പുകവലിക്കാരനും പണ്ഡിതനും

പുകവലിക്കാരനും പണ്ഡിതനും

ഒരു പുകവലിക്കാരന്‍ പുകവലിയെപ്പറ്റി പണ്ഡിതനോടഭിപ്രായം ആരാഞ്ഞു.

പണ്ഡിതന്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. "പുകവലികൊണ്ട് മൂന്ന് ഗുണങ്ങളുണ്ട്. ഒന്നാമതായി പുകവലിക്കാരന്‍റെ വീട്ടില്‍ കള്ളന്‍ കയറില്ല. രണ്ടാമതായി അയാളെ പട്ടി കടിക്കത്തില്ല, മൂന്നാമതായി അയാള്‍ക്ക് വാര്‍ദ്ധക്യം ഉണ്ടാവില്ല.

പുകവലിക്കാരന് വളരെ സന്തോഷമായി. അയാള്‍ മനസ്സാ ആഹ്ലാദിച്ചുകൊണ്ട് അതെങ്ങനെയാണ് എന്ന് വീണ്ടും പണ്ഡിതനോടു ചോദിച്ചു.

ഒന്നു പൊട്ടിച്ചിരിച്ചു കൊണ്ട് പണ്ഡിതന്‍ പറഞ്ഞു. "പുകവലിക്കാരന്‍ സദാ ചുമച്ചുകൊണ്ടിരിക്കുന്നതിനാല്‍ അയാളുടെ വീട്ടില്‍ കള്ളന്‍ കയറില്ല. ആള്‍ ഉണര്‍ന്നു കിടപ്പുണ്ടെന്നറിഞ്ഞാല്‍ കള്ളന്‍ ഉടന്‍ സ്ഥലം വിടും.

പുകവലിക്കാരന് കുറേനാള്‍ കഴിയുമ്പോള്‍ വടിയുടെ സഹായമില്ലാതെ നടക്കാന്‍ പറ്റില്ല എന്ന സ്ഥിതി വരും. അയാള്‍ ഊന്നു വടിയെ ശരണം പ്രാപിക്കും ഊന്നുവടി എപ്പോഴും കൈയ്യിലുള്ളതിനാല്‍ ഒരു നായയും അയാളുടെ അടുത്തുചെല്ലാന്‍ ധൈര്യപ്പെടില്ല.

പുകവലിമൂലം അയാളുടെ ആയുസ്സ് ഗണ്യമായി കുറയും. പ്രായമാകുന്നതിനുമുമ്പ് അയാള്‍ മരണമടയുമെന്നതിനാല്‍ അയാള്‍ക്കു വാര്‍ദ്ധക്യമുണ്ടാവില്ല. പണ്ഡിതന്‍റെ വിശദീകരണം കേട്ടപ്പോള്‍ പുകവലിക്കാരന്‍ വിളറിപ്പോയി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org