1സാമു.1:21-28; ഗലാ.4:21-5:1; മത്താ.2:1- 12
ജ്ഞാനികളുടെ സന്ദര്‍ശനത്തെക്കുറിച്ചുള്ള വിവരണമാണ് ഇന്നത്തെ സുവിശേഷത്തില്‍ നാം ശ്രവിച്ചത്. മത്തായിയുടെ സുവിശേഷത്തില്‍ വിജാതീയ ലോകത്തിന്റെ പ്രതിനിധികളാണ് ആ ജ്ഞാനികള്‍.
ദൂരദേശത്തുനിന്നാണ് ആ ജ്ഞാനികള്‍ എത്തിയത്. സത്യവിശ്വാസത്തിനു വെളിയില്‍ ജീവിക്കുന്നവരെയും തന്നിലേക്ക് ആകര്‍ഷിക്കാനുള്ള കര്‍ത്താവിന്റെ ശക്തിയാണു നാമിവിടെ കാണുന്നത്. യഥാര്‍ത്ഥ സത്യാന്വേഷകര്‍, അവര്‍ എവിടെയാണെങ്കിലും ഒടുവില്‍ കര്‍ത്താവായ യേശുക്രിസ്തുവില്‍ എത്തിച്ചേരുകതന്നെ ചെയ്യും. അതുകൊണ്ട്, കത്തോലിക്കാസഭയ്ക്കും ക്രൈസ്തവവിശ്വാസത്തിനും വെളിയില്‍ ജീവിക്കുന്നവരായ നമ്മുടെ സഹോദരങ്ങള്‍ക്കിടയില്‍ ക്രൈസ്തവവിശ്വാസത്തിന്റെ നക്ഷത്രവെളിച്ചം ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്കു സാധിക്കണം.
നക്ഷത്രത്തെ പിഞ്ചെന്ന ജ്ഞാനികള്‍ ഹേറോദേസിന്റെ കൊട്ടാരത്തിലാണ് ഉണ്ണിയെ അന്വേഷിച്ചത്. രാജശിശുവിനെ അന്വേഷിക്കേണ്ടതു രാജകൊട്ടാരത്തിലാണല്ലോ എന്ന സാമാന്യയുക്തിയായിരുന്നു അതിന്റെ പിന്നില്‍. എന്നാല്‍ യേശുവിനെ കണ്ടെത്താന്‍ അവരുടെ സാമാന്യയുക്തി മതിയായിരുന്നില്ല. നക്ഷത്രം അവരെ നയിച്ചത് ഒരു സാധാരണ ഭവനത്തിലേക്കായിരുന്നു. ദൈവവും അവിടുത്തെ വഴികളും നമ്മുടെ ബുദ്ധിക്കും യുക്തിക്കും അതീതമാണെന്ന സത്യം അംഗീകരിച്ചു വൈവചനം ചൊരിയുന്ന നക്ഷത്രദീപ്തി പിന്തുടരുമ്പോഴാണു സാധാരണ ജീവിതത്തിലെ ദൈവസാന്നിദ്ധ്യം തിരിച്ചറിയാനും അനുദിനസംഭവങ്ങളിലെ ദൈവാനുഭവം രുചിച്ചറിയാനും നമുക്കു സാധിക്കുന്നത്.
ഭരണാധികാരിയായ ഹേറോദേസിന്റെ ഭക്തിപാരവശ്യവും അയാളുടെ വാക്കുകളിലെ ആരാധനൗത്സുക്യവും വെറും തന്ത്രമായിരുന്നു. തന്റെ അധികാരം ഉറപ്പിക്കാനുള്ള തന്ത്രം. നിഷ്കളങ്കരായ ആ ജ്ഞാനികള്‍ക്ക് അതു മനസ്സിലായില്ല. ദൈവമാണ് ആ ഗൂഢതന്ത്രം അവര്‍ക്കു വെളിപ്പെടുത്തിയത്. ദൈവത്തിന്റെയും മതത്തിന്റെയും സദാചാരത്തിന്റെയും സംരക്ഷകരും ചാവേറുകളുമായി പ്രത്യക്ഷപ്പെടുന്നവരുടെ മനസ്സിലിരിപ്പു സാധാരാണ വിശ്വാസികള്‍ക്കു മനസ്സിലായെന്നു വരില്ല. ഈ ലോകത്തിന്റെ കുതന്ത്രങ്ങള്‍ തിരിച്ചറിയാനും വിവേകത്തോടെ വര്‍ത്തിക്കാനുമുള്ള കൃപയ്ക്കായി നാം പ്രാര്‍ത്ഥിച്ചേ മതിയാകൂ. ജ്ഞാനികളുടെ നിക്ഷേപപാത്രങ്ങളിലുണ്ടായിരുന്നതു വിലയേറിയ കാഴ്ചകള്‍തന്നെ. അവര്‍ സമര്‍പ്പിച്ചതിനേക്കാള്‍ എത്രയോ വലിയ നിക്ഷേപമാണ് ഇപ്പോള്‍ അവര്‍ സ്വന്തമാക്കിയത്. അവര്‍ തിരിച്ചുപോയപ്പോള്‍ വഴികാട്ടാന്‍ വീണ്ടും നക്ഷത്രം പ്രത്യക്ഷപ്പെട്ടില്ല. അവരെ നയിക്കുന്ന നക്ഷത്രം ഇപ്പോള്‍ അവരുടെ ഉള്ളില്ത്തന്നെയാണല്ലോ തെളിഞ്ഞുനില്ക്കുന്നത്.
ബേത്ലെഹെമിലേക്കുള്ള ക്ലേശകരമായ യാത്രയില്‍ അവര്‍ പിടിച്ചുനിന്നു. മടങ്ങിപ്പോകാന്‍ പലതവണ തോന്നിയെങ്കിലും മുമ്പോട്ട് തന്നെപോയി. യേശുവിന്റെ മുമ്പില്‍ മുട്ടുമടക്കിയപ്പോള്‍, അവന്റെ ദൈവികതയ്ക്ക് ചേരാത്തതായി അവരിലുണ്ടായിരുന്ന എല്ലാ സ്വാര്‍ത്ഥതകളും തിന്മകളും ദുശ്ശീലങ്ങളും ഒന്നൊന്നായി മരിച്ചുവീണു! അഹന്തയും അസൂയയും, ശത്രുതയും വൈരാഗ്യവും, അരിശവും ധിക്കാരവും, സ്വാര്‍ത്ഥതയും ജഡികമോഹങ്ങളും എല്ലാം! അവയ്ക്ക് പകരം എളിമയും വിനയവും, സ്നേഹവും ഔദാര്യവും, ക്ഷമയും ദാക്ഷിണ്യവും, ത്യാഗസന്നദ്ധതയും ആത്മസംയമനവും അവരുടെ ഹൃദയത്തില്‍ വന്നു നിറഞ്ഞു.