Latest News
|^| Home -> Suppliments -> Familiya -> മഹാന്മാരും മഹതികളും

മഹാന്മാരും മഹതികളും

Sathyadeepam

മാതൃപാഠങ്ങള്‍

ഷൈനി ടോമി

മക്കളുടെ സ്വഭാവരൂപീകരണത്തില്‍ മാതാപിതാക്കള്‍
എടുക്കേണ്ട നിലപാടുകളെക്കുറിച്ചും കരുതലിനെക്കുറിച്ചും
ഒരമ്മയുടെ ജീവിതകാഴ്ചകളുടെ പംക്തി….

മനുഷ്യന്‍റെ മഹത്ത്വം നിശ്ചയിക്കുന്ന മാനദണ്ഡം എന്താണ്? വിദ്യാഭ്യാസമാണോ? വസ്ത്രധാരണമാണോ? അതോ പ്രശസ്തിയും പദവിയുമാണോ? ഇതൊന്നും ഇല്ലാത്തവരിലും മഹത്ത്വം ജ്വലിക്കുന്നതു കണ്ടിട്ടുണ്ട്.
എല്ലാവരും മഹത്ത്വപ്പെടാന്‍ ആഗ്രഹിക്കുന്നുണ്ട്. പുകഴ്ത്തലുകള്‍ ഇഷ്ടപ്പെടുന്നതും ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നതും അതുകൊണ്ടല്ലേ? കലാ-കായിക മത്സരങ്ങളുടെ മാത്രം കാര്യമല്ല ഇത്. കുറച്ചുപേര്‍ വട്ടംകൂടിയിരുന്നു സംസാരിക്കുമ്പോള്‍പോലും മേല്‍ക്കൈ കിട്ടാന്‍ ചിലരൊക്കെ സര്‍വ ശക്തിയുമുപയോഗിച്ച്  ഉച്ചത്തില്‍ സംസാരിക്കാറുണ്ട്. കൂട്ടത്തിലൊരാള്‍ കൂടുതല്‍ കയ്യടി നേടിയാല്‍ അവനെ ഇളിഭ്യനാക്കാനുള്ള പഴുതു തേടുന്നതും പാര വയ്ക്കുന്നതും തമാശയ്ക്കാണെന്നു പറയുമെങ്കിലും ചൂഴ്ന്നു നോക്കിയാല്‍ മത്സരംതന്നെയാണെന്നു സമ്മതിക്കേണ്ടി വരും.
മക്കളെ സ്കൂളില്‍ അയയ്ക്കുന്നത് എന്തിനാണ്? മഹാന്മാരും മഹതികളും ആക്കിത്തീര്‍ക്കാനല്ലേ? ഓരോ കുടുംബവും മക്കളുടെ വിദ്യാഭ്യാസത്തിനായി എത്ര ലക്ഷങ്ങളാണു ചെലവാക്കുന്നത്! ലോകമറിയുന്ന ഡോക്ടറും എന്‍ജിനീയറും വക്കീലുമൊക്കെയായി നമ്മുടെകൂടി മഹത്ത്വം വര്‍ദ്ധിപ്പിച്ചെടുക്കണം എന്നാണ് ഓരോ മാതാപിതാക്കളുടെയും ആശ. എന്നിട്ടോ?
എല്ലാം അറിയുന്നവരും എല്ലാത്തിലും പ്രാഗത്ഭ്യമുള്ളവരും ഏറ്റവും വലിയ ശരിയുമാണ് ഞാന്‍ എന്ന ബോധത്തിലേക്കു മക്കളെ നയിക്കുന്നതും മൂഢതയാണ്. പ്രായാനുസൃതമായി ജ്ഞാനം ഉണ്ടായിരിക്കുകയും വേണം. നമുക്കു മനസ്സിലാകാത്ത കാര്യങ്ങള്‍ ഒരുപാടുണ്ടാകും. ചുറ്റിലും എന്നും ആര്‍ക്കും പൂര്‍ണമായ അറിവ് ഉണ്ടാക്കിയെടുക്കാനുള്ള ആയുസ്സില്ലെന്നു മാതാപിതാക്കളാണ് ആദ്യം ഓര്‍മിക്കേണ്ടത്. അറിവിന്‍റെ അപാരതയും ജ്ഞാനസമ്പാദനത്തിനുള്ള സാദ്ധ്യതയും കുട്ടിക്കു തുറന്നുകിട്ടാനുള്ള വഴിയാണത്.
