Latest News
|^| Home -> Suppliments -> Familiya -> മറന്നുപോകുന്ന തീരുമാനങ്ങളും മാറ്റിവയ്ക്കുന്ന തീരുമാനങ്ങളും നമ്മെ തോല്പിക്കുമ്പോൾ…

മറന്നുപോകുന്ന തീരുമാനങ്ങളും മാറ്റിവയ്ക്കുന്ന തീരുമാനങ്ങളും നമ്മെ തോല്പിക്കുമ്പോൾ…

Sathyadeepam

വിപിന്‍ വി. റോള്‍ഡന്‍റ്
മനഃശാസ്ത്രജ്ഞന്‍, പ്രഭാഷകന്‍, പരിശീലകന്‍, ഗ്രന്ഥകാരന്‍
Chief Consultant Psychologist, Sunrise Hospital, Cochin University
& Roldants Behaviour Studio, Cochin

കുടുംബജീവിതബന്ധങ്ങളെ ബലപ്പെടുത്താന്‍,
സ്മാര്‍ട്ടാക്കാന്‍ ഒരു യുവമനഃശാസ്ത്രജ്ഞന്‍റെ കുറിപ്പുകള്‍

അവിനാശ് വളരെ തിരക്കുള്ള ഒരു ബിസിനസ്സുകാരനാണ്. തന്‍റെ സൂപ്പര്‍ മാര്‍ക്കറ്റ് ചെറിയ രീതിയില്‍ തുടങ്ങി വലിയ വളര്‍ച്ചയിലേയ്ക്കെത്തിക്കാന്‍ ബുദ്ധിപരമായ നടപടികളിലൂടെ അവിനാശിന് സാധിച്ചു. വളരെ നേരത്തെ ജോലിക്കു പോകുകയും താമസിച്ചുറങ്ങുകയും ചെയ്യുന്ന പ്രകൃതം. ആകെയുള്ള റിലാക്സേഷന്‍ സിനിമയാണ് അവിനാശിന്. ഒന്നുകില്‍ സെക്കന്‍റ് ഷോ അതുമല്ലെങ്കില്‍ ലാപ്ടോപ്പിലോ മൊബൈലിലോ സിനിമ കണ്ടിരിക്കും ഇദ്ദേഹം. ആരോഗ്യകാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധയില്ലാതെ ബിസിനസ്സ് ടെന്‍ഷനുകളും അതിന്‍റെ പിന്നാലെയുള്ള ഓട്ടപാച്ചിലുകളും ആളുടെ ആരോഗ്യത്തെ ബാധിക്കാന്‍ തുടങ്ങി. നല്ല ആകാരഭംഗിയുണ്ടായിരുന്ന ശരീരം കൊഴുപ്പുനിറയാന്‍ തുടങ്ങി, വയറുചാടി, കാല്‍മുട്ടുകള്‍ക്ക് വേദന, കൊളസ്ട്രോള്‍, ഷുഗര്‍, ഇത്യാദികളെല്ലാം അവിനാശിന് കൂട്ടെത്തി. സൂര്യ തമിഴിലും അമീര്‍ഖാന്‍ ഹിന്ദിയിലുമഭിനയിച്ച ‘ഗജിനി’ എന്ന സിനിമ കണ്ടപ്പോള്‍ സൂര്യയുടെയും അമീര്‍ഖാന്‍റെയുമൊക്കെ ഫിറ്റ് ബോഡി അവിനാശിന്‍റെ കണ്ണിലുടക്കി. ‘അതുപോലൊരു ബോഡി ഷെയ്പിലേക്ക് എന്തുകൊണ്ട് തനിക്കു വന്നുകൂടാ? എന്ന് അവിനാശ് ശക്തമായി ചിന്തിച്ചു. വ്യക്തമായ ഒരു പദ്ധതിയുടെ രൂപരേഖ മനസ്സില്‍ കോറിയിട്ടു. സ്ഥലത്തെ പ്രധാനപ്പെട്ട ജിം ഏതാണെന്ന് അന്വേഷിച്ചു. സമയം തീരുമാനിച്ചു. രാവിലെ 5 മണിക്ക് എണീറ്റു പോകാനായി തീരുമാനിച്ചു. പതിവുപോലെ തലേന്ന് വൈകിക്കിടന്ന അവിനാശ് അലാറം കേട്ട് എഴുന്നേറ്റെങ്കിലും നിദ്രാഭാരം കണ്ണുകളെ അടച്ചു. കട്ടിലില്‍ കിടന്നുകൊണ്ടുതന്നെ ‘ഏതായാലും ഇന്നി നി പോവേണ്ട, വേറൊരു ദിവസം പോകാം’ എന്നു തീരുമാനിച്ച് സുഖസുഷുപ്തിയിലേക്ക് വഴുതി വീണു.

