പ്രകാശം ചൊരിയുന്ന മനസ്

പ്രകാശം ചൊരിയുന്ന മനസ്

ചെറുകഥ

ജോര്‍ജ് മുരിങ്ങൂര്‍

തടവറയുടെ ഈ ഇരുട്ടുമുറിയില്‍, രാത്രിയുടെ യാമങ്ങളില്‍ ഒറ്റക്കിരിക്കുമ്പോഴൊക്കെയും, നൊമ്പരങ്ങള്‍ വിളഞ്ഞു നില്‍ക്കുന്ന എന്‍റെ ജീവിതത്തിലെ പൂര്‍വകാലസ്മരണകള്‍ എന്‍റെ കണ്‍മുമ്പിലേക്ക് ഓടിയെത്താറുണ്ട്. എന്‍റെ ജീവിതത്തിലെന്നും ഓര്‍മിക്കാന്‍ പ്രേരിപ്പിക്കുന്ന വിധത്തില്‍ പുതിയൊരു അനുഭവം ഈ തടവറയും അതിന്‍റെ അധികാരികളും എനിക്ക് സമ്മാനിച്ചിരിക്കുന്നു.

എന്‍റെ കൂടെ സഹതടവുകാര്‍ രണ്ടു പേരുണ്ട്. ഏറെ നേരം സംസാരിച്ചതിനുശേഷം അവര്‍ ഉറങ്ങുകയാണ്.

കുറ്റവാളികളാണെങ്കിലും കുറ്റബോധമില്ലാത്തവരാണ് അവര്‍. അതുകൊണ്ടായിരിക്കാം അവര്‍ക്കു ഉറങ്ങാന്‍ കഴിയുന്നത്. അല്ലെങ്കില്‍ പശ്ചാത്താപം അവരുടെ ഹൃദയങ്ങളെ വിശുദ്ധീകരിച്ചുവോ? അതിന്‍റെ ആശ്വാസത്തിലാണോ അവര്‍ ഉറങ്ങുന്നത്?

അങ്ങനെയല്ലെങ്കില്‍ അവര്‍ കഠിനഹൃദയരാകാം. എന്തും വരട്ടെ, വരുന്നിടത്തുവച്ചു കാണാം. ആ മനോഭാവമായിരിക്കാം അവരുടെ ശക്തി.

കുറ്റം ചെയ്ത് കുറ്റം ചെയ്ത്, അവസാനം കുറ്റംചെയ്യാതെ ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണോ അവര്‍?

അപരാധങ്ങളൊന്നും ചെയ്യാതെ തടവറയുടെ അകത്തളങ്ങളില്‍ അകപ്പെട്ടുപോയ നിസഹായനായ മനുഷ്യനാണ് ഞാന്‍. എന്‍റെ മനസ്സിന്‍റെ നൊമ്പരങ്ങള്‍ ആരോടു പങ്കുവയ്ക്കും? പിതാവായ ദൈവത്തോടല്ലാതെ മറ്റാരോടും അത് പ ങ്കുവയ്ക്കാനാവില്ല; കാരണം മറ്റാര്‍ക്കും അത് മനസ്സിലാവില്ല.

എന്‍റെ ജീവിതത്തിന്‍റെ പദ്ധതി നിശ്ചയിക്കുന്നതും നയിക്കുന്നതും അവിടുന്നാണല്ലോ. അവിടുത്തെ തിരുഹിതം എന്നുമെപ്പോഴും നിറവേറട്ടെ. ദൈവമായ കര്‍ത്താവ് അറിയാതെ എന്‍റെ ജീവിതത്തില്‍ ഒന്നും സംഭവിക്കുകയില്ല.

ആ ചിന്തകളാണ് എന്നെ നയിക്കുന്നത്. അതുകൊണ്ട് വലിയ സന്തോഷത്തോടുകൂടി ഈ തടവറയുടെ ബന്ധനങ്ങള്‍ സ്വീകരിക്കാന്‍ മനസ്സ് സന്നദ്ധമാണ്.

ഇപ്പോഴെന്നു മാത്രമല്ല, കഴിഞ്ഞുപോയ കാലങ്ങളിലും അങ്ങനെതന്നെയായിരുന്നു. കര്‍ത്താവിന്‍റെ തിരുഹിതം എന്‍റെ ജീവിതത്തില്‍ നിറവേറ്റാന്‍ ആര്‍ത്തിയോടെ കാത്തിരിക്കുന്നവനാണു ഞാന്‍.

