ഞായറാഴ്ചകളിലെ പരിശീലനങ്ങളും പരീക്ഷകളും സര്‍ക്കാര്‍ നയമാണോ എന്നു വ്യക്തമാക്കണം – കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ്

ഞായറാഴ്ചകളില്‍ തുടര്‍ച്ചയായി അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതും, പിഎസ്സി പരീക്ഷകള്‍ ഞായറാഴ്ചകളിലേക്കു മാറ്റുന്നതും സര്‍ക്കാര്‍ നയപരിപാടിയുടെ ഭാഗമാണോ എന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണമെന്ന് കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. അടുത്തകാലത്തായി വിദ്യാഭ്യാസവകുപ്പിലെ ഐടി അറ്റ് സ്കൂളിന്‍റെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള പരിശീലനപരിപാടികള്‍ ഞായറാഴ്ചകളിലാണ് നടത്തുന്നത്. ഫെബ്രുവരി 16, 17 (ശനി, ഞായര്‍) ദിനങ്ങളില്‍ ജില്ലകള്‍ തോറും സഹവാസ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് ഐടി അറ്റ് സ്കൂള്‍ ഉത്തരവുണ്ട്.

ഫെബ്രുവരി 16, 17 തീയതികളില്‍ വിദ്യാഭ്യാസവകുപ്പ് വിവിധ ജില്ലകളില്‍ ഗിഫ്റ്റഡ് ചില്‍ഡ്രന്‍ റസിഡന്‍ഷ്യന്‍ ക്യാമ്പുകളും സംഘടിപ്പിച്ചിരിക്കുകയാണ്. അന്നുതന്നെ ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് പല ജില്ലകളിലും മതബോധന ക്ലാസുകളില്‍ വാര്‍ഷിക പരീക്ഷകളാണ്. ക്യാമ്പില്‍ പങ്കെടുക്കേണ്ട കുട്ടികള്‍ക്ക് വാര്‍ഷിക പരീക്ഷയില്‍ പങ്കെടുക്കാതെ പോകുമ്പോള്‍ ഒരു വര്‍ഷത്തെ ക്ലാസ് കയറ്റമാണ് നഷ്ടമാകുന്നത്.

ഞായറാഴ്ചകള്‍ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ആരാധനാദിവസമാണെന്നും മതബോധന ക്ലാസുകളില്‍ പോകേണ്ടതുണ്ടെന്നും അറിഞ്ഞുകൊണ്ടു തന്നെ പരിശീലനപരിപാടികള്‍ ഒരുക്കുന്നതില്‍ ചില ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ബന്ധം കാണിക്കുന്നത് സംശയാസ്പദമാണ്. പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കുമായി നടത്തുന്ന ഡിപ്പാര്‍ട്ടുമെന്‍റ് പരീക്ഷകള്‍ മാര്‍ച്ച് 18 മുതല്‍ മേയ് 5 വരെയുള്ള ശനി, ഞായര്‍ ദിവസങ്ങളിലാണ് നടത്തുന്നത്. മുന്‍ വര്‍ഷങ്ങളില്‍ പ്രവൃത്തി ദിനങ്ങ ളില്‍ രവിലെ 6.30 മുതല്‍ നടത്തിയിരുന്ന പരീക്ഷകള്‍ ഈ വര്‍ഷം മുതലാണ് ഞായറാഴ്ചകളിലേക്ക് മാറ്റിയിരിക്കുന്നത്.

ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിരുന്നെങ്കിലും അവയെ അവഗണിച്ചുകൊണ്ട് ഞായറാഴ്ചകളില്‍ പരീക്ഷകളും പരിശീലനപരിപാടികളുമായി സര്‍ക്കാര്‍ വകുപ്പുകള്‍ മുന്നോട്ടുപോകുകയാണ്. ഇക്കാര്യത്തില്‍ സഭാനേതൃത്വവുമായും മറ്റു സമുദായസംഘടനാനേതൃത്വങ്ങളുമായും ആലോചിച്ച് സംയുക്ത സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്ന് കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് നേതൃത്വ യോഗം വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org