‘ഗജനി’ മുതല്‍ ‘ഗോദ’ വരെ
വേറൊരു ദിവസം പോകണമെന്നു തീരുമാനിച്ചിട്ടുറങ്ങിയ അവിനാശിന് ‘ആ ദിവസം’ ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ ‘ദംഗല്‍’ എന്ന അമീര്‍ ഖാന്‍ പടം തിയറ്ററില്‍ കണ്ടു കൊണ്ടിരിക്കവേ പെട്ടെന്ന് അവിനാശ് സ്തംബ്ധനായി. മൂഡ് ഓഫ് ആയി. “ഈശ്വരാ, സിക്സ് പാക്ക് ബോഡി ഉണ്ടാക്കണമെന്ന് ‘ഗജനി’ കണ്ടപ്പോള്‍ ഞാന്‍ തീരുമാനമെടുത്തിട്ട് എത്ര വര്‍ഷമായി. മറന്നുപോയല്ലോ, ഞാന്‍ എന്‍റെ തീരുമാനം. ശ്ശോ…” ആ സിനിമ മുഴുവനായും ആസ്വദിക്കാന്‍ അവിനാശിനു പറ്റിയില്ല. കുറ്റബോധവും ആത്മവിമര്‍ശനവും മനസ്സിനെ മഥിച്ചു. എന്തുവന്നാലും ചെയ്തിട്ടുതന്നെ കാര്യം എന്നു ചിന്തിച്ച് സിനിമ കഴിഞ്ഞതേ ഒരു ജിം-ല്‍പോയി സംസാരിച്ചു. ഫീസ് അടച്ചു. ആവേശക്കാറ്റണയും മുമ്പ് 2 ദിവസം ജിം-ല്‍ പോയി. ഇതിനിടയ്ക്ക് ഒരു അര്‍ജന്‍റ് ബിസിനസ്സ് ട്രിപ്പ് വന്നു. തിരിച്ചുവന്നു കഴിഞ്ഞപ്പോള്‍ വീണ്ടും തിരക്ക്. ജിം-ല്‍ പോകാന്‍ തീരുമാനിച്ച് തുടങ്ങിയ സമയത്തൊക്കെ വേറെ തിരക്കുകള്‍ കയറി വന്നു. ‘അടുത്ത ആഴ്ച എന്തായാലും പോകണം എന്ന് ഈയാ ഴ്ച തീരുമാനിച്ചുറപ്പിക്കും. പക്ഷേ, എന്തെങ്കിലും ചെറിയ കാര്യങ്ങള്‍ വന്ന് അത് നടക്കാതെ വന്നു. ആഴ്ചകളും മാസങ്ങളും കടന്നുപോയി. ഈയടുത്ത കാലത്ത് ‘ഗോദ‘ എന്ന മലയാള സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ കുറ്റബോധം അവിനാശിനെ വലച്ചു. ‘ഗജനി’, ‘ദംഗല്‍’ സിനിമകള്‍ കണ്ട സമയത്ത് താനെടുത്ത തീരുമാനം നടപ്പിലാക്കാന്‍ പറ്റാത്ത അവസ്ഥയോര്‍ത്ത് അവിനാശ് സ്വയം പരിഹസിച്ചു. “ഒരു ബിസിനസ്സുകാരന്‍ വന്നിരിക്കുന്നു. സ്വന്തമായിട്ട് എടുത്ത തീരുമാനം മറന്നുപോയത്രെ. നാണമില്ലല്ലോ, അവിനാശേ നിനക്ക്.” താന്‍ ഒരു പരാജയമാണെന്ന് അവിനാശിനു തോന്നി.

‘നല്ല സമയം’ സമയം കളയുമ്പോള്‍
അവിനാശിന്‍റെ അനുഭവം സ്വന്തം അനുഭവം പോലെ തോന്നിയവരുണ്ടാകും. തീരുമാനങ്ങള്‍ എടുക്കാത്തതല്ല നമ്മുടെ പ്രശ്നം. എടുത്ത തീരുമാനങ്ങള്‍ സമയത്ത് നടപ്പിലാക്കാത്തതാണ്.