സദ്ദാം ഹുസ്സൈന്‍ ഇറാക്ക് ഭരിക്കുന്ന കാലത്ത് ഇറാക്കില്‍ ചെന്നിറങ്ങിയാല്‍ നമ്മെ സ്വാഗതം ചെയ്യുന്നതു സദ്ദാമിന്‍റെ വിവിധ പോസുകളിലുള്ള കൂറ്റന്‍ പ്രതിമകളും ഡിജിറ്റല്‍ ചിത്രങ്ങളുമായിരുന്നു സ്വയം മഹാനായി അവരോധിച്ചിട്ടും തന്‍റെ മഹിമയ്ക്കായി രാജ്യത്തിന്‍റെ സൈന്യത്തെയും സമ്പത്തിനെയും ഉപയോഗിച്ചുകൊണ്ടേ ഇരുന്നിട്ടും മരിക്കുമ്പോള്‍ അയാള്‍ നിസ്സഹായനും നിരാലംബനുമായിരുന്നു. അയാള്‍ ഉണ്ടെന്നു കരുതിയ മഹിമ യഥാര്‍ത്ഥത്തില്‍ ഇല്ലായിരുന്നു.
സ്കൂളില്‍ പോകാനുള്ള അവകാശത്തിനായി ശബ്ദിച്ച മലാല എന്ന പെണ്‍കുട്ടിയെ നിശ്ശബ്ദയാക്കാന്‍, തങ്ങള്‍ മാത്രമാണു ശരിയെന്നു സ്ഥാപിച്ചെടുക്കാന്‍ അമേരിക്കയെപ്പോലും ബോംബ്വച്ചു പേടിപ്പിച്ച താലിബാന്‍റെ വെടിയുണ്ടകള്‍ക്കു കഴിയാത്തത് എന്തുകൊണ്ടാണ്? മുല കുടിക്കുന്ന കുഞ്ഞുങ്ങളുടെ അധരങ്ങളെ ശക്തിപ്പെടുത്തുന്നതാരാണ്?
2017 ജനുവരി 17. ബീഹാറിലെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ 12 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പലും മൂന്ന് അദ്ധ്യാപകരും ചേര്‍ന്നു ബലാത്സംഗം ചെയ്തു. അതേ സ്കൂളിലെ അദ്ധ്യാപികയായ അമ്മയാണു കുട്ടിയെ കണ്ടെത്തിയത്. ടോംസ് കോളജ്, ജിഷ്ണുവിന്‍റെ ആത്മഹത്യ, ലോ അക്കാദമി, ലക്ഷ്മി നായര്‍ എന്ന പ്രിന്‍സിപ്പലിന്‍റെ അധാര്‍മികത കഴിഞ്ഞ ഒരു മാസത്തെ വിദ്യാഭ്യാസ രംഗത്തെ വാര്‍ത്തകളാണിവ.
അകക്കണ്ണു തുറപ്പിക്കേണ്ട ആശാന്മാര്‍ക്കെന്താണു സംഭവിക്കുന്നത്? അന്ധമായിപ്പോയ ആശാന്മാര്‍ക്കു കുട്ടികളുടെ അന്ധത നീക്കാനോ നേര്‍വഴി കാട്ടാനോ സാധിക്കുമോ? ഓരോ കുഞ്ഞും ഭൂമിയിലേക്കു വരുന്നത് ഓരോ വാസനയോടെയാകും. ആ വാസന കണ്ടെത്തി അതിനെ സ്ഫുടം ചെയ്തെടുക്കുവാന്‍ കഴിയാത്തിടത്തോളം വിദ്യാഭ്യാസത്തിനുവേണ്ടി ചെലവഴിക്കുന്ന കോടികളും ലക്ഷങ്ങളും പാഴായിപ്പോകുകതന്നെ ചെയ്യും.
ഗാന്ധിജിയുടെ പേരു പറഞ്ഞു സമരം ചെയ്യുന്നവരും നിരാഹാരം കിടക്കുന്നവരും ഗാന്ധിജിയെപ്പോലെ ആകാനാണ്, പക്ഷെ ഗാന്ധിജിയുടെ ആത്മാര്‍ത്ഥതയും സത്യസന്ധതയും ഇല്ലാത്തവരാണ്. സാമൂഹ്യസേവനം ചെയ്യുന്നവരിലെത്ര പേര്‍ക്കു മദര്‍ തെരേസയാകാന്‍ കഴിയുന്നു? ദൈവമഹത്ത്വത്തിനായി ആത്മാര്‍പ്പണം ചെയ്ത മദര്‍ തെരേസയോടു തല്ലിന്‍റെ വലിപ്പത്തിലും വാര്‍ത്ത ലൈവായി നല്കിയ ചാനലുകളുടെ എണ്ണത്തിലും മനസ്സര്‍പ്പിച്ചവരെ താരതമ്യം ചെയ്യാനാകുമോ? സഹായം ചെയ്യുന്നതു വലിയ കാര്യം തന്നെയാണ്. എങ്കിലും സ്വയം മഹത്ത്വപ്പെടാന്‍വേണ്ടിയാകുമ്പോള്‍ എന്നെങ്കിലും നിരാശപ്പെടേണ്ടി വരാതിരിക്കില്ല.
