കോവിഡാനന്തര ആത്മീയത

കോവിഡാനന്തര ആത്മീയത

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍

(സെക്രട്ടറി, സീറോ മലബാര്‍ കുടുംബ കൂട്ടായ്മ)

നിലവില്‍ നാം പിന്തുടര്‍ന്നു വന്നിരുന്ന പരമ്പരാഗത ശൈലിയില്‍നിന്നും വ്യത്യസ്തമായി, കോ വിഡാനന്തര കാലത്ത് ആത്മീയതയും പുനര്‍നിര്‍വചിക്കപ്പെടുകയാണ്. ദിവസവും ബലിയര്‍പ്പണത്തില്‍ പങ്കെടുത്ത് ഇരു സാദൃശ്യങ്ങളോടെ ദിവ്യകാരുണ്യം സ്വീകരിച്ചിരുന്ന വിശ്വാസസമൂഹം, ഈ കോവി ഡു കാലത്ത് തങ്ങളുടെ വീടുകളുടെ കുടുസ്സു മുറികള്‍ക്കുളളിലെ 21′ ടിവിയില്‍ ഓണ്‍ലൈന്‍ വി. കുര്‍ബാന കണ്ടു നിര്‍വൃതിയടയുന്ന കാഴ്ച നമുക്ക് അനുഭവവേദ്യമാണ്. ഒരുപക്ഷേ ലോക്ഡൗണിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി ഓണ്‍ലൈന്‍ വി. കുര്‍ബാനകളെ ഒരു പരിധിവരെ നാം പ്രോത്സാഹിപ്പിച്ചിട്ടുണ്ടെങ്കിലും, ഇനിയുമത് അനസ്യൂതം തുടരുന്നത് അഭികാമ്യമാകില്ല.

വി. കുര്‍ബാനകള്‍ ആരംഭിക്കുന്നതിന് ഭയപ്പാടോടെയുള്ള സമീപ നവും ഓണ്‍ലൈന്‍ സംവിധാനങ്ങ ളെ ഇനിയും പ്രോത്സാഹിപ്പിക്കുന്ന സാഹചര്യവും നേതൃത്വത്തിന്റെ ഭാഗത്തുനിന്നുമിനിയുമുണ്ടായാല്‍, വിശ്വാസസമൂഹം ഇടവക സംവിധാനത്തില്‍നിന്ന് അകലാനുള്ള സാധ്യതയിലെത്തിച്ചേരുമെന്ന് തീര്‍ച്ച. അത്തരമൊരു സാഹചര്യത്തില്‍ മുന്നോട്ടുള്ള സാധ്യതകളെ വിശകലനം ചെയ്യാനും ഏവര്‍ക്കും അനുഭവവേദ്യം ആയിട്ടുള്ള രീതിയില്‍ ഒരു പരിഹാര നിര്‍ദ്ദേശം സമര്‍പ്പിക്കാനും സഭാനേതൃത്വവും ആത്മീയ നേതൃത്വവും തയ്യാറാകണമെന്ന് തന്നെയാണ്, കാലം നമ്മളോട് ആവശ്യപ്പെടുന്ന കാവ്യനീ തി. വി. കുര്‍ബാനയാരംഭിച്ച ഇടങ്ങളിലെല്ലാം വിശ്വാസസമൂഹത്തില്‍ കാണുന്ന ഉദാസീനത, ഇത്തരുണ ത്തില്‍ മുഖവിലക്കെടുക്കേണ്ടതാണ്. ആരോഗ്യ സുരക്ഷയെക്കരു തി, ആളുകളെടുക്കുന്ന മുന്‍ കരുത ലായി, വി. കുര്‍ബാനകളിലെ ജനപങ്കാളിത്തക്കുറവിനെ താത്വികമായി പ്രതിരോധിക്കാമെങ്കിലും, അത് യഥാര്‍ത്ഥ വസ്തുതയില്‍ നിന്നും വളരെയധികം മാറി നില്‍ക്കുന്നുവെന്നതാണ് സത്യം. അയ്യായിരത്തിലധികം വിശ്വാസികളുള്ള ഇടവകകളില്‍ പോലും പതിവായുള്ള ബലിയര്‍പ്പണത്തിന്, അനുവദനീയമായ നൂറു പേരുപോലും എത്തിച്ചേരുന്നില്ലെന്നത്, ഗൗരവതരമായി തന്നെ നോക്കി കാണേ ണ്ടതുണ്ട്.

