ഭീകരാക്രമണം നടന്ന ശ്രീലങ്കന്‍ പള്ളി പുനഃകൂദാശ ചെയ്തു

ഭീകരാക്രമണം നടന്ന ശ്രീലങ്കന്‍ പള്ളി പുനഃകൂദാശ ചെയ്തു

ഈസ്റ്റര്‍ നാളില്‍ ഇസ്ലാമിക ഭീകരവാദികള്‍ ചാവേറാക്രമണം നടത്തി വിശ്വാസികളെ വധിച്ച ദേവാലയം പുനഃനിര്‍മ്മിച്ചു കൂദാശ ചെയ്തു. ഏപ്രില്‍ 21-നു പലയിടങ്ങളിലായി ശ്രീലങ്കയില്‍ നടന്ന ആക്രമണങ്ങളില്‍ ആകെ 250-ലേറെ കത്തോലി ക്കര്‍ കൊല്ലപ്പെടുകയും 500-ലേറെ പേര്‍ക്കു പരിക്കേല്‍ക്കുകയും പള്ളികള്‍ തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു. ഇതില്‍ നെഗോംബോ സെ. സെബാസ്റ്റ്യന്‍സ് പള്ളിയുടെ പുനഃനിര്‍മ്മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. കൂദാശകര്‍മ്മത്തില്‍ കാര്‍ഡിനല്‍ മാല്‍ക്കം രഞ്ജിത്ത് മുഖ്യകാര്‍മ്മികനായി.

ആക്രമണങ്ങളെ കുറിച്ചുള്ള അന്വേഷണം പരാജയമാണെന്നു കാര്‍ഡിനല്‍ കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥരും രാഷ്ട്രീയനേതൃത്വവും അധികാരക്കളികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. രാജ്യത്തിനെതിരെ നടക്കുന്ന അന്താരാഷ്ട്ര ഗൂഢാലോചനകള്‍ അവര്‍ ശ്രദ്ധിക്കുന്നില്ല. സാധാരണക്കാരെ കുറിച്ച് അവര്‍ക്കു ചിന്തയില്ല. ഇന്‍റെലിജെന്‍സിന്‍റെ മുന്നറിയിപ്പുകള്‍ക്ക് അവര്‍ ചെവി കൊടുക്കുന്നില്ല. അധികാരത്തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറിനു ശേഷം സുരക്ഷാസമിതി യോഗം ചേര്‍ന്നിട്ടില്ല. ഇപ്പോഴത്തെ നേതാക്കള്‍ പരാജയപ്പെട്ടിരിക്കുന്നു. അവര്‍ക്കു നട്ടെല്ലില്ല. അവര്‍ ഭരണമുപേക്ഷിച്ചു വീട്ടില്‍ പോകണം. ഈ അന്വേഷണകമ്മീഷനുകളിലും സമിതികളിലും എനിക്കു യാതൊരു വിശ്വാസവുമില്ല. ഇതെല്ലാം തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മാത്രമാണ്. രാജ്യം ഭരിക്കാന്‍ മറ്റാരെയെങ്കിലും ഇന്നത്തെ നേതൃത്വം അനുവദിക്കണം – കാര്‍ഡിനല്‍ രൂക്ഷമായി വി മര്‍ശിച്ചു. ചാവേറാക്രമണസാദ്ധ്യതയെ കുറിച്ച് ഇന്ത്യന്‍ അധികൃതര്‍ മൂന്നു തവണ ശ്രീലങ്കയ്ക്കു മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതാണ്. പക്ഷേ അതനുസരിച്ചു മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ശ്രീലങ്കന്‍ ഭരണകൂടത്തിനു കഴിഞ്ഞില്ലെന്ന് കാര്‍ഡിനല്‍ കുറ്റപ്പെടുത്തി.

ഈ പള്ളിയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 114 പേരുടെ പേരുകള്‍ രേഖപ്പെടുത്തിയ സ്മാരകം പുനഃനിര്‍മ്മിച്ച പള്ളിയില്‍ സ്ഥാപിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ നേവിയുടെ സഹായത്തോടെയാണ് ഈ ദേവാലയം പുനഃനിര്‍മ്മിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org