വ്യക്തിയുടെ മഹത്ത്വം വെളിപ്പെടുന്നതു പുരയ്ക്കു മുകളിലൂടെയാണോ അതോ കൂരയ്ക്കു മുകളിലൂടെയാണോ? മദര്‍ തെരേസയെ ശത്രുക്കള്‍ എത്രയാണ് അധിക്ഷേപിച്ചിട്ടുള്ളത്. മദര്‍ അതിനോടു പ്രതികരിച്ചതു പുഞ്ചിരികൊണ്ടാണല്ലോ. തൊഴിച്ച ആളോടു ഗാന്ധിജി പ്രതികരിച്ചതു ക്ഷമിച്ചുകൊണ്ടല്ലേ?
നമ്മുടെ ആരുടെയും ഉള്ളിലെ ജന്മവാസന നമ്മള്‍ സ്വയം ഉണ്ടാക്കിയതല്ല. ഓരോരുത്തരിലും ഒരുപാടു കഴിവുകള്‍ ഒളിഞ്ഞിരിപ്പുണ്ട്. അതില്‍ ചിലതെങ്കിലും അവനവനും ചുറ്റുമുള്ള ചിലര്‍ക്കുമുണ്ടെങ്കിലും സന്തോഷപ്രദമായി നന്മയ്ക്ക് ഉപയോഗിക്കുന്നതല്ലേ മഹത്ത്വം! മഹത്ത്വം വര്‍ദ്ധിക്കുന്നതു മറ്റുള്ളവരെ പിന്തള്ളുന്നതുകൊണ്ടുമല്ല. അവനവന്‍റെ പരിമിതിയെ പരിചയംകൊണ്ടു മറികടക്കുമ്പോഴാണു നിത്യതൊഴില്‍ അഭ്യാസമാകും എന്നു പണ്ടുള്ളവര്‍ പറഞ്ഞിരുന്നതുതന്നെ. പരിശീലനം ഗുരുവിന്‍റെ കീഴിലാകുന്നതു പിഴവുകള്‍ പരമാവധി ഒഴിവാക്കി ചുരുങ്ങിയ സമയത്തില്‍ മഹത്ത്വത്തിന്‍റെ പടികള്‍ കയറിത്തുടങ്ങുവാനാണ്. അവനവനോടുതന്നെ മത്സരിക്കാതെ ഒരാളും മഹാനാകുകയില്ല. അതായതു സ്വാര്‍ത്ഥ താത്പര്യങ്ങളെ തോല്പിക്കുന്നവരാണു മഹാന്മാര്‍.
കുലീനമായ പെരുമാറ്റവും വസ്ത്രധാരണവും ജീവിതരീതിയും പുലര്‍ത്തിയിരുന്ന ഇന്ദിര ടീച്ചറെ നമിക്കുന്നു. ഒരു വലിയ സമ്പന്ന കുടുംബത്തില്‍ ജനിച്ചിട്ടും ദരിദ്രയായി ജീവിക്കേണ്ടി വന്ന അവര്‍ മരണം വരെ ഏകസ്ഥയായി ജീവി ച്ചു. ഹിന്ദി ട്യൂഷന്‍ എടുത്ത് കുടുംബാംഗങ്ങള്‍ക്കുകൂടിയുള്ള ജീവിത ചെലവിനു പണം കണ്ടെത്തി എല്ലാ അപമാനത്തോടും അധിക്ഷേപത്തോടും നിശ്ശബ്ദയുമായിരുന്നു. എന്നിട്ടും അവരുടെ ശരീരത്തോട് ആസക്തി പൂണ്ടവരും അവരുടെ പാരമ്പര്യത്തോട് അസൂയ പൂണ്ടവരും അപവാദം മെനയുകയും പ്രചരിപ്പിക്കുകയും ചെയ്തുകെണ്ടേയിരുന്നു. നിസ്സംഗതയോടെ ഇതെല്ലാം നേരിട്ട്, എന്നെപ്പോലെ ചിലര്‍ക്കെങ്കിലും മാതൃകയായി ജീവിതം നയിച്ച അവര്‍ ഒരു മഹതിയാണെന്നു ഞാന്‍ കരുതുന്നു. കുലീനമായ ലാളിത്യത്തോടെ ജീവിക്കാന്‍ കഴിയുന്നത് ആനന്ദകരമാണ്.
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ മാതാപിതാക്കള്‍ മകനെക്കുറിച്ചും അവന്‍റെ വീരചരമത്തെക്കുറിച്ചും അഭിമാനിക്കുന്നു എന്നു ലോകത്തോടു വിളിച്ചുപറയുന്നതും വിവരക്കേടു പറഞ്ഞ രാഷ്ട്രീയക്കാരോടു പൊറുക്കുന്നതും ജീ വിതത്തിന്‍റെ മഹത്ത്വം എന്താണന്നറിയാവുന്നതുകൊണ്ടാണ്.

