വിവാഹാശീർവ്വാ​ദം അസാധുവാകുന്നതെങ്ങനെ?

ഡോ. ജോസ് ചിറമേല്‍
(പ്രസിഡന്‍റ്, സീറോ-മലബാര്‍ മേജര്‍ ആര്‍ക്കി
എപ്പിസ്കോപ്പല്‍ ട്രിബ്യൂണല്‍)

ചോദ്യം
ഇടവകാംഗങ്ങളായ രണ്ടുപേരുടെ വിവാഹം ഒരു ഹാളില്‍ വച്ച് പുതിയതായി സ്ഥലം മാറി വന്ന വികാരിയച്ചന്‍ ആശീര്‍വ്വദിച്ചു. പിന്നീട് ആ ദമ്പതികള്‍ തമ്മില്‍ വേര്‍പിരിയുകയും തങ്ങളുടെ വിവാഹം അസാധുവായി പ്രഖ്യാപിക്കുന്നതിന് സഭാ കോടതിയെ സമീപിക്കുകയും ചെയ്തു. വിവാഹം അസാധുവായി പ്രഖ്യാപിക്കുന്നതിന് സഭാകോടതി പരിഗണിച്ച കാരണം വിവാഹം ആശീര്‍വ്വദിച്ച വൈദികന് കാനോനികമായ അര്‍പ്പിതാധികാരം (Canonical delegation) ഉണ്ടായിരുന്നില്ല എന്നതാണ്. കാരണം, വിവാഹം ആശീര്‍വ്വദിക്കുന്നതിനായി ഉപയോഗിച്ച ഹാള്‍ മറ്റൊരു ഇടവകയുടെ അതിര്‍ത്തിയില്‍ പെട്ടതായിരുന്നു. ഇടവകാതിര്‍ത്തിക്ക് പുറത്താണ് ഹാള്‍ എന്ന കാര്യം വികാരിയച്ചനോ ദമ്പതിമാരോ മനസ്സിലാക്കിയിരുന്നില്ല. കാനോനികമായ അര്‍പ്പിതാധികാരം ഉണ്ടായിരുന്നില്ല എന്നതിന്‍റെ പേരില്‍ ഈ വിവാഹം അസാധുവായി പ്രഖ്യാപിക്കാമോ?

