നൗറു

നൗറു

ഒരു കുഞ്ഞന്‍രാജ്യത്തെ നമുക്ക് പരിചയപ്പെട്ടാലോ…

ഔദ്യോഗിക തലസ്ഥാന നഗരിയില്ലാത്ത ലോകത്തെ ഒരേയൊരു സ്വതന്ത്ര റിപ്പബ്ലിക്കാണു നൗറു. 21 ച. കി.മീ. മാത്രം വിസ്തൃതിയുള്ള ഈ രാജ്യം ലോകത്തെ ഏറ്റവും ചെറിയ സ്വതന്ത്രരാജ്യമാണ്. പതിനായിരത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള നൗറുവിനെക്കാള്‍ കുറവു ജനസംഖ്യ വത്തിക്കാന്‍ സിറ്റിക്കു മാത്രമാണ് അവകാശപ്പെടുവാനുള്ളത്. മൂവായിരം വര്‍ഷം മുമ്പു മൈക്രൊനീഷ്യന്‍ പോളിനീഷ്യന്‍ ജനങ്ങളാണ് ആദ്യമായി നൗറുവില്‍ വാസമുറപ്പിച്ചത്. പരമ്പരാഗതമായി 12 വംശങ്ങള്‍ നൗറുവിലുണ്ട്.

വലിയൊരു ഫോസ്ഫേറ്റ് പാറമാത്രമാണു നൗറു ദ്വീപെന്നു പറയാം.

നൗറുവിലെ 18 അംഗപാര്‍ലമെന്‍റിലേക്കു മൂന്നു വര്‍ഷത്തിലൊരിക്കല്‍ തെരഞ്ഞെടുപ്പു നടക്കുന്നു. അവരില്‍ നിന്നാണു രാഷ്ട്രത്തലവനും സര്‍ക്കാര്‍ തലവനുമായ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നത്. അഞ്ചോ ആറോ മന്ത്രിമാര്‍ ഉള്ളതാണു സര്‍ക്കാര്‍.

രാജ്യത്തെ ജനങ്ങളില്‍ 58% നൗറുവന്‍ വിഭാഗവും മറ്റു ദ്വീപുകാരും 8% വീതം ചൈനക്കാരും യൂറോപ്യന്മാരുമാണ്. ജനങ്ങളില്‍ മൂന്നില്‍ രണ്ടു ഭാഗവും പ്രൊട്ടസ്റ്റന്‍റ് ക്രൈസ്തവരും മൂന്നിലൊന്നു കത്തോലിക്കരുമാണ്. ഉയര്‍ന്ന ജീവിതനിലവാരം നൗറുവിലെ ജനങ്ങളുടെ ശാരീരികാവസ്ഥയെ ബാധിച്ചിട്ടുള്ളതായി പറയുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ വണ്ണമുള്ള ജനങ്ങളുടെ കൂട്ടത്തില്‍ നൗറുക്കാരുമുണ്ട്. 90 ശതമാനം പ്രായപൂര്‍ത്തിയായവരും അമിതഭാരമുള്ളവരാണ്. 40% പേര്‍ക്കു പ്രമേഹവുമുണ്ട്. 58 വയസ്സാണു നൗറുവിലെ പുരുഷന്മാരുടെ ശരാശരി ആയുസ്സ്. സ്ത്രീ കള്‍ക്ക് 65. ഒരു സ്റ്റേഡിയം മാത്രമേ ദ്വീപിലുള്ളു. ക്രിക്കറ്റ്, ഓസ്ട്രലിയന്‍ ഫുട് ബോള്‍, തുഴച്ചില്‍ തുടങ്ങിയവയാണു പ്രധാനകളികള്‍. കടല്‍പക്ഷികളെ ലാസോ എന്ന കയര്‍ക്കെണി ഉപയോഗിച്ചു പിടിക്കലാണു നൗറുക്കാരുടെ പ്രിയവിനോദം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org