഷ്യരെ തന്‍റെ ജനമായും പരിശുദ്ധാത്മാവിനോടു സഹകരിക്കുന്നവരുമായാണ് ദൈവം ഇപ്പോഴും കാണുന്നത് – മാര്‍പാപ്പ വിശദീകരിച്ചു. മംഗളവാര്‍ത്താതിരുനാളാഘോഷത്തിന്‍റെ ഭാഗമായി ഇറ്റലിയിലെ മിലാനില്‍ ദിവ്യബലിയര്‍പ്പിച്ചു സംസാരിക്കുകയായിരു ന്നു മാര്‍പാപ്പ.
മിലാനിലേയ്ക്കുള്ള മാര്‍പാപ്പയുടെ ആദ്യത്തെ സന്ദര്‍ശനമായിരുന്നു ഇത്. നഗരത്തില്‍ ഏറ്റവും ദരിദ്രരായ ആളുകള്‍ പാര്‍ക്കുന്ന ഭാഗം സന്ദര്‍ശിച്ച മാര്‍പാപ്പ രണ്ടു വീടുകളില്‍ കയറുകയും പിന്നീടു പുറത്തുവന്ന് എല്ലാവരുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കുടിയേറ്റക്കാരും മുസ്ലീങ്ങളും ഉള്‍പ്പെടുന്ന ജനസമൂഹമാണ് മാര്‍പാപ്പയെ സ്വീകരിച്ചത്. തുടര്‍ന്ന് കത്തീഡ്രലിലെത്തിയ അദ്ദേഹം അവിടെയും ആളുകളുമായി ഇടപെടുകയും മുന്നൊരുക്കമില്ലാത്ത പ്രസംഗങ്ങള്‍ നടത്തുകയും ആളുകളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമേകുകയും ചെയ്തു. തുടര്‍ന്ന് 1700 പേര്‍ കഴിയുന്ന ജയില്‍ സന്ദര്‍ശിച്ചു. 100 ജയില്‍ പുള്ളികളുടെ കൂടെയിരുന്ന് ഉച്ചഭക്ഷണം കഴിച്ചു.
മറിയത്തിന്‍റെ കാര്യത്തിലെന്നതു പോലെ നമ്മുടെ ജീവിതങ്ങളിലും ദൈവം മുന്‍കൈയെടുത്ത് ഇടപെടുന്നുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു. നമ്മുടെ അനുദിന പോരാട്ടങ്ങളിലും ആകുലതകളിലും ആഗ്രഹങ്ങളിലും അവിടുന്ന് സ്വയം ഉള്‍പ്പെടുത്തുന്നുണ്ട്. "ആഹ്ലാദിക്കുക, കര്‍ത്താവ് നിന്നോടു കൂടെ!" എന്ന ഏറ്റവും മനോഹരമായ പ്രഖ്യാപനം പതിവു ജീവിതചര്യകള്‍ക്കിടയില്‍ നമുക്കു കേള്‍ക്കാം. എന്നാല്‍, ഈ പ്രഖ്യാപനം കേള്‍ക്കുന്നതിന്‍റെ ആഹ്ലാദത്തിനിടയിലും നമ്മുടെ കാലത്തിന്‍റെ ഊഹാപോഹങ്ങളാല്‍ ശ്രദ്ധ തിരിഞ്ഞ് മറിയത്തെപോലെ "ഇതെങ്ങനെ സംഭവിക്കും?" എന്നു നമ്മള്‍ ചോദിക്കാനും ഇടയുണ്ട്. പാവപ്പെട്ടവരെയും കുടിയേറ്റക്കാരെയും യുവജനങ്ങളെയും അവരുടെ ഭാവിയെയും സംബന്ധിച്ചൊക്കെ ഇത്തരം ഊഹാപോഹങ്ങള്‍ നാം കേള്‍ക്കുന്നുണ്ട്. എല്ലാവരേയും അക്കങ്ങളിലേയ്ക്കു ചുരുക്കുമ്പോള്‍ മറുവശത്ത് നിരവധി കുടുംബങ്ങള്‍ അരക്ഷിതത്വത്തിലും അനിശ്ചിതത്വത്തിലും കഴിയുന്നു – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org