Latest News
|^| Home -> Suppliments -> Familiya -> വിശ്രമം

വിശ്രമം

Sathyadeepam

പാഠം 9 : സ്വാധ്യായ

ഫാ. പീറ്റര്‍ തിരുതനത്തില്‍

ടെന്‍ഷന്‍, സ്ട്രെസ്, തിരക്കോട് തിരക്ക്, ഒന്നിനും നേരമില്ല, ഓടിത്തീരണില്ല – ഈ വാക്കുകള്‍ ചിരപരിചിതവും ഓരോരുത്തരുടെയും അനുഭവവുമാണ്. ഇതു ജീവിതത്തിന്‍റെ താളവും ക്രമവും ഏറെ നഷ്ടപ്പെടുത്തുന്നുണ്ടുതാനും. നിരാശയും രോഗവുമാണു തിരക്കിന്‍റെ ബാക്കിപത്രം.
വിശ്രമം, അദ്ധ്വാനംപോലെയും പരിശ്രമംപോലെയും പ്രധാനംതന്നെ. ശരീരത്തിനും മനസ്സിനും ഒരു പോലെ വിശ്രമം ആവശ്യമാണ്. ആരോഗ്യമാണല്ലോ നമ്മുടെ ധനം. അപായസൂചനകള്‍ കണ്ടുതുടങ്ങുന്നതിനുമുമ്പേ വിശ്രമത്തെ ഗൗരവമായെടുക്കാം.

ചില പരിശീലനങ്ങള്‍ പരിചയപ്പെടുത്തുന്നു.

ശവാസനം
പാദങ്ങളും കൈകളും അകത്തി കണ്ണുകളടച്ചു മലര്‍ന്നു കിടക്കുക.
കൈപ്പത്തികള്‍ മലര്‍ത്തി വിരലുകള്‍ അല്പം മടങ്ങിയിരിക്കത്തക്കവിധത്തില്‍ വയ്ക്കണം.
ശരീരത്തിന്‍റെ സര്‍വപേശികളും വിശ്രമിക്കാന്‍ അനുവദിക്കുക.
ശ്വാസോച്ഛ്വാസങ്ങളുടെ മേല്‍ മനസ്സര്‍പ്പിക്കുക.
ഉദരത്തിന്‍റെ ഉയര്‍ച്ചതാഴ്ചകള്‍ ശ്വാസനിശ്വാസങ്ങളോടൊപ്പം സമന്വയിപ്പിക്കുക.
5 നിമിഷം ഇങ്ങനെ വിശ്രമിക്കുക.
തല മുതല്‍ താഴോട്ടോ പാദം മുതല്‍ മുകളിലോട്ടോ സന്ദര്‍ഭോചിതമായി ഓരോ ശരീരഭാഗങ്ങളെയും വിശ്രമിപ്പിക്കുക.
ശീരത്തിന്‍റെ സര്‍വപേശികളും അവയവങ്ങളും വിശ്രമിക്കട്ടെ.
മനസ്സുകൊണ്ട് ഓരോ ശരീരഭാഗവും കണ്ടു വിശ്രമിപ്പിക്കുകയാണു ചെയ്യുക.
വീണ്ടും ശ്വാസനിശ്വാസങ്ങളില്‍ ശ്രദ്ധിക്കുക.
മനസ്സില്‍ പോസിറ്റീവ് നിര്‍ദ്ദേശങ്ങള്‍ പറയുക. ഉദാഹരണമായി ഞാന്‍ ആരോഗ്യവാനാണ്, ഞാന്‍ സന്തോഷവതിയാണ്, ഞാന്‍ ശാന്തമാണ്, എനിക്കു എന്നെ മനസ്സിലാക്കാം; നന്നായിരിക്കുന്നു തുടങ്ങിയ വാക്കുകള്‍ പ്രചോദനപ്രദമാണ്.
നല്ല ഗ്രന്ഥങ്ങളുടെ പാരായണവും പച്ചപ്പില്‍ നോക്കിനില്ക്കുന്നതും നടക്കുന്നതും നിശ്ശബ്ദതയില്‍ ധ്യാനനിമഗ്നമാകുന്നതും ശ്വാസനിശ്വാസങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുന്നതും ശുദ്ധസംഗീതം കേള്‍ക്കുന്നതും ശരീരാംഗങ്ങളുടെ താളാത്മകമായ ചലനങ്ങളും (body movement therapy) യോഗാ പരിശീലനവും വഴി ശരീരത്തിനും മനസ്സിനും വേണ്ടുന്ന വിശ്രമം നല്കാന്‍ സാധിക്കും.

ഫലങ്ങള്‍:
വിശ്രമം അധികരക്തസമ്മര്‍ദ്ദം കുറയ്ക്കും, ശരീരസുഖം മനഃസമാധാനവും മനസ്സിന് ഉണര്‍വും ശരീരത്തിനു ശക്തിയും ചിന്തകള്‍ക്കു തെളിമയും കൂട്ടുന്നു. ഒത്തിരി ഉള്‍ക്കാഴ്ച ലഭിക്കുന്നു. ഏകാഗ്രത വര്‍ദ്ധിക്കുന്നു.

Leave a Comment

*
*