ഉത്തരം
നിയമാനുസൃതമായി അധികാരം വഹിക്കുന്നിടത്തോളം കാലം സ്ഥലമേലദ്ധ്യക്ഷനും സ്ഥലത്തെ വികാരിക്കും തങ്ങളുടെ അംഗീകാരാതിര്‍ത്തിക്കുള്ളില്‍ ഒരു നിശ്ചിത വിവാഹം ആശീര്‍വ്വദിക്കുന്നതിനുള്ള അര്‍പ്പിതാധികാരം ഏതു സ്വയാധികാര സഭയിലെ വൈദികര്‍ക്കും-ലത്തീന്‍ സഭയിലെ പോലും-നല്കുവാന്‍ കഴിയും (CCEO. c.830; CIC. c.1111). വിവാഹം ആശീര്‍വ്വദിക്കുന്നതിന് ലത്തീന്‍ സഭയില്‍ അധികാരപരിധിയുടെ അതിര്‍ത്തി (Territorial competence) മാത്രമെ പരിഗണിക്കേണ്ടതുള്ളൂ. എന്നാല്‍, പൗരസ്ത്യ കാനോന്‍ നിയമസംഹിതയനുസരിച്ച്, അധികാരപരിധിയുടെ അതിര്‍ത്തികൂടാതെ (Territorial Competence) റീത്തിന്‍റെ അധികാരപരിധി (Ritual Competence) യും കൂടി പരിഗണിക്കണം. അതായത്, വിവാഹം ആശീര്‍വ്വദിക്കുന്ന വൈദികന്‍റെ റീത്തും വധൂവരന്മാരില്‍ ഒരാളുടെ റീത്തും ഒന്നായിരിക്കണം. നേരത്തെ പൗരസ്ത്യ കത്തോലിക്കാ സഭയിലെ മെത്രാനോ വൈദികനോ തങ്ങളുടെ സഭയില്‍ അംഗങ്ങളല്ലാത്ത രണ്ടു പേരുടെ വിവാഹം സാധുവായി ആശീര്‍വ്വദിക്കുവാന്‍ അനുവാദമില്ലായിരുന്നു; അതുപോലെ ലത്തീന്‍ സഭയിലെ മെത്രാനും വൈദികനും പൗരസ്ത്യ സഭയിലെ രണ്ടുപേരുടെ വിവാഹം സാധുവായി ആശീര്‍വ്വദിക്കുവാനും. എന്നാല്‍, 1990-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പൗരസ്ത്യ കാനോന്‍ നിയസംഹിതയനുസരിച്ച്, ലത്തീന്‍ സഭയിലെ വൈദികനും പൗരസ്ത്യ സഭാംഗങ്ങളായ രണ്ടു പേരുടെ വിവാഹം ആശീര്‍വ്വദിക്കാനുള്ള അര്‍പ്പിതാധികാരം(Delegation) നല്കുവാന്‍ തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ സ്ഥലമേലദ്ധ്യക്ഷനോ വികാരിക്കോ അധികാരം ഉണ്ടായിരിക്കും എന്ന് വ്യക്തമാക്കി. ഇതുപോലെ രണ്ടു ലത്തീന്‍ സഭാംഗങ്ങളുടെ വിവാഹം ആശീര്‍വ്വദിക്കുന്നതിന് പൗരസ്ത്യ സഭയിലെ വൈദികന് അനുവാദം നല്കുവാന്‍ തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ ലത്തീന്‍ സഭയിലെ മേലദ്ധ്യക്ഷനും വൈദികനും അധികാരം ഉണ്ടായിരിക്കും.

പൗരസ്ത്യ നിയമവും ലത്തീന്‍ നിയമവും അനുസരിച്ച് മേല്പറഞ്ഞ രണ്ട് അധികാരികള്‍ക്കും (മെത്രാനും ഇടവക വികാരിയും) തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ നടക്കുന്ന വിവാഹങ്ങള്‍ ആശീര്‍വ്വദിക്കുന്നതിന് മറ്റ് വൈദികര്‍ക്ക് അര്‍പ്പിതാധികാരം (Delegation) നല്കുവാന്‍ കഴിയും. ലത്തീന്‍ നിയമം അനുശാസിക്കുന്നതനുസരിച്ച് ഈ അര്‍പ്പിതാധികാരം ലത്തീന്‍ സഭയിലെ ഡീക്കന്മാര്‍ക്കും നല്കുവാന്‍ കഴിയും. ലത്തീന്‍ നിയമമനുസരിച്ച്, സ്ഥലമേലദ്ധ്യക്ഷനോ ഇടവക വികാരിക്കോ അര്‍പ്പിതാധികാരം ഒരു നിശ്ചിത വിവാഹം ആശീര്‍വ്വദിക്കുന്നതിനോ ഒന്നിലധികം വിവാഹങ്ങള്‍ ആശീര്‍വ്വദിക്കുന്നതിനോ നല്കാവുന്നതാണ് (CIC. c. 1111/2).. ഒരു നിശ്ചിത വിവാഹം ആശീര്‍വ്വദിക്കുന്നതിന് അര്‍പ്പിതാധികാരം നല്കുമ്പോള്‍ അതിനെ പ്രത്യേകമായ അര്‍പ്പിതാധികാരമെന്നും (Special delegation) എല്ലാ വിവാഹങ്ങള്‍ക്കുമായാണെങ്കില്‍ അതിനെ പൊതുവായ അര്‍പ്പിതാധികം (General delegation) എന്നും പറയുന്നു. എന്നാല്‍, പൗരസ്ത്യ നിയമമനുസരിച്ച് പ്രത്യേകമായ അര്‍പ്പിതാധികാരം നല്കുവാന്‍ മാത്രമെ വൈദികന് സാധിക്കുകയുള്ളൂ. പൊതുവായ അധികാരം (General faculty) വൈദികര്‍ക്ക് നല്കുവാന്‍ സ്ഥലമേലദ്ധ്യക്ഷനു മാത്രമെ സാധിക്കുകയുള്ളൂ (CCEO. c. 830/2).

