അലക്സാഡ്രിയായിലെ ക്ലെമെന്‍റ് (C. AD 215)

അലക്സാഡ്രിയായിലെ ക്ലെമെന്‍റ് (C. AD 215)
Published on

സഭാപിതാക്കന്മാര്‍

ബ്ര. ജോണ്‍ തൈപ്പറമ്പില്‍

അലക്സാഡ്രിയായിലെ ദൈവശാസ്ത്ര വിദ്യാലയത്തിലെ ആദ്യത്തെ പ്രമുഖ ചിന്തകനാണ് ക്ലെമന്‍റ്. ക്രൈസ്തവവിശ്വാസം സ്വീകരിച്ച വിജാതീയരെ വിശ്വാസസംബന്ധമായ കാര്യങ്ങള്‍ പഠിപ്പിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി സ്ഥാപിതമായതാണ് അലക്സാഡ്രിയായിലെ ദൈവശാസ്ത്രവിദ്യാലയം (C. A.D. 185). ജ്ഞാനവാദം എന്ന പാഷണ്ഡതയുടെ പശ്ചാത്തലത്തില്‍, സഭയുടെ വിശ്വാസത്തിന് താത്ത്വിക വിശദീകരണം അദ്ദേഹം നല്കി. ആഥന്‍സിലാണ് ക്ലെമെന്‍റ് ജനിച്ചതെന്നു കരുതപ്പെടുന്നു. തന്‍റെ മാനസാന്തരത്തിനുശേഷം അലക്സാഡ്രിയായിലെ ദൈവശാസ്ത്രവിദ്യാലയത്തിന്‍റെ സ്ഥാപകനായ പന്തേനൂസിന്‍റെ കീഴില്‍ ദൈവശാസ്ത്രം പഠിച്ചു. പന്തേനൂസിനുശേഷം, ക്ലെമന്‍റ് ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായിത്തീര്‍ന്നു (C. A.D. 200).
ഗ്രീക്കു തത്ത്വചിന്തയിലെ തന്‍റെ പാണ്ഡിത്യം മുഴുവന്‍ സുവിശേഷപ്രചരണത്തിനായി വിനിയോഗിച്ചു. ക്രൈസ്തവവിശ്വാസത്തെ താത്ത്വികമായി മനസ്സിലാക്കുവാനുള്ള ഈ ശ്രമത്തെ 'യഥാര്‍ത്ഥജ്ഞാനം' (true Gnosis) എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 'ഗ്രീക്കുകാരോടുള്ള ഉപദേശം' എന്ന കൃതിയിലൂടെ സത്യജ്ഞാനമായ ക്രൈസ്തവവിശ്വാസത്തെ സ്വീകരിക്കുവാന്‍ തന്‍റെ ശ്രോതാക്കളെ ഉദ്ബോധിപ്പിച്ചു. ക്രൈസ്തവവിശ്വാസം സ്വീകരിച്ചവര്‍ എങ്ങനെയാണ് തങ്ങളുടെ ജീവിതം രൂപപ്പെടുത്തേണ്ടതെന്ന് 'ഗുരു' എന്ന കൃതിയിലൂടെ വ്യക്തമാക്കി. വചനത്തിന്‍റെ പ്രബോധനദൗത്യത്തെക്കുറിച്ച് 'കയറ്റുപായ' എന്ന കൃതിയിലൂടെ വിവരിച്ചുകൊടുത്തു. 'രക്ഷിക്കപ്പെടുന്ന ധനവാന്‍ ആര്?' എന്ന കൃതിയിലൂടെ ക്രൈസ്തവജീവിതത്തില്‍ ദാനധര്‍മ്മത്തിനുള്ള പ്രാധാന്യം എന്തെന്നു വ്യക്തമാക്കുന്നു.
അറിവ് വിശ്വാസത്തിനായി ഒരുക്കുന്നുണ്ട്. എന്നാല്‍, 'വിശ്വാസം അറിവിനെക്കാള്‍ (philosophy) ഉപരിയാണ്' (storm 2,4,15). അതായത് വിശ്വാസത്തിനു പകരം നില്‍ക്കുവാന്‍ തത്ത്വചിന്തയ്ക്കു കഴിയില്ലെന്നും ഇദ്ദേഹം വ്യക്തമായി പഠിപ്പിച്ചു. വിവാഹത്തിലൂടെ സംജാതമാകുന്ന ഐക്യം ആത്മീയമാണെന്നും അദ്ദേഹം വ്യക്തമായി പഠിപ്പിച്ചു. വി. ഗ്രന്ഥത്തില്‍ അധിഷ്ഠിതമായ ദൈവശാസ്ത്രമാണ് ക്ലെമെന്‍റ് അവതരിപ്പിച്ചത്. അതുകൊണ്ടാവണം പഴയനിയമത്തില്‍ നിന്ന് ഉദ്ദേശം 1500-ഉം പുതിയനിയമത്തില്‍ നിന്ന് ഉദ്ദേശം 2000-ഉം ഉദ്ധരണികളും അദ്ദേഹത്തിന്‍റെ കൃതികളില്‍ ഇടം പിടിച്ചത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org