എന്‍റെ പതിനേഴാം വയസില്‍, സ്വന്തം സഹോദരന്മാര്‍ എന്നെ ഒറ്റപ്പെടുത്തി പൊട്ടക്കിണറ്റില്‍ എറിഞ്ഞപ്പോഴും ഈ മനസ്സ് പതറിയില്ല. മനസ്സും ശരീരവും വേദനിച്ചുവെങ്കിലും തകര്‍ന്നുപോയില്ല. ആ പ്രായത്തിലും പിതാവായ ദൈവത്തിന്‍റെ സ്നേഹത്തിലും കാരുണ്യത്തിലും അചഞ്ചലമായ വിശ്വാസമുണ്ടായിരുന്നു. പാറപോലെ ഉറച്ച വിശ്വാസം. ആ വിശ്വാസത്തെ ഒന്നിളക്കാന്‍ പോലും ഈ കടുത്ത നൊമ്പരങ്ങള്‍ക്ക് ശക്തിയില്ല. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ എന്‍റെ മനസ്സിനെ കീഴടക്കാന്‍ ഈ നൊമ്പരങ്ങളെ ഞാന്‍ അനുവദിച്ചില്ല.

അതീവ ദുഃഖത്തോടെ ഞാനൊരു കാര്യം ഓര്‍ക്കാറുണ്ട്. ഒരേ രക്തത്തില്‍ പിറന്ന എന്‍റെ സഹോദരങ്ങള്‍ക്ക് എന്തുകൊണ്ടാണ് എന്നോട് ശത്രുത തോന്നുന്നത്? സ്വാര്‍ത്ഥതയും അസൂയയും സ്വന്തം സഹോദരങ്ങളെ അന്ധരാക്കും, സഹോദരനെ തിരിച്ചറിയാന്‍ കഴിയാത്തവിധത്തില്‍.

സ്വപ്നങ്ങള്‍ മൂലം ശത്രുതയുടെ മതിലുകള്‍ പണിതുയര്‍ത്താന്‍ കഴിയുമോ? തീര്‍ച്ചയായും കഴിയും. അതാണല്ലോ സംഭവിച്ചത്! സ്വപ്നത്തില്‍ എന്‍റെ കറ്റ എഴുന്നേറ്റുനിന്നപ്പോള്‍ സഹോദരങ്ങളുടെ കറ്റ എന്‍റെ കറ്റയെ താണുവണങ്ങി. ഈ അല്‍ഭുത സ്വപ്നത്തെപ്പറ്റി ഞാന്‍ എന്‍റെ സഹോദരന്മാരോട് പറഞ്ഞു.
എന്‍റെ സ്വന്തം സഹോദരങ്ങളോടല്ലാതെ മറ്റാരോടാണ് എന്‍റെ സ്വന്തം സ്വപ്നങ്ങളെക്കുറിച്ച് പറയാന്‍ കഴിയുക? അതവരെ ചെറുതാക്കാന്‍ വേണ്ടി പറഞ്ഞതല്ല. എന്‍റെ സഹോദരങ്ങളെ താഴ്ത്തികെട്ടാനും ഞാന്‍ ആഗ്രഹിച്ചില്ല. നിര്‍മലമായ ഹൃദയവികാരങ്ങളോടെയാണ് ഞാനത് പറഞ്ഞത്.

അപ്പന്‍റെ വാര്‍ദ്ധക്യത്തില്‍ പിറന്ന ഇളയമകനാണ് ഞാന്‍. അപ്പന്‍റെ പുന്നാരമോനായതുകൊണ്ട് അദ്ദേഹത്തിന്‍റെ സ്നേഹവാല്‍സല്യങ്ങളെല്ലാം എന്‍റെ മേലാണ് ചൊരിഞ്ഞത്. അതുകൊണ്ടു തന്നെ സഹോദരന്മാര്‍ക്ക് എന്നോട് അസൂയതോന്നി. വെറുപ്പും വിദ്വേഷവും അവരുടെ മനസ്സില്‍ മലപോലെ വളര്‍ന്നുവലുതായി.
സഹോദരന്മാരുടെ വെറുപ്പിന്‍റെ തീവ്രത കൂട്ടാന്‍ എന്‍റെ രണ്ടാമത്തെ സ്വപ്നവും കാരണമായിതീര്‍ന്നു. സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ താണുവണങ്ങുന്ന സ്വപ്നത്തിന്‍റെ സവിശേഷതകള്‍കൂടി പറഞ്ഞു കഴിഞ്ഞപ്പോള്‍, അസൂയയും വെറുപ്പും അവരുടെ മനസ്സിന്‍റെ നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞിരുന്നു.

