Latest News

Sunday Bible (June 11, 2017)

ശ്ലീഹ.4:8-22;1 കോറി. 6:1-11; ലൂക്കാ 7:36-50

പ്രധാനമായും മൂന്ന് കഥാപാത്രങ്ങളാണ് ഇവിടെ പ്രത്യക്ഷപ്പെടുന്നത്: ഈശോ, ഫരിസേയനായ ശിമയോന്‍, പാപിനിയായ സ്ത്രീ. പ്രഥമദൃഷ്ട്യാ ഈശോയെ കാണാന്‍ ഒരുപോലെ തീവ്രമായി ആഗ്രഹിക്കുന്നവരാണ് ഈ സംഭവത്തിലെ ഫരിസേയനും പാപിനിയായ സ്ത്രീയും. ഫരിസേയന് താന്‍ കയ്യാളുന്ന സമൂഹത്തിലെ സ്ഥാനത്തിന്‍റെ ആനുകൂല്യത്തില്‍ അത് എളുപ്പത്തില്‍ സാധ്യമാകുമ്പോള്‍, പാപിനിക്ക് അത് ഏറെ കഠിനവും ശ്രമകരവുമാണ്. പാപകരമായ അവളുടെ ജീവിത പശ്ചാത്തലം, അതുമൂലം അവള്‍ക്കു സമൂഹത്തിലുള്ള കുപ്രസിദ്ധിയും ദുഷ്പേരും ഇതെല്ലാം യേശുവിനെ കണ്ടുമുട്ടാന്‍ അവള്‍ക്കുളള തടസ്സങ്ങളായിരുന്നു.
ഈയൊരു കണ്ടുമുട്ടലിനായി ഒരുപക്ഷേ, യേശു വരുന്നതിനു മുമ്പേ തന്നെ അവള്‍ അവിടെ എത്തിയിരിക്കാം. “ഞാനിവിടെ പ്രവേശിച്ചതു മുതല്‍ …” (45) എന്ന യേശുവിന്‍റെ തന്നെ വചനങ്ങള്‍ ഇതിനെ സാധൂകരിക്കുന്നു. സാധാരണയായ ഏറ്റവും താഴെക്കിടയിലുളള്ള ദാസനാണ് യജമാനന്‍റെയും മറ്റുള്ളവരുടെയും പാദങ്ങള്‍ കഴുകേണ്ടത്. ഈ ജോലി ആയിരിക്കാം അവള്‍ താത്പര്യത്തോടെ ഏറ്റെടുത്തത്.

സാധാരണ വിരുന്നുകളില്‍ അതിഥികള്‍ക്കു നല്കേണ്ട സ്വീകരണത്തിന്‍റെ ഭാഗമാണ് സനേഹചുംബനവും, പാദക്ഷാളനവും, തൈലാഭിഷേകവും. ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകുന്ന യേശു ഏറ്റെടുക്കുന്നത് ആതിഥേയന്‍റെ ഈ ഭാഗമാണ്. ഇവിടെ ശിമയോനില്‍ നിന്നും ഇത്തരം ഒരു സ്വീകരണം ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. അഭിഷേകത്തിനുള്ള തൈലം മാത്രമായിരിക്കാം ഈ സ്ത്രീയുടെ പക്ഷം ഉണ്ടായിരുന്നത്. ഒരുപക്ഷേ, ശിമയോന്‍റെ ഭാഗത്തു നിന്നും ആതിഥേയ മര്യാദകള്‍ ഒന്നും കാണാതിരുന്നതു കൊണ്ടാകാം അവള്‍ തന്‍റെ കണ്ണുനീരു കൊണ്ട് അവന്‍റെ പാദം കഴുകാനും തലമുടി (സ്ത്രീക്ക് ഏറ്റവും ഭൂഷണമായ ഭാഗം; 1 കൊറി. 11:15) കൊണ്ട് പാദം തുടയ്ക്കാനും തുനിഞ്ഞത്. ആതിഥേയന്‍ അതിഥിയുടെ കവിളില്‍ നല്കേണ്ട ചുംബനം അവള്‍ അവന്‍റെ പാദങ്ങളില്‍ നല്കുന്നു. ഈശോയെ കണ്ടുമുട്ടാനും അവനില്‍ നിന്ന് പാപമോചനം നേടാനും അവള്‍ വലിയ വില കൊടുക്കുന്നുണ്ട് – ശിമയോന്‍റെ ഭവനത്തില്‍ സമ്മേളിച്ചിരിക്കുന്ന മറ്റ് അതിഥികളുടെ അവഹേളനത്തിനു പാത്രമാവുക എന്നത്!

ഈ വിവരണത്തിന്‍റെ രണ്ടാം ഭാഗം എന്നു വിശേഷിപ്പിക്കാവുന്നതാണ് ശിമയോന്‍റെ ഇടപെടലും തദ്വാരയുള്ള ഈശോയുടെ പ്രബോധനവും. വിരുന്നിന് ഈശോയെ ശിമയോന്‍ ക്ഷണിക്കുന്നതിനു കാരണം തന്നെ അവനെ ‘പരീക്ഷിക്കുവാന്‍’ വേണ്ടിയായിരുന്നു എന്നു തോന്നുന്നു. ഈശോ ഒരു യഥാര്‍ത്ഥ പ്രവാചകനാണോ, അവന്‍റെ പ്രബോധനം ഫരിസേയരുടേതിന് സമാനമാണോ അതോ അവര്‍ക്ക് ഭീഷണിയാണോ… ശിമയോന്‍റെ കാഴ്ചപ്പാടില്‍ ഈശോ യഥാര്‍ത്ഥ പ്രവാചകനായിരുന്നെങ്കില്‍ ഈ സ്ത്രീ പാപിനിയാണെന്ന് മറ്റാരും പറയാതെ തിരിച്ചറിഞ്ഞ് അവളെ അകറ്റി നിറുത്തുമായിരുന്നു. പക്ഷേ, ഇവിടെ യേശു ശിമയോന്‍റെ പ്രതീക്ഷകള്‍ക്കപ്പുറം പോകുന്നതാണ് നാം കാണുക. യേശു ആ സ്ത്രീയുടെ യഥാര്‍ത്ഥ സ്വഭാവം വെളിപ്പെടുത്തുക,”ഇവളുടെ നിരവധിയായ പാപങ്ങള്‍” (47) മാത്രമല്ല, ശിമയോന്‍റെ മനോഗതം പോലും തിരിച്ചറിയുന്നു. ശിമയോന്‍റെ ചിന്തകള്‍ തെറ്റാണെന്ന് അതിലൂടെ യേശു സമര്‍ത്ഥിക്കുകയാണ്.