‘അയ്യോ ഞാന്‍ വിട്ടുപോയി’
ഭാര്യാഭര്‍ത്താക്കന്മാരുടെ ഇടയിലുള്ള ബന്ധത്തിന്‍റെ തീവ്രത ഇത്തരം ഒരു സ്വഭാവരീതി പുലര്‍ത്തുന്നവരുടെ ഇടയില്‍ കുറയും. ‘ചേട്ടന്‍ വലിയ വലിയ ഐഡിയാസ് ഒക്കെ പറയും, ഇപ്പം ശരിയാക്കാമെന്നു പറയും. പക്ഷേ, ചെയ്യില്ല. ചോദിച്ചാല്‍ “ഓ, അതു ഞാന്‍ വിട്ടുപോയി. നമുക്കു ചെയ്യാം. പിന്നെന്താ” എന്നൊക്കെ പറയും. ഓരോ തവണയും കെഎസ്ഇബി ഫ്യൂസ് ഊരിയതിനു ശേഷമേ, പെന്നാല്‍റ്റി അടക്കമുള്ള ഇലക്ട്രിസ്റ്റി ബില്‍ അടയ്ക്കൂ. അടുത്തതവണ ഇങ്ങനെ വരില്ല എന്നു തീരുമാനിക്കും. സമയമാകുമ്പോള്‍ മറക്കും. എല്ലാ കാര്യത്തിലും ഇങ്ങനെതന്നെ.

സംഗതി നിസ്സാരമല്ല
സ്വയമെടുത്ത തീരുമാനപ്രകാരം പ്ലാന്‍ അനുസരിച്ച് സമയത്തു കാര്യങ്ങള്‍ ചെയ്യാത്തതുമൂലം കടബാധ്യതകള്‍ പെരുകിയവര്‍, പരീക്ഷകളില്‍ പരാജയപ്പെട്ടവര്‍, ബന്ധം ഉലഞ്ഞവര്‍, ആരോഗ്യം ക്ഷയിച്ചവര്‍, പണയംവച്ച കെട്ടുതാലി അടക്കമുള്ള ഉരുപ്പടികള്‍ പോയവര്‍, ജീവിതത്തില്‍ പുരോഗതി ഉണ്ടാകാത്തവര്‍ അനവധി. ഹെല്‍മെറ്റ്/സീറ്റ്ബെല്‍റ്റ് ധരിക്കണം എന്ന് തീരുമാനം എടുക്കുകയും അതു ചെയ്യാന്‍ മറന്നുപോവുകയും ചെയ്തിട്ട് മരണപ്പെട്ടവര്‍ എത്രയധികം. അത്ര നിസ്സാരമല്ല ഈ വിഷയം.

ശങ്കരന്‍ കോക്കനറ്റ് ട്രീയില്‍ തന്നെ.
നമ്മുടെ ജീവിതത്തിന് ആവശ്യമുള്ള കാര്യങ്ങളാണ് നാം തീരുമാനമായി എടുക്കുന്നത്. അത് മനസ്സിലും, കുത്തിക്കുറിച്ചുവച്ച പേപ്പറിലോ ഡയറിയിലോ ഇരുന്നതുകൊണ്ട് നടപ്പിലാകില്ല. തീരുമാനങ്ങള്‍ എഴുതിവച്ച പേപ്പറും ബുക്കും ഡയറിയുമൊക്കെ ‘എവിടെയോ ഞാന്‍ വച്ചല്ലോ, ഇപ്പോള്‍ അത് കാണുന്നില്ലല്ലോ എന്നു പറഞ്ഞ് അത് തപ്പിയെടുക്കാന്‍ സമയം കളയുന്നവരുമുണ്ട്. ജീവിതം മെച്ചപ്പെടുത്താനും വ്യക്തിബന്ധങ്ങള്‍ ആഴപ്പെടുത്താനും തീരുമാനങ്ങള്‍ ആളുകള്‍ എടുക്കുന്നുണ്ടെങ്കിലും, തീരുമാനമെടുത്ത ആ സമയം പിന്നിട്ട് മുന്നോട്ടു പോകുമ്പോള്‍, മറ്റു പല കാര്യങ്ങളും നമ്മുടെ ജീവിതത്തിലൂടെ കയറിയിറങ്ങി പോകുമ്പോള്‍, വഴിയിലെവിടെയോ നമ്മള്‍ തീവ്രമായിത്തന്നെ ചിന്തിച്ചുറപ്പിച്ച കാര്യങ്ങള്‍ നഷ്ടപ്പെടുന്നു. Mr. Sankaran still on the top of the coconut tree.