വിവാഹം ആശീര്‍വ്വദിക്കുന്നതിനുള്ള അര്‍പ്പിതാധികാരം നിശ്ചിത വൈദികര്‍ക്ക് വ്യക്തമായി നല്കേണ്ടതാണ്. പ്രത്യേക അര്‍പ്പിതാധികാരത്തിന്‍റെ കാര്യത്തിലാണെങ്കില്‍ അത് ഒരു പ്രത്യേക വിവാഹം ആശീര്‍വ്വദിക്കാനാണ് നല്കേണ്ടത്. എന്നാല്‍ ഈ അധികാരം പൊതുവായത് ആണെങ്കില്‍ അത് രേഖാമൂലം നല്കേണ്ടതാണ് (CCEO.c. 830/3).

ഇത്രയും ആമുഖമായി പറഞ്ഞശേഷം ചോദ്യകര്‍ത്താവ് ഉന്നയിച്ചിരിക്കുന്ന സംശയം പരിശോധിക്കാം. വികാരി തന്‍റെ ഇടവകാതിര്‍ത്തി കടന്ന് മറ്റൊരു ഇടവകാതിര്‍ത്തിയിലെ ഒരു പ്രത്യേക ഹാളില്‍ വച്ച് ആ പ്രദേശത്ത് അധികാരമുള്ള ഇടവക വികാരിയുടെ അര്‍പ്പിതാധികാരം ഇല്ലാതെ വിവാഹം നടത്തിയെന്നാണല്ലോ ഉന്നീതമായ പ്രശ്നം.

സഭാനിയമമനുസരിച്ച്, ഏതെങ്കിലും ഒരു വസ്തുതയെയോ നിയമത്തെയോ സംബന്ധിച്ച് പൊതുതെറ്റിദ്ധാരണ (Common error) ഉ ണ്ടാകുമ്പോഴും നിയമത്തെയോ വസ്തുതയെയോ സംബന്ധിച്ച വാസ്തവവും സംഭവ്യവുമായ സംശയം ഉണ്ടാകുമ്പോഴും ഭരണ നിര്‍വ്വഹണാധികാരം (Executive power) ഉപയാഗപ്പെടുത്താവുന്നതാണ് (CCEO. cc. 994, 995; CIC. c. 144). അസാധുവായ പ്രവര്‍ത്തികള്‍ തടയുക എന്നതാണ് ഈ കാനോനയുടെ ഉദ്ദേശ്യം. പൊതു തെറ്റിദ്ധാരണ (Common error)യുടെ കാര്യത്തില്‍ ഇത്തരം ഒരു ആനുകൂല്യം സഭാ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ആത്മാക്കളുടെ രക്ഷയെ കരുതിയാണ്. മേലുദ്ധരിച്ച നിയമമനുസരിച്ച് ഭരണനിര്‍വ്വഹണപരമായ അധികാരം നല്കുന്നതിന് രണ്ടു വ്യവ്യസ്ഥകള്‍ പാലിക്കേണ്ടതുണ്ട്: 1. വസ്തുതയെയോ നിയമത്തെയോ സംബന്ധിച്ച് പൊതു തെറ്റിദ്ധാരണ (Common error) ഉണ്ടായിരിക്കണം. 2. വസ്തുതയെയോ നിയമത്തെയോ സംബന്ധിച്ച് വാസ്തവവും സംഭവ്യവുമായ സംശയം ഉണ്ടായിരിക്കണം.