സഭയും ഇടവകയുമെന്ന നമ്മുടെ അതിശക്തമായ സംവിധാന ത്തിന്റെ കെട്ടുറപ്പു തന്നെയാണ് ഒരു പരിധി വരെ കേരളത്തിലും നമ്മുടെ സമൂഹത്തിലും വിശ്വാസസമൂഹത്തിന്റെ വളര്‍ച്ചയ്ക്കു കാരണമായിട്ടുള്ളത്. സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും സാംസ്‌കാരികപരമായും വിശ്വാസസമൂഹത്തെ വളര്‍ത്തിയതില്‍ ഈ കെട്ടുറപ്പിന് അനതി സാധാരണമായ പങ്കുണ്ട്. വി ശ്വാസകുടുംബങ്ങളിലെ മുതിര്‍ന്ന വരെയും ദമ്പതികളെയും യുവാക്കളെയും കുട്ടികളെയും സഭയെന്ന ശക്തമായ സംവിധാനത്തില്‍, ഇട വകപള്ളിയോട് ചേര്‍ത്തു നിര്‍ത്തുന്നതു തന്നെയാണ്, ആ കെട്ടുറപ്പി ന്റെ ഗുണം. ആ കെട്ടുറപ്പിന്റെ വേരുകളാണ്, നാമറിയാതെ പിഴുതെറിയപ്പെട്ടുകൊണ്ടിരിക്കുന്നത്. ലോ കത്താകമാനവും പ്രത്യേകിച്ച് നമ്മുടെ സമൂഹത്തിലും കടന്നു കൂടിയിരിക്കുന്ന ആത്മീയ ആലസ്യവും നിസ്സംഗതയും വിട്ടൊഴിഞ്ഞ് പുതിയ ആത്മീയ കാഴ്ചപ്പാടോടു കൂടി, നേരിടുന്ന പ്രതിസന്ധി യെ തരണം ചെയ്യാനും ഒപ്പം പുതുതലമുറയെ വിശ്വാസവളര്‍ച്ചയില്‍ പ്രോത്സാഹിപ്പിക്കാനും നമുക്ക് സാധിക്കുമ്പോഴാണ് ഈ പ്രശ്‌നത്തെ വിജയകരമായി തരണം ചെയ്യാന്‍ സാധിക്കുക. സഭാമക്കളെ, ഇടവകയോടും വിശ്വാസത്തോടും ചേര്‍ത്തു നിര്‍ത്തുന്ന, അവരിലേയ്ക്ക് ആത്മീയോര്‍ജ്ജം പകരുന്ന ഗണമാകാന്‍ വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്മായ നേതൃത്വത്തിനും സാധിക്കണം.

