സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയം പ്രതിഷേധാര്‍ഹം: കെസിബിസി

സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയം പ്രതിഷേധാര്‍ഹം: കെസിബിസി

സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളില്‍ 2016 മുതല്‍ നിയമിതരായ 3000-ത്തിലേറെ അധ്യാപകര്‍ വേതനമില്ലാതെ ജോലി ചെയ്യുകയാണെന്നും മനുഷ്യാവകാശങ്ങള്‍പോലും നിഷേധിക്കപ്പെടുന്ന ഈ അധ്യാപകരുടെ ധാര്‍മ്മികസമരങ്ങളെ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നും KCBC വിദ്യാഭ്യാസ കമ്മീഷന്‍ ആരോപിച്ചു. അധ്യാപകനിയമനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നിരവധി തവണ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നും വിദ്യാഭ്യാസ കമ്മീഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
എയ്ഡഡ് മേഖലയില്‍ അനധികൃത നിയമനങ്ങള്‍ നടത്തുന്നു, ഒരു കുട്ടി കൂടിയാല്‍ ഒരു തസ്തിക കൂടുന്നു എന്ന ചില പ്രഖ്യാപനങ്ങള്‍ അടുത്തകാലത്ത് ഉത്തരവാദിത്വപ്പെട്ട ചില ഭരണാധികാരികളില്‍ നിന്ന് കേള്‍ക്കുകയുണ്ടായി. ഇതിലെ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. സര്‍ക്കാരിന്റെ 'സമന്വയ' സോഫ്റ്റ്‌വെയറിലൂടെ അധ്യാപകനിയമനം നടത്തുകയും "സ്പാര്‍ക്ക് സോഫ്റ്റ് വെയറി"ലൂടെ വേതനവിതരണം നടത്തുകയും ചെയ്യുന്ന ഏറ്റവും ആധുനികമായ മാര്‍ഗ്ഗങ്ങള്‍ വിദ്യാഭ്യാസ വകുപ്പിലുള്ളപ്പോള്‍ എങ്ങിനെയാണ് അനധികൃത നിയമനങ്ങള്‍ നടത്താനാവുന്നത്. ഈ മാര്‍ഗങ്ങളിലും കൃത്രിമം നടത്തുന്നവരുണ്ടെങ്കില്‍ അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണം. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ മുഴുവന്‍ മാനേജ്‌മെന്റുകളേയും ആക്ഷേപിക്കരുതെന്നും KCBC വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് പറഞ്ഞു. KCBC ഡെപ്യൂട്ടി സെക്രട്ടറി, ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ചാള്‍സ് ലിയോണ്‍, കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സെക്രട്ടറി ജോഷി വടക്കന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org