ജീവിതവഴിയില്‍ നമുക്കു മനസ്സിലാകാത്ത ഒരുപാടു കാര്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഭൂകമ്പങ്ങളും മേഘവിസ്ഫോടനങ്ങളും, എന്തിന് അവനവനെപ്പോലും പൂര്‍ണമായി മനസ്സിലാക്കാനോ നിയന്ത്രണവിധേയമാക്കാനോ കഴിയാത്ത നമുക്കു ദൈവത്തിനു വിധേയപ്പെടുകയേ വഴിയുള്ളൂ. ശാസ്ത്രം ആറ്റം കണ്ടെത്തി. അതില്‍ ഒരു അണുബോബുകൂടി ഒളിച്ചിരിപ്പുണ്ടായിരുന്നു. ക്ലോണിംഗ് വിജയിച്ചു. ഇപ്പോഴിതാ മനുഷ്യനെ പന്നിയുമായി ക്ലോണ്‍ ചെയ്തിരിക്കുന്നു.
ശത്രുക്കളെയും രക്തദാഹികളെയും നിശ്ശബ്ദരാക്കാന്‍ അവിടുന്നു ശിശുക്കളുടെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളുടെയും അധരങ്ങള്‍കൊണ്ടു സുശക്തമായ കോട്ട കെട്ടട്ടെ! ഭൂമി മഹത്ത്വം ചൂടട്ടെ!
ഇതിനോടു സഹകരിക്കുകയാണ് ഓരോ മാതാവിന്‍റെയും പിതാവിന്‍റെയും അധികാരിയുടെയും ഉത്തരവാദിത്വം. നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടിനെ കുറച്ചുകൂടി മെച്ചപ്പെട്ട ഇടമാക്കുവാനുള്ള ശ്രമമാണ് ഓരോരുത്തരും ചെയ്യേണ്ടതെന്ന ചെറിയ ബോദ്ധ്യത്തിലേക്കു നമ്മുടെ കുഞ്ഞിനെ നയിക്കാന്‍ നമുക്കു കഴിയട്ടെ. പിന്നെ ആ കുഞ്ഞു വളര്‍ന്നു മാഹാനാകുന്നതു സ്വപ്നം കാണാം.

Leave a Comment

*
*