Confusion തീര്‍ക്കണമേ.
‘നാളെ നാളെ നീളെ നീളെ’ ശീലത്തിന്‍റെ ഊരാക്കുടുക്കില്‍ ശ്രദ്ധാവ്യതിയാനത്തിന്‍റെയും ഉത്ക്കണ്ഠനിറഞ്ഞ വ്യക്തിത്വത്തിന്‍റെയും മടിനിറഞ്ഞ ജീവിതചര്യയുടെയും side effect കൂടിയാണ് എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ പറ്റാത്ത അവസ്ഥ. Adult ADHD or Adult ADD (Attention Deficit Disorder) ഉള്ള ആളുകള്‍ക്ക് ആശയങ്ങള്‍ കൂടുതായിരിക്കും തലയില്‍, പക്ഷേ, നടപ്പിലാകുന്നത് സ്വപ്നങ്ങളില്‍ മാത്രം. ഒരേ കാര്യത്തെക്കുറിച്ച് നൂറിലധികം തവണ തീരുമാനമെടുത്തിട്ടും ഒന്നുപോലും നടപ്പിലാക്കാന്‍ പറ്റാത്തവരില്‍ മേല്‍പ്പറഞ്ഞ ശ്രദ്ധാ വ്യതിയാനമാകാം വില്ലനായി വരിക. എപ്പോഴും confusion നിറഞ്ഞ മനസ്സാണിവരുടേത്. ‘അത് ചെയ്യണോ, ഇത് ചെയ്യണോ’ എന്ന തര്‍ക്കം മനസ്സില്‍ നില്‍ക്കുമ്പോള്‍ തീരുമാനത്തിലെത്താന്‍ പറ്റാതെ ഒന്നും ചെയ്യാതെ കിടന്നുറങ്ങിപ്പോകുന്ന മടി സ്വഭാവത്തിലേക്കും, ‘മടിയന്‍ മലചുമക്കും’ അവസ്ഥയിലേക്കും ഇവരുടെ ജീവിതം ചെന്നെത്തുമ്പോള്‍ വ്യക്തിജീവിതത്തിലും ജോലിയിലും, കുടുംബജീവിതത്തിലുമെല്ലാം പല്ലുകടിയും അസ്വസ്ഥതയും കുറവുകളും നിറയും.

വേണം ബിഹേവിയര്‍ മേയ്ക്ക്ഓവര്‍
നടപ്പിലാക്കാത്ത തീരുമാനങ്ങള്‍ എടുക്കാച്ചരക്കിനു തുല്യമാണ്. വാങ്ങിച്ചുവച്ചെങ്കിലും വായിക്കാത്ത പുസ്തകം പോലെതന്നെ. മറവിയും മാറ്റിവയ്ക്കലും നിങ്ങളുടെ സ്വഭാവത്തിലുണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കാനും മറികടക്കാനുമുള്ള മോണിറ്ററിംഗ് സംവിധാനങ്ങളും വേണം. ‘നാളെ’ എന്നത് ഉണ്ടെങ്കിലും ഉറപ്പില്ലാത്ത മിഥ്യയാണ്. ‘ഇന്ന്’ എന്നത് മാത്രമേ നമ്മുടെ കയ്യിലുള്ളൂ. അതുകൊണ്ട് ഇന്നെടുക്കുന്ന ചുവടുകള്‍ ‘നാളെ’ എന്നു പറയുന്ന ഭാവിയില്‍ ഗുണം ചെയ്യും. തീരുമാനങ്ങള്‍ നടപ്പില്‍ വരുത്താന്‍ അമാന്തം വരുത്തുന്നവര്‍ phsychological block മനഃശാസ്ത്രജ്ഞന്‍റെ സഹായത്തോടെ ‘Behaviour Makeover’ നടത്തി മാറ്റിയെടുക്കണം. നമ്മുടെ habit അഥവാ ശീലങ്ങളിലും മനഃശാസ്ത്ര പരിശീലനം വഴി മാറ്റമുണ്ടാക്കാന്‍ പറ്റും. നിങ്ങള്‍ ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ നിരന്തരം ചോദിക്കാനും, അത് നടപ്പിലാക്കാന്‍ പ്രചോദിപ്പിക്കാനായിട്ടും നിങ്ങള്‍ക്കു തന്നെ ചില Mentors അഥവാ മാര്‍ഗ്ഗദര്‍ശികളെയും കണ്ടെത്താം. ചിന്തകളെ പ്രവൃത്തിപഥത്തിലേയ്ക്കെത്തിക്കാനായാല്‍ നിങ്ങള്‍ വിജയിച്ചു. നാളെയില്ല എന്ന് ചിന്തിക്കൂ… ഇന്ന് തുടങ്ങൂ… വിജയാശംസകള്‍.