വിശ്വാസപരിശീലനം

കുട്ടികളുടെ വിശ്വാസപരിശീലനത്തിന് അനതിസാധാരണമായ പ്രാമുഖ്യവും പ്രാധാന്യവുമാണ് സീറോ മലബാര്‍ സഭയും ഇടവകയും ഇന്നേവരെ നല്‍കിക്കൊണ്ടിരുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഉണ്ടായ കോവിഡ് വ്യാപനം, കാര്യങ്ങളെ മാറ്റിമറിച്ചു. കഴിഞ്ഞ വര്‍ഷം വരെ നാം പിന്തുടര്‍ന്ന പരമ്പ രാഗത വിശ്വാസപരിശീലന ശൈലിയില്‍, ഈ വര്‍ഷം നമുക്കാരംഭിക്കാന്‍ സാധിച്ചില്ലെന്നത് വസ്തുത യാണ്. സീറോ മലബാര്‍ സഭയിലെ മിക്കവാറും രൂപതകളുടെ മതബോധന കേന്ദ്രത്തില്‍നിന്നും വി ശ്വാസ പരിശീലനത്തിനായി, ഓണ്‍ലൈന്‍ ക്ലാസുകളൊക്കെ ഒരുക്കിയിട്ടുണ്ട്. അത് പ്രശംസിക്ക പ്പെടേണ്ടതു തന്നെ. അതോടൊപ്പം, ഇടവക കേന്ദ്രീകരിച്ച് ബഹുമാനപ്പെട്ട വൈദികരുടെയും വി ശ്വാസപരിശീലകരുടേയും നേതൃത്വത്തില്‍ കുട്ടികളില്‍ പക്വമായ ആത്മീയാഭിമുഖ്യം വളര്‍ത്താന്‍ നമുക്ക് സാധിക്കണം. പ്രത്യേകിച്ച് 10 വയസ്സിനു മുകളിലും 65 വയസ്സിനുമിടയിലുള്ള ആളുകള്‍ക്ക് മാത്രം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളൂയെന്ന കാരണത്താല്‍, പത്തുവയസ്സില്‍ താഴെയുള്ള ഒരു തലമുറ ഇടവക പള്ളിയുമായി നേരിട്ട് ബന്ധമില്ലാത്ത ആശങ്കാജനകമായ സ്ഥിതിവിശേഷം നിലവിലുണ്ട്. വിശ്വാസ പരിശീലന രംഗത്തെ ക്ലാസ്സു തല വാട്ട്‌സാപ്പ് കൂട്ടായ്മകള്‍ തീര്‍ക്കുന്ന ടാസ്‌കുകളുടെ പ്രായോഗികതയ്ക്കപ്പുറത്തു, അവരെ വിശ്വാസപരമായി ചിന്തിപ്പിക്കാനും ആത്മീയ തീക്ഷ്ണതയുളവാക്കാനും വിശ്വാസാഭിമുഖ്യം വളര്‍ത്താനുമുള്ള ആസൂത്രണം വേണ്ടിയിരിക്കുന്നു.

കുടുംബങ്ങള്‍

വിശ്വാസപരിശീലനത്തിന്റെ ഏറ്റവും അടിസ്ഥാന അടിസ്ഥാന ഇ ടങ്ങളാണ് നമ്മുടെ കുടുംബങ്ങള്‍. ക്രൈസ്തവാവബോധം ഉണ്ടാക്കുന്ന കഥകളിലൂടെയും ബൈബിള്‍ ഉപമകളിലൂടെയും ചരിത്രപരമായ സംഭവങ്ങളിലൂടെയും നമ്മുടെ വീടുകളിലെ മുതിര്‍ന്നവര്‍ പരമ്പരാഗതമായി കുട്ടികളിലേക്ക് വിശ്വാസ കൈമാറ്റം നടത്തിയിരുന്നു. അങ്ങനെ ആര്‍ജ്ജിച്ചെടുക്കുന്ന വിശ്വാസമായിരുന്നു, അവന്റെ ക്രൈസ്തവ ജീവിതത്തിന്റെ കാതല്‍. ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം, ചെറിയ പ്രായം മുതല്‍ കത്തോലിക്കാ സഭയുടെ അടിസ്ഥാന വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുന്നതിനുള്ള പ്രേരകഘടകം ഈ കൈമാറ്റമാ യിരുന്നു. അതില്‍നിന്ന് വ്യത്യസ്തമായി ഇടക്കാലത്ത് കുടുംബങ്ങള്‍ വിശ്വാസ പരിശീലനത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞ്, അത് ഇടവകയുടെയും വൈദികരുടെയും മതബോധനാധ്യാപകരുടെ യും തലയില്‍ കെട്ടിവെയ്ക്കാനാ രംഭിച്ചു. ഔപചാരികം മാത്രമായ ഒരു വിശ്വാസ കൈമാറ്റത്തിന്, അ തിനാല്‍ തന്നെ കഴിഞ്ഞ പതിറ്റാണ്ട് സാക്ഷ്യംവഹിച്ചത് നാം കണ്ടതാണ്. അത്തരമൊരു സാഹചര്യം ഒഴിവാക്കുന്നതിനുള്ള അനുകൂല സമയമാണ് ഈ കോവഡ് കാലഘട്ടം. നാം നേരിടുന്ന ബുദ്ധിമുട്ടു കള്‍ക്കിടയിലും വിശ്വാസപരമായും ധാര്‍മികമായും ആത്മീയപര മായുമുള്ള കൈമാറ്റത്തിന് കുടും ബങ്ങളില്‍ അനുകൂല സാഹചര്യമുണ്ട്. അത്, പ്രായോഗികമാക്കാന്‍ നമുക്കു സാധിച്ചാല്‍ ഈ കോവി ഡാനന്തര കാലഘട്ടത്തില്‍, പുതിയ ഒരു ഊര്‍ജ്ജം നമ്മുടെ പുതിയ തലമുറയിലുണ്ടാകുമെന്നുറപ്പാണ്.

