സുഡാനി രാഷ്ട്രനേതാക്കള്‍ വത്തിക്കാനില്‍ അനുരഞ്ജനധ്യാനത്തിന്

സുഡാനി രാഷ്ട്രനേതാക്കള്‍ വത്തിക്കാനില്‍ അനുരഞ്ജനധ്യാനത്തിന്

സംഘര്‍ഷഭരിതമായ ദക്ഷിണ സുഡാനിലെ നേതാക്കള്‍ക്കായി വത്തിക്കാന്‍ സിറ്റി രാഷ്ട്രം ഒരു ധ്യാനം സജ്ജമാക്കി. 'പരസ്പരാദരവിന്‍റെയും വിശ്വാസത്തിന്‍റെയും ചൈതന്യത്തില്‍ സമാഗമവും അനുരഞ്ജനവും സാദ്ധ്യമാക്കുക' എന്നതാണു ധ്യാനത്തിന്‍റെ ലക്ഷ്യമായി മുന്നോട്ടു വച്ചത്. ദക്ഷിണ സുഡാനി ജനതയ്ക്ക് സമാധാനത്തിന്‍റെയും സമൃദ്ധിയുടെയും ഒരു ഭാവി നല്‍കാന്‍ ഉത്തരവാദിത്വമുള്ളവരെ അനുരഞ്ജിപ്പിക്കാനാണു ധ്യാനമെന്നു വത്തിക്കാന്‍ വക്താവ് അലെസ്സാന്ദ്രോ ജിസോറ്റി പറഞ്ഞു. വത്തിക്കാനൊപ്പം ആംഗ്ലിക്കന്‍ സഭയും സുഡാനി നേതാക്കളുടെ ധ്യാനത്തിന് ആതിഥ്യമേകി. ഫ്രാന്‍സിസ് മാര്‍പാപ്പ, ആംഗ്ലിക്കന്‍ സഭാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ് ജസ്റ്റിന്‍ വെല്‍ ബി, സ്കോട്ടിഷ് പ്രിസ്ബിറ്റേരിയന്‍ സഭയുടെ മുന്‍ മോഡറേറ്റര്‍ റവ. ജോണ്‍ ചാമേഴ്സ് എന്നിവര്‍ ഒപ്പു വച്ച ഓരോ ബൈബിള്‍ നേതാക്കള്‍ക്കു സമ്മാനിച്ചു. "ഐക്യപ്പെടുത്തുന്നതിനെ അന്വേഷിക്കുക, ഭിന്നിപ്പിക്കുന്നതിനെ മറികടക്കുക" എന്ന സന്ദേശം ബൈബിളില്‍ എഴുതിയിരുന്നു.

ദക്ഷിണ സുഡാന്‍ പ്രസിഡന്‍റ് സല്‍വാ കിര്‍, പ്രതിപക്ഷ നേതാവ് റീക് മചാര്‍ എന്നിവരുള്‍പ്പെടെയുള്ള രാഷ്ട്രീയനേതാക്കളും സഭാനേതാക്കളുമാണ് ധ്യാനത്തിനെത്തിയത്. ഉഗാണ്ടയിലെ ആര്‍ച്ചുബിഷപ് ജോണ്‍ ബാപ്റ്റിസ്റ്റ് ഒദാമ, ആഫ്രിക്കയിലെ സന്യാസസഭാമേലധികാരികളുടെ സംഘടനാദ്ധ്യക്ഷനായ ഫാ. ഒറോബേറ്റര്‍ എസ്.ജെ. എന്നിവരാണ് ധ്യാനപ്രസംഗങ്ങള്‍ നടത്തിയത്.

2011-ലാണ് ദക്ഷിണ സുഡാന്‍ സുഡാനില്‍ നിന്നു സ്വാതന്ത്ര്യം നേടി പരമാധികാര രാജ്യമായത്. പക്ഷേ വൈകാതെ പുതിയ രാജ്യത്തില്‍ ആഭ്യന്തരസംഘര്‍ഷമാരംഭിച്ചു. പ്രസിഡന്‍റ് കിറും മുന്‍ വൈസ് പ്രസിഡന്‍റ് മചാറിന്‍റെ നേതൃത്വത്തിലുള്ള വിമതവിഭാഗങ്ങളും തമ്മിലായിരുന്നു പോരാട്ടം. ആയിരകണക്കിനാളുകള്‍ കൊല്ലപ്പെട്ടു. 25 ലക്ഷം പേര്‍ അയല്‍ രാജ്യങ്ങളിലേയ്ക്ക് അഭയാര്‍ത്ഥികളായി പോയി. കഴിഞ്ഞ സെപ്തംബര്‍ 12 നു സമാധാന കരാര്‍ രൂപീകരിച്ചിട്ടുണ്ട്. കത്തോലിക്കാസഭാനേതൃത്വത്തിന്‍റെ ഇടപെടല്‍ ഇതില്‍ നിര്‍ണായകമായിരുന്നു. ഇതിനു കൂടുതല്‍ സ്ഥിരത നല്‍കുന്നതിനും സമാധാനം ഉറപ്പാക്കുന്നതിനുമാണ് സഭയുടെ തന്നെ നേതൃത്വത്തില്‍ പ്രധാനനേതാക്കളെ വത്തിക്കാനിലെത്തിച്ച് സംയുക്തധ്യാനം നടത്തിയത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org