സുഡാന്‍: ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ആഹാരത്തിനു മുസ്ലീം പ്രാര്‍ത്ഥന നിര്‍ബന്ധം

സുഡാന്‍: ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ക്ക്  ആഹാരത്തിനു മുസ്ലീം പ്രാര്‍ത്ഥന നിര്‍ബന്ധം

സുഡാനില്‍ അഭയാര്‍ത്ഥിക്യാമ്പുകളില്‍ കഴിയുന്ന ക്രിസ്ത്യന്‍ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് അവര്‍ മുസ്ലീം പ്രാര്‍ത്ഥനകള്‍ ചൊല്ലിയാല്‍ മാത്രമാണെന്ന് അവിടെ സേവനത്തിനു ചെന്ന സഭയുടെ ഒരു സന്നദ്ധ സംഘടന അറിയിക്കുന്നു. ദക്ഷിണ സുഡാനിലെ സംഘര്‍ഷങ്ങളെ തുടര്‍ന്നു നിരവധി ക്രൈസ്തവര്‍ വീടുകളുപേക്ഷിച്ചു പലായനം ചെയ്തിട്ടുണ്ട്. ഇവര്‍ ചെന്നു പെടുന്ന അഭയാര്‍ത്ഥിക്യാമ്പുകളില്‍ മതത്തിന്‍റെ പേരിലുള്ള കടുത്ത വിവേചനം നിലനില്‍ക്കുന്നുണ്ടെന്ന് സുഡാനിലെ ക്രിസ്ത്യന്‍ പുരോഹിതരും വെളിപ്പെടുത്തുന്നു.

2011-ലാണ് സുഡാനിലെ ഏഴു തെക്കന്‍ സംസ്ഥാനങ്ങള്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ദക്ഷിണ സുഡാന്‍ എന്ന രാഷ്ട്രമായി മാറുന്നത്. 2013 ഡിസംബറില്‍ ഇവിടെ ആഭ്യന്തരയുദ്ധം ആരംഭിച്ചു. തുടര്‍ന്നുണ്ടായ കൂട്ടപ്പലായനം വലിയ അഭയാര്‍ത്ഥിത്വ പ്രതിസന്ധിക്കു കാരണമായിരിക്കുകയാണ്. ഏതാണ്ട് 20 ലക്ഷം പേരാണ് ദക്ഷിണ സുഡാനില്‍ നിന്ന് അയല്‍ രാജ്യങ്ങളിലേയ്ക്ക് അഭയാര്‍ത്ഥികളായി ചെന്നിട്ടുള്ളത്. ഇവരില്‍ വടക്കന്‍ സുഡാനിലേയ്ക്കു ചെന്നവരാണ് മതവിശ്വാസത്തിന്‍റെ പേരില്‍ കടുത്ത വിവേചനമനുഭവിക്കുന്നത്. മുസ്ലീം ഭൂരിപക്ഷരാജ്യമായ സുഡാന്‍ ഭരണകൂടം ഔദ്യോഗികമായി തന്നെ മതവിവേചനം നടത്തുന്നതായി പരാതിയുണ്ട്. നഗരാസൂത്രണത്തിന്‍റെ പേരില്‍ നിരവധി ക്രിസ്ത്യന്‍ പള്ളികള്‍ സര്‍ക്കാര്‍ തകര്‍ത്തു കളഞ്ഞിരുന്നു. അതേസമയം, തികഞ്ഞ അരാജകാവസ്ഥയാണ് ദക്ഷിണ സുഡാനിലുള്ളതെന്ന് സന്നദ്ധസേവകര്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ യുഎന്‍ ഇവിടെ പല ഭാഗങ്ങളും ക്ഷാമബാധിതമായി പ്രഖ്യാപിച്ചിരുന്നു. പട്ടിണിക്കു പുറമെ കൊലപാതകങ്ങളും മറ്റു കുറ്റകൃത്യങ്ങളും വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org