കുടുംബകൂട്ടായ്മകള്‍

കത്തോലിക്കാ സഭയുടെ ഏറ്റവും അടിസ്ഥാന ഘടകം എന്നറിയപ്പെടുന്ന ഗാര്‍ഹിക സഭയായ കു ടുംബത്തെ, സഭയുടെ പ്രാദേശിക പതിപ്പുകള്‍ ആയ ഇടവകകളോട് ചേര്‍ത്തു നിര്‍ത്തുന്നതില്‍ കുടും ബ കൂട്ടായ്മകള്‍ക്കുള്ള പങ്ക് വലുതാണ്. ഒരു ഇടവകയിലെ കുടുംബങ്ങള്‍ തമ്മിലുള്ള ഇഴയടുപ്പം, ഇടവകയുടെ പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും ഗുണകരമാകുമെന്നതിന്റെ ഏറ്റവും കൃത്യമായ ഉദാഹരണമായി കുടുംബകൂട്ടായ്മ പ്രവര്‍ത്തനങ്ങളെ നമുക്ക് വിലയിരുത്താം. എന്നാല്‍ കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഉണ്ടായ കോവിഡ് വ്യാപന കാലഘട്ടത്തില്‍, കുടുംബകൂട്ടായ്മകള്‍ കൂടാന്‍ കഴിഞ്ഞിട്ടില്ല എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. നിലവിലെ സാഹചര്യത്തില്‍, കുടുംബ കൂട്ടായ്മകള്‍ എന്നു മുതല്‍ ആരംഭിക്കാനാകുമെന്നതും ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

ടെക്‌നോളജിയുടെ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ഈ കാലഘട്ടത്തില്‍ നേരത്തെ നാം പിന്തുടര്‍ന്നു വന്നിരുന്ന പരമ്പരാഗതമായ കൂടിച്ചേരലുകള്‍ക്കപ്പുറത്ത് വെര്‍ച്ച്വല്‍ കൂടിച്ചേരലുകള്‍ക്കുള്ള സാധ്യത നാം ആലോചിക്കേണ്ടിയിരിക്കുന്നു.

സംഘടനകളും പ്രസ്ഥാനങ്ങളും

കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം കത്തോലിക്കാ സഭയുടെ നെടുംതൂണായി നില കൊള്ളുന്നവയാണ് ഓരോ സംഘടനകളും പ്രസ്ഥാനങ്ങളും. ഓരോ സംഘടനയും പ്രസ്ഥാനവും അവയുടെ കാരിസവും ചിന്താശേഷിയുമസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മ കത്തോലിക്കാസഭയില്‍ പണ്ടുമുതലേ ഉണ്ടുതാനും. ക്രിസ്മസിന് പുല്‍ക്കൂട് മത്സരവും ഓണത്തിന് പൂക്കള മത്സരവും സം ഘടിപ്പിക്കുന്നതിനപ്പുറത്തേയ്ക്ക്, സമൂഹത്തിന്റേയും വിശ്വാസികളു ടെയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്, സാമൂഹ്യചിന്തയോടെ പ്രവര്‍ത്തിക്കാനും വിശ്വാസവളര്‍ച്ച ലക്ഷ്യം വെച്ച് കര്‍മ്മപദ്ധതി ഉണ്ടാക്കുന്നതി നും, കോവിഡാനന്തര കാലത്ത്, നമ്മുടെ സംഘടനകള്‍ നേതൃത്വം നല്‍കേണ്ടിയിരിക്കുന്നു. അങ്ങനെ കൂട്ടുത്തരവാദിത്തത്തോടെ ഇടവകയുടെയും ഫൊറോനകളുടേയും രൂപതകളുടേയും സഭയുടേയും പ്രത്യേക പശ്ചാത്തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ പ്രായോഗികമാക്കാനുള്ള കര്‍മ്മശേഷി നാം പ്രക ടിപ്പിക്കണം.

