വെറുതെയിരുന്നാൽ സാധിക്കില്ല

വെറുതെയിരുന്നാൽ സാധിക്കില്ല

"റെക്കോര്‍ഡുകളുടെ ചക്രവര്‍ത്തി" എന്നറിയപ്പെടുന്ന ന്യൂയോര്‍ക്കുകാരനായ അസ്രിത ഫര്‍മാന്‍ സാധാരണക്കാരില്‍ സാധാരണക്കാരനായാണ് 1954-ല്‍ ജനിച്ചത്. ലോകാത്ഭുതങ്ങളുടെ കണക്കുപുസ്തകമായ 'ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ്' പിറന്ന അതേ വര്‍ഷം. ചെറുപ്പത്തില്‍ ഗിന്നസ് ബുക്ക് വായിക്കാനിടയായ അസ്രിത അത്ഭുതസ്തബ്ധനായി. ഓരോ വ്യക്തികള്‍ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചറിഞ്ഞപ്പോള്‍, തനിക്കും അങ്ങനെ കഴിഞ്ഞെങ്കില്‍ എന്നവന്‍ കൊതിച്ചു. പക്ഷേ, വെറുമൊരു സാധാരണക്കാരന്‍ പയ്യനായ തനിക്ക് അതു സാധിക്കുമെന്ന വിദൂരപ്രതീക്ഷപോലും അവനില്ലായിരുന്നു.

പതിനാറാം വയസ്സില്‍ ദൈവേശ്ചികമായി (God Indidence) അസ്രിത ഭാരതീയ തത്ത്വചിന്തയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. വൈകാതെ അദ്ദേഹം സ്വാമി ചിന്മയാനന്ദന്‍റെ ശിഷ്യനായി. ഭാരതീയ തത്ത്വചിന്തയിലെ ആത്മസാക്ഷാത്കാരമെന്ന സങ്കല്പത്തിന്‍റെ വിസ്ഫോടനാത്മകമായ അര്‍ത്ഥതലങ്ങള്‍ അസ്രിത സ്വാംശീകരിച്ചു. അത് അദ്ദേഹത്തെ മാറ്റിമറിച്ചു. അസ്രിത ഉറച്ച തീരുമാനമെടുത്തു.

'I am no more an ordinary person. I will do ordinary things extraordinarily.'

'ഇനി മുതല്‍ ഞാന്‍ വെറുമൊരു സാധാരണക്കാരനല്ല. സാധാരണ കാര്യങ്ങള്‍ അസാധാരണമായി പൂര്‍ത്തിയാക്കും.'

ഗിന്നസ് ബുക്കില്‍ ഇടംതേടി അസ്രിത തന്‍റെ പ്രയാണം ആരംഭിച്ചു. തുടര്‍ച്ചയായി 24 മണിക്കൂര്‍ സൈക്കിള്‍ ചവിട്ടുക എന്ന യജ്ഞമായിരുന്നു അദ്ദേഹം ആദ്യം ഏറ്റെടുത്തത്. യാതൊരു മുന്‍പരിചയവുമില്ലാതിരുന്നുവെങ്കിലും അസ്രിത വിജയശ്രീലാളിതനായി ഗിന്നസ് ബുക്കില്‍ അരങ്ങേറ്റം നടത്തി. തന്‍റെ വിജയരഹസ്യമെന്താണെന്നന്വേഷിച്ചപ്പോള്‍ അസ്രിതയുടെ മറുപടിയിതായിരുന്നു.

'ജയിക്കുക എന്ന ലക്ഷ്യവുമായി സൈക്കിളില്‍ കയറിയപ്പോള്‍ ഞാനല്ല, എന്‍റെ ആത്മചൈതന്യമാണ് എന്നെ നയിച്ചത്.'

'I was led by my inner spirit'

അതു തുടക്കം മാത്രമായിരുന്നു. അസാധാരണമായി നിരവധി യജ്ഞങ്ങളിലൂടെ അസ്രിത ഗിന്നസ് ബുക്കില്‍ തന്‍റെ പേരു രജിസ്റ്റര്‍ ചെയ്തുകൊണ്ടേയിരുന്നു. 25 വര്‍ഷങ്ങള്‍കൊണ്ട് 160 ഗിന്നസ് റെക്കോര്‍ഡുകളാണ് അദ്ദേഹം നേടിയത്. ഇതില്‍ 67 എണ്ണം ഇതേവരെ മറ്റാര്‍ക്കും മറികടക്കാനായിട്ടില്ല. അതു മറ്റൊരു റെക്കോര്‍ഡ്.

'വ്യക്തികളെ കഴിവുള്ളവരും കഴിവില്ലാത്തവരുമെന്നു തിരിക്കുന്നതു വിഡ്ഢിത്തമാണ്. എന്നെ ഒന്നിനും കൊള്ളില്ല' എന്ന ചിന്ത യാഥാര്‍ത്ഥ്യങ്ങളില്‍നിന്നുമുള്ള ഒളിച്ചോട്ടമാണ്. അപ്പോള്‍ പരോക്ഷമായി നിങ്ങള്‍ പറയുന്നത് 'ഒന്നും ചെയ്യാത്ത മരമടിയനാണ് ഞാന്‍' എന്നാണ്.

'When you say, I am good for nothing, you are declaring yourself lazy, indolent, idle and slothful.'

കഴിവുകളില്ലാത്തവരാരുമില്ല. കഴിവുകളെ ഉപയോഗിക്കുന്നവരും ഉപയോഗിക്കാത്തവരും എന്നീ രണ്ടു തരക്കാരെ ലോകത്തിലുള്ളൂ. കഴിവുകളെ വളര്‍ത്തുകയും വിനിയോഗിക്കുകയും ചെയ്യുന്നവര്‍ക്കു വിജയം സുനിശ്ചിതം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org