അനുസരണം

അനുസരണം


അലന്‍ ജോഷി

ക്ലാസ്സ് X

മരുഭൂമിയിലെ പിതാക്കന്മാരെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ജീവിതത്തില്‍ സ്വന്തമാക്കേണ്ട നിധി ക്രിസ്തു മാത്രമാണ് എന്ന തിരിച്ചറിവില്‍, എല്ലാമുപേക്ഷിച്ച് മരുഭൂമിയിലെ ദുസ്സഃഹമായ സാഹചര്യത്തില്‍ ജീവിച്ചവര്‍. അബ്ബാമാര്‍ എന്ന് അവര്‍ വിളിക്കപ്പെട്ടു. നീതിസാരത്തിലെ ഒരു ശ്ലോകം ഈ പിതാക്കന്മാരുടെ സുകൃതജീവിതത്തെ വരച്ചുകാട്ടാന്‍ ഉതകുന്നതാണ്.

'അര്‍ഥഃഗ്രഹേ നിവര്‍ത്തന്തേ
ശ്മശാന പുത്ര ബാന്ധവഃ
സുകൃതം ദുഷ്കൃതം ചൈവ
ഗച്ഛന്ത മനു ഗച്ഛതി.

ധനം എത്ര സമ്പാദിച്ചാലും ഈ ഭൂമിയില്‍ ചെലവാക്കപ്പെടും. പുത്രന്മാരും ബന്ധുക്കളും ശ്മശാനം വരെ വന്നു നില്‍ക്കും. പുണ്യപാപങ്ങള്‍ മാത്രം മരിച്ചുപോകുമ്പോള്‍ കൂടെ പോരുമെന്ന് അറിയുക. അതെ, പുണ്യവീഥിയിലെ സുകൃതങ്ങളായിരുന്നു മരുഭൂമിയിലെ ഓരോ അബ്ബാമാരും.

എളിമയും ദൈവഭയവും മറ്റെല്ലാ പുണ്യങ്ങളെയും മറികടക്കുന്നു എന്നു പറഞ്ഞ പിതാവായിരുന്നു അബ്ബാ ചെറിയ യോഹന്നാന്‍. എ.ഡി. 339-ല്‍ റ്റേസെയില്‍ ജനിച്ച് 18-ാമത്തെ വയസ്സില്‍ ആത്മീയ ജീവിതമാഗ്രഹിച്ച് മരുഭൂമിയില്‍ ഏകാന്തജീവിതം നയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഒരിക്കല്‍ അദ്ദേഹത്തിന്‍റെ ഗുരു ഒരു ഉണങ്ങിയ മരക്കൊമ്പ് മണ്ണില്‍ നട്ടിട്ട് അതില്‍ പഴങ്ങള്‍ ഉണ്ടാവുന്നതുവരെ ദിവസവും ഓരോ തൊട്ടി വെള്ളം ഒഴിച്ച് നനയ്ക്കണമെന്ന് ആവശ്യപ്പെട്ടു. അര ദിവസം യാത്ര ചെയ്തായിരുന്നു അദ്ദേഹം വെള്ളം എത്തിച്ചത്. മനുഷ്യരുടെ ചിന്തയില്‍ വലിയ മണ്ടത്തരമെന്ന് തോന്നുന്ന ഈ പ്രവൃത്തി മടിയോ എതിര്‍പ്പോ കൂടാതെ ചെറിയ യോഹന്നാന്‍ ചെയ്തു പോന്നു. മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ ആ ഉണക്കകമ്പ് കിളിര്‍ത്ത് അതില്‍ പഴങ്ങള്‍ ഉണ്ടായി. പഴങ്ങള്‍ പാകമായപ്പോള്‍ ഗുരു അവ ശേഖരിച്ച് മറ്റ് ശിഷ്യര്‍ക്ക് കൊടുത്തുകൊണ്ട് പറഞ്ഞു: "ഇത് അനുസരണയുടെ ഫലമാണ്; എല്ലാവരും എടുത്ത് ഭക്ഷിക്കുവിന്‍."

ഈ കഥ നമുക്ക് അവിശ്വസനീയമായി തോന്നാം. പക്ഷേ, അനുസരണയെന്ന പുണ്യം നന്മയെന്ന ഫലം പുറപ്പെടുവിക്കുകതന്നെ ചെയ്യും. ഇന്ന് നമ്മുടെ വീടുകളില്‍, വിദ്യാലയങ്ങളില്‍ അനുസരണമില്ലായ്മയെക്കുറിച്ചുള്ള മുറവിളികള്‍ ഉണ്ടാവാറില്ലേ? പുലരുമ്പോള്‍ മുതല്‍ ഉറങ്ങുവോളം എന്തെല്ലാം അനുസരണക്കേടുകളാണ് നാം ചെയ്യാറുള്ളത്? സത്യത്തില്‍ എന്തിനാണ് നാം അനുസരിക്കാന്‍ മടിക്കുന്നത്. നമ്മുടെ അലസതയും മറ്റ് ദുശീലങ്ങളുമല്ലേ നമ്മെ അനുസരണക്കേടിന്‍റെ മക്കളാക്കുന്നത്?

നമുക്ക് അനുസരണയുള്ളവരായി വളരാം. നമ്മുടെ മാതാപിതാക്കളെ, അദ്ധ്യാപകരെ, മുതിര്‍ന്നവരെ, സഹോദരങ്ങളെ ഒക്കെ നമുക്ക് ബഹുമാനിക്കാം. അതുവഴി ഒരുപാട് സദ്ഫലങ്ങള്‍ ലോകത്തിനാസ്വദിക്കാന്‍ നല്കാന്‍ നമുക്ക് കഴിയും. ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയില്‍ വളരാന്‍ നമുക്കിടയാകട്ടെ… ദൈവം ഈ പുതുവര്‍ഷത്തില്‍ അതിനായി നമ്മെ അനുഗ്രഹിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org