രാജ്യത്തിനുള്ളില്‍ സ്ഥാനഭ്രംശപ്പെട്ടവര്‍ക്കു സഭ കരുതലേകണം -വത്തിക്കാന്‍

സംഘര്‍ഷങ്ങളും ദുരന്തങ്ങളും മൂലം രാജ്യങ്ങള്‍ക്കകത്തു തന്നെ പാര്‍പ്പിടരഹിതരായി അലയേണ്ടി വരുന്നവരുടെ പ്രശ്നങ്ങളോടു സഭ പ്രതികരിക്കണമെന്നു വത്തിക്കാന്‍ ആവശ്യപ്പെട്ടു. ഇത്തരം മനുഷ്യരുണ്ടെന്ന കാര്യം തന്നെ അനേകര്‍ക്ക് അറിയില്ലെന്ന് ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിക്കൊണ്ട്, വത്തിക്കാന്‍ കുടിയേറ്റ-അഭയാര്‍ത്ഥി കാര്യാലയത്തിന്‍റെ അണ്ടര്‍ സെക്രട്ടറി കാര്‍ഡിനല്‍ മൈക്കിള്‍ സെര്‍ണി ചൂണ്ടിക്കാട്ടി. അത്ഭുതപ്പെടുത്തുന്ന രീതിയില്‍ അത്രയേറെ രാജ്യങ്ങളില്‍ ഇപ്രകാരം ആഭ്യന്തരമായി സ്ഥാനഭ്രംശം നേരിട്ടു കഴിയുന്ന ആളുകളുണ്ടെന്നു ലൈവ് സ്ട്രീമിംഗ് നടത്തിയ പത്രസമ്മേളനത്തില്‍ കാര്‍ഡിനല്‍ പറഞ്ഞു.

അക്രമങ്ങള്‍, ദുരന്തങ്ങള്‍, വികസന പദ്ധതികള്‍ തുടങ്ങിയവ മൂലം സ്വന്തം വീടോ പാര്‍പ്പിടമോ വീട്ടു രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലേയ്ക്കു പലായനം ചെയ്യേണ്ടി വരുന്നവരെയാണ് 'ആഭ്യന്തരമായി സ്ഥാനഭ്രംശപ്പെട്ടവര്‍' എന്നു നിര്‍വചിച്ചിട്ടുള്ളത്. രാജ്യാതിര്‍ത്തികള്‍ കടന്നുപോയിട്ടില്ല എന്നതുകൊണ്ടു തന്നെ ഇവര്‍ക്ക് അഭയാര്‍ത്ഥികളുടേയോ കുടിയേറ്റക്കാരുടേയോ നിയമപരിരക്ഷ ലഭിക്കുകയില്ല. ഇത് പലപ്പോഴും ഇവരുടെ ദുരിതം വര്‍ദ്ധിപ്പിക്കുന്നു. ഇവരെ സം ബന്ധിച്ച അജപാലനാഭിമുഖ്യങ്ങള്‍ എന്ന പേരിലാണ് സഭ മാര്‍ഗദര്‍ശനരേഖ പുറപ്പെടുവിച്ചിരിക്കുന്നത്. കത്തോലിക്കാ രൂപതകള്‍, ഇടവകകള്‍, സന്നദ്ധസംഘടനകള്‍ എന്നിവയെ ലക്ഷ്യമിട്ടാണ് രേഖ തയ്യാറാക്കിയിരിക്കുന്നത്.

സ്വന്തം രാജ്യത്തിനുള്ളില്‍ സ്ഥാനഭ്രംശം സംഭവിച്ചു കഴിയേണ്ടി വരുന്ന കത്തോലിക്കരുടെ ആത്മീയാവശ്യങ്ങളുടെ നിര്‍വഹണത്തെയും രേഖ അഭിസംബോധന ചെയ്യുന്നുണ്ട്. സ്വന്തം ഇടവക പരിധിയില്‍ ഇങ്ങനെയൊരു കൂട്ടരുണ്ട് എന്നു കണ്ടെത്തിയാല്‍ അവര്‍ക്ക് എപ്രകാരം കരുതലേകണം എന്ന് രേഖ വിശദീകരിക്കുന്നു.

സമൂഹത്തിന്‍റെ അരികുകളിലേയ്ക്കു പോകുക എന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്ബോധിപ്പിക്കുമ്പോള്‍ വിദൂരനാടുകളിലേയ്ക്കു പോകുകയും വീരോചിതപ്രവൃത്തികള്‍ ചെയ്യുന്നതിനെയും കുറിച്ചാകാം നാം ചിന്തിക്കുന്നതെന്നും എന്നാല്‍ യഥാര്‍ത്ഥമായ അരികുകളില്‍ കഴിയുന്നവര്‍ നമ്മുടെ തൊട്ടടുത്ത് അദൃശ്യരായി കഴിയുന്നുണ്ടാകാമെന്നും കാര്‍ഡിനല്‍ സെര്‍ണി ചൂണ്ടിക്കാട്ടി. സ്വന്തം രാജ്യത്തു തന്നെ സ്വന്തം അധിവാസകേന്ദ്രങ്ങളില്‍ നിന്നു പുറത്താക്കപ്പെട്ടു കഴിയുന്നവരുടെ എണ്ണം ലോകത്തില്‍ അഞ്ചു കോടിയിലേറെ ആണ്. സിറിയ, കോംഗോ, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, യെമന്‍, കൊളംബിയ എന്നിവിടങ്ങളിലാണ് ഇത്തരം ആളുകള്‍ കൂടുതലുള്ളത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org