കുടുംബഫോട്ടോ

കുടുംബഫോട്ടോ

ഗ്രൂപ്പ് ഗെയിം
ഒരു ചിത്രം ഒരു കഥാപാത്രത്തെപ്പറ്റി ഒട്ടേറെ കാര്യങ്ങള്‍ പറയുന്നുണ്ട്. ആ കഥാപാത്രത്തിന്‍റെ നില്പ്, ഭാവം, നോട്ടം എന്നിവയിലൂടെ അയാളെപ്പറ്റി ഒരു ധാരണ നമ്മുടെ ഉള്ളില്‍ രൂപംകൊള്ളുന്നു. ഒരു കുടുംബഫോട്ടോയില്‍ അണിനിരക്കുന്നവരെക്കുറിച്ചുള്ളതാണ് ഈ ഗെയിം. കളിക്കാരുടെ എണ്ണം: 18-24

ഗ്രൂപ്പിനെ രണ്ടായി തിരിക്കുക. ആദ്യത്തെ സംഘം കളിക്കുന്നത് രണ്ടാമത്തെ സംഘം നിരീക്ഷിക്കുന്നു. പിന്നീട് രണ്ടാമത്തെ സംഘം ക ളിക്കുമ്പോള്‍ ആദ്യത്തെ സംഘം കാഴ്ചക്കാരാകും.

ആദ്യസംഘത്തിന്‍റെ ഊഴമാണ്. സംഘത്തില്‍നിന്ന് ഒരാളെ ഫോട്ടോഗ്രാഫറായി തിരഞ്ഞെടുക്കുക. ബാക്കി അംഗങ്ങള്‍ ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നു. ഫോട്ടോഗ്രാഫര്‍ എല്ലാവര്‍ക്കും നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നു. ആദ്യത്തെ ഫോട്ടോ എന്നത് സന്തോഷത്തോടെ നില്‍ക്കുന്ന ഒരു കുടുംബത്തിന്‍റേതാണ്. എല്ലാവരും അതിനു പറ്റിയ ഭാവത്തിലും രീതിയിലും നില്‍ക്കുന്നു. ഫോട്ടോഗ്രാഫര്‍ ക്യാമറ ക്ലിക്ക് ചെയ്യുന്നു. ആദ്യത്തെ പടം എടുത്തു കഴിയുമ്പോള്‍ ഫോട്ടോഗ്രാഫര്‍ പറയുന്ന 'ദുഃഖിക്കുന്ന കുടുംബം.' മുപ്പതു സെക്കന്‍റ് സമയമാണുള്ളത്. അതിനുള്ളില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നവര്‍ ഭാവവും നില്പും ഒക്കെ ശരിയാക്കേണ്ടതുണ്ട്. ഫോട്ടോഗ്രാഫര്‍ ക്യാമറ ക്ലിക്ക് ചെയ്യുമ്പോള്‍ എല്ലാവരും നിശ്ചലരായി നില്‍ക്കുന്നു. പിന്നെയും ഫോട്ടോ സെഷന്‍ തുടരുകയാണ്.

വ്യത്യസ്ത രീതിയിലുള്ള കുടുംബഫോട്ടോകള്‍ക്കു ചില സൂചനകള്‍:

1) രോഗികളുടെ കുടുംബം (Family of the Sick)

2) പൊരുതുന്ന കുടുംബം (Fighting Family)

3) നൃത്തം ചെയ്യുന്ന കുടുംബം (Dancing Family)

4) അദ്ധ്യാപകരുടെ കുടുംബം (Teachers Family)

5) നീന്തല്‍കുടുംബം (Swimming Family)

6) കായികകുടുംബം (Sports Family)

7) ചലച്ചിത്രതാരകുടുംബം (Movie Star Family)

8) സര്‍ക്കസ് കുടുംബം (Circus Family)

9) സംഗീതകുടുംബം (Musical Family)

10) മണ്ടന്‍കുടുംബം (Goofy Family)

11) കോമഡികുടുംബം (Comedy Family)

ഒരു സംഘം ഈ വ്യത്യസ്ത കുടുംബഫോട്ടോകള്‍ക്കു പോസ് ചെയ്യുക. മുകളില്‍ കൊടുത്തത് സൂചനകള്‍ മാത്രമാണ്. കളിക്കാര്‍ക്കു വേറെ കുടുംബചിത്രങ്ങള്‍ കണ്ടെത്തി കളി തുടരാവുന്നതാണ്.

ഓര്‍മ്മിക്കേണ്ട കാര്യം:
ചിത്രങ്ങള്‍ ചലിക്കുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്യുന്നില്ല. കഴിയുന്നിടത്തോളം ഒരാള്‍ ആദ്യം നിന്നിരുന്ന സ്ഥാനത്തുതന്നെ നില്‍ക്കുക. കാരണം മുപ്പതു സെക്കന്‍റാണ് ഒരു ചിത്രത്തിന് അനുവദിച്ചിട്ടുള്ള സമയം. അതിനുള്ളില്‍ ഫോട്ടോ എടുത്തിരിക്കണം. ആദ്യത്തെ ഗ്രൂപ്പിന്‍റെ ഫോട്ടോ സെഷന്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ രണ്ടാമത്തെ സംഘത്തിന് ആരംഭിക്കാം. അപ്പോള്‍ ആദ്യഗ്രൂപ്പ് കാഴ്ചക്കാരാകും. കാണാന്‍ ആളില്ലെങ്കില്‍ ഈ കളി വിരസമാവാന്‍ ഇടയുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org