വൈദിക-സന്യസ്ത-അല്മായ നേതൃത്വം

ഇടക്കാലത്ത് നമ്മുടെ സഭയും ഇടവകകളും സ്ഥാപനവല്‍ക്കരിക്കപ്പെട്ടിട്ടുണ്ടെന്ന ആക്ഷേപം ചില കോണുകളില്‍ നിന്നെങ്കിലുമുയരുന്നുണ്ട്. ഒരുപക്ഷേ, ഒറ്റപ്പെട്ട സംഭവങ്ങളുടെ സാമാന്യവല്‍ക്കരണ മായിരിക്കാം അത്തരമൊരാക്ഷേപ ത്തിനു പിന്നില്‍. കോവിഡാനന്തര കാലഘട്ടം, വലിയൊരു സാധ്യത യാണ് വൈദിക – സന്യസ്തരിലും അല്മായ പ്രേഷിതരിലും അവശേഷിപ്പിക്കുന്നത്. വിശ്വാസികള്‍, ഇട വകയിലേയ്‌ക്കെത്തുന്ന സാധ്യത കുറഞ്ഞു വരുന്ന ഈ പ്രത്യേക സാഹചര്യത്തില്‍ വിശ്വാസികളി ലേയ്ക്കും അവരുടെ ദൈനംദിന പ്രശ്‌നങ്ങളിലേയ്ക്കും ഇറങ്ങി ചെല്ലാനും സാധ്യമായ പരിഹാരങ്ങളേ കാനും നമുക്ക് സാധിക്കണം. കോവിഡാനന്തര കേരളം അഭിമുഖീകരിക്കാനിരിക്കുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി, തകര്‍ക്കാനിരിക്കുന്ന നമ്മുടെ കുടുംബങ്ങളെ, സംരക്ഷിക്കേണ്ട ബാധ്യത യില്‍നിന്നും അവരെ ആത്മവിശ്വാസത്തോടെ ജീവിതത്തിലേയ്ക്ക് കൊണ്ടുവരേണ്ട ഉത്തരവാദിത്വ ത്തില്‍നിന്നും നമുക്ക് ഒഴിഞ്ഞുമാറാകാനാകില്ല. കുടുംബങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളില്‍ കൈത്താ ങ്ങാകാന്‍ നമുക്ക് സാധിക്കുമ്പോഴേ, ക്രിസ്തുവിന്റെ മിഷണറിയെന്ന് നമുക്ക് അവകാശപ്പെടാനാകൂ. അങ്ങനെ ക്രിസ്തുവിന്റെ യഥാര്‍ത്ഥ മിഷണറിയാകാനുള്ള വിളിക്ക് മറുപടി നല്‍കാനുളള സാധ്യത കൂടി, ഈ കോവിഡാനന്തര കാലം വൈദിക-സന്യസ്ത-അല്മായ നേതൃത്വത്തില്‍ അവശേഷിപ്പിക്കു ന്നുണ്ട്.