ഇതില്‍ ആദ്യത്തെ വ്യവസ്ഥയാണ് ചോദ്യ കര്‍ത്താവ് ഉന്നയിച്ചിരിക്കുന്ന സംശയത്തില്‍ പരിഗണിക്കേണ്ടത്. ചോദ്യ കര്‍ത്താവ് സൂചിപ്പിച്ചിരിക്കുന്നതനുസരിച്ച്, വിവാഹം ആശീര്‍വ്വദിക്കുന്നതിന് സന്നിഹിതനായിരുന്ന വൈദികനും വരനും വധുവും മറ്റുള്ളവരും വിശ്വസിച്ചത് വിവാഹം സാധുവായി ആശീര്‍വ്വദിക്കുന്നതിനുള്ള അധികാരം ഈ വൈദികനുണ്ടെന്നാണ്. കാരണം, അദ്ദേഹത്തിന്‍റെ ഇടവകാതിര്‍ത്തിയിലാണ് ഈ ഹാള്‍ എന്നാണ് എല്ലാവരും വിശ്വസിച്ചിരുന്നത്. യഥാര്‍ത്ഥത്തില്‍ അവരെല്ലാവരും ഇക്കാര്യത്തെ സംബന്ധിച്ച് തെറ്റിദ്ധാരണയിലായിരുന്നു. തന്മൂലം, ഈ സംഭവത്തില്‍ പൊതു തെറ്റിദ്ധാരണ (Common error) പ്രകടമാണ്. അതായത്, വസ്തുതയെയോ നിയമത്തെയോ സംബന്ധിച്ച് തെറ്റിദ്ധാരണ മൂലം വിവാഹം ആശീര്‍വ്വദിക്കാന്‍ സന്നിഹിതനായിരുന്ന വൈദികന്‍ അര്‍പ്പിതാധികാരം തേടിയില്ല. ഈ സംഭവത്തില്‍ വിവാഹം അസാധുവാക്കുന്നത് തടയുവാന്‍ സഭാനിയമം ഈ വൈദികന് ഭരണ നിര്‍വ്വഹണാധികാരം നല്കുന്നു. അതുവഴി ആശീര്‍വ്വദിക്കപ്പെട്ട വിവാഹം സാധുവാകുന്നു. തന്മൂലം, വിവാഹം ആശീര്‍വ്വദിച്ച വൈദികന് അര്‍പ്പിതാധികാരം ഇല്ലെന്നതിന്‍റെ പേരില്‍ മാത്രം വിവാഹം അസാധുവാകുന്നില്ലെന്നു ചുരുക്കം. സഭാനിയമമനുസരിച്ച് മേല്പറഞ്ഞ പ്രത്യേക സാഹചര്യത്തില്‍ വിവാഹം സാധുവായി ആശീര്‍വ്വദിക്കുന്നതിന് ആവശ്യമായ ഭരണനിര്‍വ്വഹണാധികാരം നല്കിയിരിക്കുന്നതിനാല്‍ പ്രസ്തുത വിവാഹം കാനോനിക ഡലിഗേഷന്‍റെ അഭാവത്തില്‍ അസാധുവായി പ്രഖ്യാപിക്കാനും സാധിക്കുകയില്ല.

അവസാനമായി, വിവാഹമെന്ന കൂദാശയുടെ പരികര്‍മ്മം സാധരണയായി ദേവാലയത്തിനകത്താണ് നടത്തേണ്ടത്. കാരണം, വളരെ പ്രാധാന്യമുള്ള വിശുദ്ധമായ ഒരു കര്‍മ്മമാണിത്. തന്മൂലം, ഇടവക ദേവാലയമാണ് കൂദാശ പരികര്‍മ്മത്തിനുള്ള അനുയോജ്യമായ സ്ഥലം. സ്ഥലമേലദ്ധ്യക്ഷന്‍റെ അനുവാദത്തോടെ മാത്രമെ ഇതരസ്ഥലങ്ങളില്‍ വച്ച് വിവാഹം നടത്താന്‍ പാടുളളൂ (CCEO. c. 838/1; CIC. c.1118/1).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org