എടുത്ത തീരുമാനങ്ങള്‍ മറന്നുപോകാതെയും
മാറ്റിവയ്ക്കാതെയും നടപ്പിലാക്കാന്‍ ചില മനഃശാസ്ത്രശീലങ്ങള്‍:

1) Say ‘NO’ to മാറ്റിവയ്ക്കല്‍: വ്യക്തിത്വത്തില്‍ ഇത്തിള്‍ക്കണ്ണിപോലെ പിടിച്ചു കിടക്കുന്ന മാറ്റിവയ്ക്കല്‍ ശീലത്തോട് ‘NO’ പറയുക. ഇതുവരെ നാം കണ്ണടച്ചുവിട്ടെങ്കില്‍ അത് മൗനസമ്മതമായിരുന്നു, മാറ്റിവയ്ക്കാന്‍ എന്നു മനസ്സിലാക്കുക.

2) എന്ന്, എപ്പോള്‍, എങ്ങനെ?: ഏത് തീരുമാനം എടുത്താലും അത് വെറുതെ മനസ്സില്‍ മാത്രം കുറിക്കരുത്. മറന്നുപോകും, പുതിയ കാര്യങ്ങള്‍ വരുമ്പോള്‍. പകരം എന്ന്, എപ്പോള്‍, എങ്ങനെയാണ് അത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് രേഖപ്പെടുത്തണം.

3) കണ്ണുകാണട്ടെ തീരുമാനങ്ങള്‍: ബുക്കിലോ ഡയറിയിലോ മാത്രം തീരുമാനങ്ങള്‍ രേഖപ്പെടുത്തിയാല്‍പ്പോരാ. നാം നിരന്തരം കാണാവുന്ന തരത്തില്‍ ബെഡ്റൂമിലോ, സ്വന്തം ബാത്ത്റൂമിലോ, ഓഫീസിലെ ടേബിളിലോ, മുഖം നോക്കുന്ന കണ്ണാടിയുടെ അടുത്തോ നിങ്ങള്‍ക്കു മനസ്സിലാകുന്ന രീതിയില്‍ ഓര്‍മ്മപ്പെടുത്തലായി, ഒരു പേപ്പറില്‍ ഒട്ടിച്ചുവയ്ക്കണം.

4) വിലയിരുത്താം… ടിക് മാര്‍ക്ക്  ഇടാം: നടപ്പിലാക്കാന്‍ ആരംഭിച്ച കാര്യങ്ങള്‍ വിലയിരുത്താം. ചെയ്തു തുടങ്ങിയവ ടിക്  മാര്‍ക്ക് ചെയ്യാം. അപ്പോള്‍ ആത്മവിശ്വാസം ഇരട്ടിക്കും.

5) Buddy യെ പിടിക്കാം, വീഴാതെ നില്‍ക്കാന്‍: നാം ചെയ്യണമെന്നാഗ്രഹിക്കുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തിയത് നിങ്ങളുടെ ഒരു അടുത്ത സുഹൃത്ത് or Buddy യെക്കൂടി അറിയിക്കുക. ഇടയ്ക്കിടെ കാര്യങ്ങള്‍ എന്തായി എന്ന് ചോദിക്കാന്‍  Buddy തയ്യാറായാല്‍ നമ്മുടെ സ്പീഡു കൂടും.

6) അഭിനന്ദിക്കാം ആഘോഷിക്കാം: നടപ്പില്‍ വരുത്തിയ കാര്യങ്ങള്‍ക്ക് സ്വയം അഭിനന്ദിക്കാം. ‘എന്നെക്കൊണ്ടിത് സാധിച്ചു’ എന്ന feel നമുക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരണയാകും.

7) വീഴ്ചകളില്‍ പതറരുത്, ശൈലിമാറ്റാം : മേല്‍പറഞ്ഞതുപോലെ കാര്യങ്ങള്‍ വീണ്ടും നടക്കുന്നില്ലെങ്കില്‍ ഉടനടി ഒരു മനഃശാസ്ത്രജ്ഞനെ consult ചെയ്ത്, മനഃശാസ്ത്രസഹായത്തോടെ സ്വഭാവശൈലി മാറ്റി മുന്നോട്ടു കുതിക്കുക. All is well.

Mob: 9744075722
[email protected]

 

Leave a Comment

*
*