ഉപവി പ്രവര്‍ത്തനങ്ങള്‍

പൊതുസമൂഹത്തില്‍ സഭയെ അടയാളപ്പെടുത്തുന്നത്, വിവിധ മേഖലകളില്‍ സഭ പൊതുവെയും രൂപതകളും ഇടവകകളും നേരിട്ടു നടത്തിയ ഉപവി പ്രവര്‍ത്തനങ്ങളിലൂടെയാണ്. ഈ കോവിഡു കാല ത്തും, സഭ നേരിട്ടും അല്ലാതെയും അനവധി സാമൂഹ്യക്ഷേമ – ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേ തൃത്വം കൊടുത്തിട്ടുമുണ്ട്. കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന കേരളത്തിലെ എത്രയോ ജാതി മത ഭേദമെന്യേയുള്ള കുടുംബങ്ങള്‍ക്കു സാമ്പത്തിക സഹായമായും സാധന സാമഗ്രികളായും ന മ്മുടെ ഇടവകകള്‍ കൈത്താങ്ങായിട്ടുണ്ട്. ഇപ്പോഴും അത് അനസ്യൂതം തുടര്‍ന്നു കൊണ്ടുമിരിക്കുന്നു. ഇപ്പോള്‍ നാം ചെയ്യുന്ന ഭൂരിഭാഗം ഉപവി പ്രവര്‍ത്തനങ്ങളുടേയും സ്രോതസ്സ്, നമ്മള്‍ തന്നെയാണ്. ദശാംശവും ശതാംശവും ഭണ്ഡാരവരവും സ്‌തോത്രകാഴ്ചയുമൊക്കെ ഈ ഉപവി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയും വേണമെന്ന കാര്യത്തില്‍ മറുവാദമില്ല. എന്നാല്‍, ഇതോടൊപ്പം തന്നെ, അര്‍ഹതയു ള്ളവര്‍ക്ക് സര്‍ക്കാരില്‍നിന്നും മറ്റി തര ഏജന്‍സികളില്‍നിന്നും ലഭ്യമാക്കാവുന്ന സഹായങ്ങള്‍ ലഭ്യമാ ക്കുകയെന്നതും ഇക്കാലത്തെ ഉപവി പ്രവര്‍ത്തനങ്ങളുടെ ഗണത്തില്‍ പ്പെടുത്താം.

കൃഷി; ഒരു പ്രേഷിതരംഗം

ഈ കോവിഡ് കാലഘട്ടത്തില്‍ ഭൂരിഭാഗം കുടുംബങ്ങളും തങ്ങളുടെ വീടിനോടു ചേര്‍ന്ന് അടുക്കള ത്തോട്ടം നിര്‍മ്മിക്കുന്ന തിരക്കിലായിരുന്നു. വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും നേതൃ ത്വത്തില്‍ അവര്‍ക്ക് ആവശ്യമായ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുന്നതിലും അത് നട്ടുപരി പാലിക്കുന്നതിലും വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട് എന്നത് സത്യവുമാണ്. ആ കാര്‍ഷിക മുന്നേറ്റം തുടരാന്‍ കോവിഡാനന്തര കാലഘട്ടത്തില്‍ നമുക്ക് സാധിക്കണം. കേവലം പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുക എന്നതിനപ്പുറത്തേക്ക്, പച്ചക്കറി തോട്ടങ്ങള്‍ ഉണ്ടാക്കുന്നതിന് അവരെ പ്രേരിപ്പിക്കുന്ന പ്രോത്സാഹനങ്ങള്‍ കൂടി സംഘടനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും ഭാഗത്ത് നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു.

ഉപസംഹാരം

ആത്മീയത, കോവിഡാനന്തര കാലത്ത് പുനര്‍ നിര്‍വചിക്കപ്പെടുകയാണ്. ഇന്നേ വരെ നാം കണ്ടു ശീലിച്ച പ്രതിസന്ധികളില്‍നിന്നും വ്യത്യസ്തമായി കുടുംബങ്ങളില്‍ ഉടലെടുത്തിട്ടുള്ള പ്രശ്‌നങ്ങളെ സമചിത്തതയോടെ പഠനവിധേയമാക്കാനും ശാസ്ത്രീയവും വിശ്വാസ്യതയുള്ളതുമായ പ്രവര്‍ത്തനങ്ങളിലൂടെ നേരിടാനും നാം പരിശീലിക്കപ്പെടേണ്ടിയിരിക്കുന്നു. താല്‍ക്കാലികമായ ആശ്വാസത്തിനപ്പുറത്ത്, സ്ഥൈര്യ ഭാവത്തോടെയുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയും പ്രായോഗികമാക്കുകയും വേണം. ആ മാറ്റം നേതൃത്വത്തില്‍ നിന്നു തന്നെയാരംഭിക്കുകയും വേണം.

daisonpanengadan@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org