ആ സന്ദര്‍ഭത്തില്‍ എന്‍റെ പിതാവിനുപോലും കോപമടക്കാന്‍ കഴിഞ്ഞില്ല.

ഈ സ്വപ്നങ്ങളൊക്കെയും അവരുടെ നന്മയ്ക്കും എന്‍റെ ഉയര്‍ച്ചയ്ക്കും കാരണമായിത്തീരുമെന്ന് എന്‍റെ മനസ്സ് എന്നോടു പറയുന്നുണ്ടായിരുന്നു.
എന്നാലിപ്പോള്‍ ഈ തടവറയുടെ ഇടുങ്ങിയ ചുവരുകള്‍ക്കിടയില്‍ ഇരുന്ന് ഇരുണ്ട ഭാവിയിലേക്ക് നോക്കുമ്പോള്‍ പ്രത്യാശിക്കാന്‍ ഒന്നുമില്ല. എനിക്ക് ഈ തടവറ ജീവപര്യന്തമാണോ മരണപര്യന്തമാണോ സമ്മാനിക്കുകയെന്ന് പ്രവചിക്കാനാവുമോ?

എങ്കിലും ഒരു കാര്യം തീര്‍ച്ച. എല്ലാ ദുരവസ്ഥകളില്‍ നിന്നും എന്നെ കാരുണ്യപൂര്‍വ്വം വീണ്ടെടുത്തു രക്ഷിച്ച എന്‍റെ പിതാവായ ദൈവം ഇപ്പോഴും എന്‍റെ കൂടെയുണ്ട്. അവനെന്നെ മറക്കുകയില്ല; കൈവിടുകയുമില്ല. അവിടുന്ന് അനുവദിച്ചതുകൊണ്ടാണ് പൊട്ടക്കിണറ്റിലേക്കു ഞാന്‍ എറിയപ്പെട്ടതും അവിടെ നിന്ന് രക്ഷപ്പെട്ടതും.

സ്വന്തം അനിയനെ വിറ്റുകാശാക്കുന്ന സഹോദരന്മാരെ കുറിച്ച് കേട്ടിട്ടുണ്ടോ? അതും എന്‍റെ ജീവിതത്തില്‍ സംഭവിച്ചു. ഈജിപ്തിലെ അടിമകച്ചവടക്കാര്‍ക്ക് എന്നെ വിറ്റപ്പോള്‍ സഹോദരങ്ങളുടെ കീശ നിറഞ്ഞു. താങ്ങാനാകാത്ത ദുഃഖത്താല്‍ എന്‍റെ ഹൃദയവും നിറഞ്ഞു.

കൂടപ്പിറപ്പുകള്‍ എന്നെ അടിമക്കച്ചവടക്കാര്‍ക്ക് വിറ്റുകളഞ്ഞതിന്‍റെ അനന്തരഫലമാണ് ഞാനീ തടവറയില്‍ കിടന്ന് അനുഭവിക്കുന്നത്. ഹൃദയം പിളര്‍ക്കുന്ന ഈ വേദനയുടെ ആഴവും വ്യാപ്തിയും മനസ്സിലാക്കാന്‍ ആര്‍ക്കു കഴിയും? എന്‍റെ ദൈവത്തിനു മാത്രമേ അതു മനസിലാക്കാന്‍ കഴിയൂ.

എന്നെ വിലകൊടുത്തു വാങ്ങിയത് പൊത്തീഫറാണ്. അവന്‍റെ അടിമയാണ് ഞാന്‍, അവനാണ് എന്‍റെ യജമാനന്‍. കര്‍ത്താവിന്‍റെ കാരുണ്യത്താല്‍, അവന്‍റെ ഭവനത്തിന്‍റെ മുഴുവന്‍ ചുമതലയും അവന്‍ എന്നെ ഏല്പിച്ചിരുന്നു. പൂര്‍ണമായും ഞാനവനോട് വിശ്വസ്തത കാണിച്ചു. എന്‍റെ യജമാനനോട് വിശ്വാസവഞ്ചന കാണിക്കാന്‍ എന്നെക്കൊണ്ടാവില്ല.

പൊത്തീഫറിന്‍റെ മണവറ മലിനമാക്കാന്‍, അദ്ദേഹത്തിന്‍റെ ഭാര്യയുമായി ഞാന്‍ കിടക്കറപങ്കിട്ടിരുന്നുവെങ്കില്‍, ഈ തടവറയുടെ ദുരിതങ്ങളില്‍ അകപ്പെടാതെ സുഖസുന്ദരമായി ജീവിക്കാമായിരുന്നു. പക്ഷെ, എന്‍റെ ശരീരവും മനസും മലിനമാകുമായിരുന്നു. നീചമായി പ്രവര്‍ത്തിച്ച് എന്‍റെ ദൈവത്തിനെതിരെ പാപംചെയ്യാന്‍ എനിക്കെങ്ങനെ സാധിക്കും? അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ കര്‍ത്താവായ ദൈവം അധിവസിക്കുന്ന എന്‍റെ ഹൃദയം ശൂന്യമാകുമായിരുന്നു. ആ ശൂന്യത എന്നെ തകര്‍ത്തുകളയുമായിരുന്നു.

ഫറവോയുടെ കാവല്‍പ്പടയുടെ നായകനായ പൊത്തീഫറിന്‍റെ ഭാര്യ അതീവ സുന്ദരിയാണ്. മാംസദാഹത്താല്‍ പിടയുന്ന അവളുടെ കൈകളില്‍ നിന്ന് ഞാന്‍ രക്ഷപ്പെട്ടത്, കര്‍ത്താവിന്‍റെ കാരുണ്യത്താലാണ്.

ആ ദൈവം ഇപ്പോഴും എപ്പോഴും എന്‍റെ കൂടെയുണ്ട്. അതുകൊണ്ടുതന്നെ ഈ തടവറ എന്നെ തളര്‍ത്തുന്നില്ല; എന്‍റെ പ്രതീക്ഷകളേയും പ്രത്യാശകളേയും തകര്‍ക്കാനുള്ള ശക്തി ഈ തടവറയ്ക്കില്ല. കാമാസക്തിയുടെ കൊടുങ്കാറ്റായി വന്ന പൊത്തീഫറുടെ ഭാര്യയുടെ മുമ്പില്‍ ഞാന്‍ വീണുപോയില്ല. ഈ തടവറയ്ക്കും എന്നെ വീഴ്ത്താനോ തോല്‍പ്പിക്കാനോ ശക്തിയില്ല.

ഈ തടവറയുടെ അന്ധകാരത്തിലും എന്‍റെ മനസ് പ്രകാശിക്കുന്നുണ്ട്. ഇരുട്ടില്‍ പ്രകാശം ഉണ്ടാകട്ടെയെന്ന് കല്പിച്ചരുളിയവന്‍റെ തിരുസാന്നിദ്ധ്യം എന്‍റെ ഹൃദയത്തിലുണ്ട്. അവിടുന്നെന്നെ വഴി നടത്തും. തടവറയുടെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിന്‍റെ സ്വാതന്ത്ര്യത്തിലേക്ക് അവിടുന്നെ നയിക്കും.
നിദ്രാഭാരം എന്നെ ഉറക്കത്തിന്‍റെ തടവറയിലേക്കു തള്ളിവിടാന്‍ ഒരുങ്ങി നില്‍ക്കുകയാണ്.

ഈ രാത്രിയിലും എല്ലാരാത്രികളിലും ശക്തനായവന്‍റെ കരങ്ങളിലാണ് ഞാന്‍ വിശ്രമിക്കുന്നത്.

പകലിന്‍റെ വെളിച്ചം കാണാന്‍ അനുവദിക്കാത്ത ഈ തടവറയ്ക്ക് എന്‍റെ മനസിന്‍റെ പ്രകാശം തല്ലിക്കെടുത്താന്‍ ഒരുനാളും കഴിയുകയില്ല. കാരണം പ്രകാശത്തിന്‍റെ നായകനും നാഥനുമായവന്‍ എന്‍റെ കൂടെയുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org